സ്കോഡയുടെ ബജറ്റ് ഇവി; വരാനിരിക്കുന്ന എപിക്കിന്റെ ഹൈലൈറ്റുകൾ ഇവയൊക്കെ
അടുത്തിടെയാണ് ഒരു കൺസെപ്റ്റ് എന്ന രൂപത്തിൽ എപിക്കിനെ സ്കോഡ ആഗോളതലത്തിൽ അവതരിപ്പിച്ചത്, സ്‌കോഡ തങ്ങളുടെ പുതിയ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ആറ് പുതിയ ഇവികളിൽ ഒന്നാണിത്. ഡെവലപ്മെന്റിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ, എപിക്ക് ഫ്യൂച്ചറിസ്റ്റിക് സ്കോഡ ഇവികളുടെ ഡിസൈൻ ശൈലി പ്രദർശിപ്പിക്കുന്നു.
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ നില മെച്ചപ്പെടുത്താനും, വിഹിതം ഉയർത്താനുമുള്ള ചെക്ക് നിർമ്മാതാക്കളുടെ പുത്തൻ പദ്ധതിയുടെ ഭാഗമാണിത്. കൂടാതെ ഈ ഇവി നൽകുന്ന ഡ്രൈവിംഗ് റേഞ്ചിനേയും ഫീച്ചറുകളെയും കുറിച്ച് ഒരു ചെറിയ ഉൾക്കാഴ്ചയും അല്പ സ്വല്പ വിവരങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ഇവി കൺസെപ്റ്റിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ: സ്കോഡ എപിക്ക് കാർ ബ്രൈന്റിൻ്റെ ആധുനിക സോളിഡ് ഡിസൈൻ ശൈലി വഹിക്കുന്നു, ഇത് വരാനിരിക്കുന്ന മോഡലുകളിലും സ്കോഡ ഉപയോഗിക്കും. വാഹനത്തിന്റെ വളരെ സ്മൂത്ത് മോഡേൺ എലമെന്റുകളെ കരുത്തുറ്റ രൂപങ്ങളുമായി കമ്പനി സംയോജിപ്പിക്കുന്നതായി തോന്നുന്നു. അനുപാതങ്ങളുടെ കാര്യത്തിൽ കുഷാക്കിനോട് സാമ്യമുള്ളതായി തോന്നുന്നുവെങ്കിലും, എപിക്കിന് 4.1 മീറ്റർ നീളമുണ്ട്. സ്കോഡയുടെ സിഗ്നേച്ചർ ഗ്രില്ല് ഡിസൈൻ ഉൾക്കൊള്ളുന്ന അപ്പ്റൈറ്റ് ഫ്രണ്ട് പ്രൊഫൈലോടെയാണ് എപിക്ക് എത്തുന്നത്.
ഇതിന് സ്‌കോഡ ബാഡ്ജ് ഇല്ലെങ്കിലും ഇല്യുമിനേറ്റഡ് ലെറ്ററിംഗ് ലഭിക്കുന്നു. ഈ ഡിസൈനിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം എന്നത് എട്ട് വെർട്ടിക്കൽ സ്ലാറ്റുകൾ ഉൾക്കൊള്ളുന്ന കൂറ്റൻ ബമ്പറും സ്കിഡ് പ്ലേറ്റും ആണ്. ഇതേ ബമ്പർ ഡിസൈൻ ഫ്രണ്ടിലെ പോലെ റിയർ പ്രൊഫൈലിലും കാണാം, കൂടാതെ ഇല്യുമിനേറ്റഡ് സ്‌കോഡ ലോഗോയ്‌ക്ക് ഒപ്പം പിന്നിൽ "T -ആകൃതിയിലുള്ള" ലൈറ്റിംഗ് ഘടകങ്ങളും ലഭിക്കുന്നു.

മിനിമലിസ്റ്റ് ക്യാബിൻ: മിനിമലിസം എന്നത് ഇപ്പോൾ എല്ലാ കാർ നിർമ്മാതാക്കളും പോകുന്ന ദിശയാണ് എന്ന് തോന്നുന്നു, സ്കോഡയും ഈ പാദയിൽ തന്നെയാണ്. എപിക്കിൻ്റെ ക്യാബിന് മിനിമം ഡിസൈൻ ഘടകങ്ങളാണുള്ളത് കൂടാതെ പ്ലെയിൻ എന്നാൽ ഫ്യൂച്ചറിസ്റ്റിക്കുമായ രൂപം വാഗ്ദാനം ചെയ്യുന്നു. ഫ്ലാറ്റ് ഡാഷ്‌ബോർഡുള്ള ഡ്യുവൽ-ടോൺ ക്യാബിനും പുതിയ ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇതിന് ലഭിക്കുന്നു. പ്രായോഗികമായി 490 ലിറ്റർ ബൂട്ട് സ്പേസും വാഹനം വാഗ്ദാനം ചെയ്യുന്നു.
ആധുനിക ഫീച്ചറുകൾ: എപിക്ക് കൺസെപ്റ്റിൻ്റെ ഫീച്ചർ ലിസ്റ്റിൻ്റെ വിശദാംശങ്ങൾ ഇപ്പോൾ കൃത്യമായി ലഭ്യമല്ല. എന്നാൽ ക്യാബിൻ അടിസ്ഥാനമാക്കി, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം ഒരു ഫ്രീ ഫ്ലോട്ടിംഗ് 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം ലഭിക്കും എന്ന പ്രതീക്ഷിക്കാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, പനോരമിക് ഗ്ലാസ് റൂഫ്, വേണ്ടുന്ന വിവരങ്ങൾക്കായി 5.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ ഇതിന് ലഭിക്കുന്നു.

സുരക്ഷയുടെ കാര്യത്തിൽ, വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വാഹനത്തിന് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TMPS), 360 -ഡിഗ്രി ക്യാമറ, കൂടാതെ കുറച്ച് ADAS ഫീച്ചറുകളും ലഭിക്കും എന്ന കാര്യം നിസംശയം പറയാം.
റേഞ്ച് 400 കിലോമീറ്റർ +: ഈ ഇവി കൺസെപ്‌റ്റിൻ്റെ കൃത്യമായ ബാറ്ററി പായ്ക്കും മോട്ടോർ സവിശേഷതകളും സ്‌കോഡ വ്യക്തമാക്കിയിട്ടില്ല, എന്നാൽ 400 കിലോമീറ്ററിലധികം സർട്ടിഫൈഡ് ഡ്രൈവിംഗ് റേഞ്ച് എപിക്കിന് ഉണ്ടാവും എന്ന് നിർമ്മാതാക്കൾ അറിയിച്ചു. ബാറ്ററി പാക്ക് കപ്പാസിറ്റി, മോട്ടോർ പെർഫോമൻസ് എന്നിവയുടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








