സ്‌കോഡയുടെ പുതിയ എസ്‌യുവിക്ക് പേരിട്ടത് മലയാളി! സ്‌കൂട്ടര്‍ മാത്രമുള്ള സിയാദിന് കമ്പനി വക കാര്‍ സമ്മാനം

ഓഗസ്റ്റ് 21-നാണ് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡായ സ്‌കോഡ തങ്ങളുടെ വരാന്‍ പോകുന്ന സബ് കോംപാക്ട് എസ്‌യുവിയുടെ പേര് പ്രഖ്യാപിച്ചത്. 'നെയിം യുവര്‍ സ്‌കോഡ' എന്ന ക്യാമ്പയിനിലൂടെ ഇന്ത്യക്കാരില്‍ നിന്നായിരുന്നു പുതിയ കാറിന്റെ പേര് സ്വീകരിച്ചത്. കാറിന് കിടിലന്‍ പേരുകള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് നിരവധി സര്‍പ്രൈസ് സമ്മാനങ്ങളും സ്‌കോഡ പ്രഖ്യാപിച്ചിരുന്നു. എസ്‌യുവിക്ക് പേര് നിര്‍ദേശിക്കുന്നയാള്‍ക്ക് പുത്തന്‍ കാറിന്റെ ആദ്യത്തെ ഉടമയാകാനുള്ള അസുലഭ അവസരമായിരുന്നു വീണു കിട്ടിയത്. വണ്ടിപ്രാന്തന്‍മാര്‍ ഏറെയുള്ള കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ ഈ മത്സരത്തില്‍ മാറ്റുരയ്ക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. ഇപ്പോള്‍ സ്‌കോഡ എസ്‌യുവിക്ക് പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നതും ഒരു മലയാളിയാണ്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് 'നെയിം യുവര്‍ സ്‌കോഡ' ക്യാമ്പയിനിന് സ്‌കോഡ തുടക്കമിട്ടത്. ഇംഗ്ലീഷ് അക്ഷരമാലയില്‍ കെ-യില്‍ തുടങ്ങി ക്യു-വില്‍ അവസാനിക്കുന്ന പേര് നിര്‍ദേശിക്കാനായിരുന്നു കമ്പനി ആവശ്യപ്പെട്ടിരുന്നത്. അഞ്ച് ഓപ്ഷനുകളും സ്‌കോഡ നല്‍കിയിരുന്നു. ഇതില്‍ 'കൈലാക്' എന്ന പേര് നിര്‍ദേശിച്ച് എസ്‌യുവിയുടെ ആദ്യ ഉടമയാകാന്‍ പോകുന്നത് കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് ആണ്. കാസര്‍ഗോഡ് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ് സിയാദ്.

kerala teacher wins skoda suv naming contest

സ്ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്‌കൃത പദമാണ് കൈലാക് എന്നാണ് വാഹന നിര്‍മാതാക്കളായ സ്‌കോഡ പറയുന്നത്. ക്വിക്ക്, കോസ്മിക്, ക്ലിക്, കയാക്ക് എന്നീ പേരുകളെ പിന്തള്ളിയാണ് കൈലാക് എന്ന പേര് പുതിയ മോഡല്‍ സ്വീകരിച്ചിരിക്കുന്നത്. കുഷാഖ്, കൊഡിയാക് തുടങ്ങിയ എസ്യുവികള്‍ക്ക് സമാനമായ നാമകരണമാണ് കൈലാക്കിലേക്ക് എത്തിച്ചത്.

പേരിടല്‍ മത്സരം ആരംഭിച്ച ഫെബ്രുവരിയില്‍ തന്നെ സിയാദ് പുതിയ വാഹനത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ലഭിച്ച ലിങ്ക് വഴിയാണ് സിയാദ് ഈ മത്സരത്തെക്കുറിച്ച് അറിയുന്നത്. പിന്നീട് ഒട്ടും വൈകാതെ പേര് നിര്‍ദേശിക്കുകയായിരുന്നു. കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു പേര് അന്തിമമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പേര് നിര്‍ദേശിച്ച ശേഷം മത്സരത്തിന്റെ അപ്‌ഡേറ്റുകള്‍ അറിയാന്‍ സ്‌കോഡയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സിയാദ് പിന്തുടരുന്നുണ്ടായിരുന്നു.

kerala teacher wins skoda suv naming contest

വിവിധ ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തോളം എന്‍ട്രികളില്‍ നിന്ന് ആദ്യത്തെ 100 പേരുള്ള ചുരുക്കപ്പട്ടികയില്‍ പേര് വന്നത് തന്നെ വിശ്വസിക്കാനായിരുന്നില്ല എന്ന് 24-കാരന്‍ പറഞ്ഞു. പിന്നീട് 10 പേരുടെ ഷോര്‍ട് ലിസ്റ്റില്‍ തന്റെ പേര് വന്നപ്പോള്‍ വലിയ സന്തോഷമുണ്ടായിരുന്നെങ്കിലും വിജയയിയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും സിയാദ് പറഞ്ഞു.

സ്‌കൂട്ടര്‍ മാത്രം സ്വന്തമായുള്ള മുഹമ്മദ് സിയാദിന് തന്റെ കാര്‍ എന്ന സ്വപ്നമാണ് സ്‌കോഡ സഫലമാക്കിയത്. സമ്മാനമായ കൈലാക് കാര്‍ 2025-ല്‍ ലഭിക്കുമെന്നാണ് സ്‌കോഡ അധികൃതര്‍ സിയാദിനെ അറിയിച്ചിട്ടുള്ളത്. സിയാദിനെ കൂടാതെ പത്ത് പേര്‍ക്ക് പ്രാഗ് സന്ദര്‍ശിക്കാനുള്ള അവസരവും സ്‌കോഡ ഒരുക്കിയിട്ടുണ്ട്. കോട്ടയം സ്വദേശിയായ രാജേഷ് സുധാകരന്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ ഏറെ ജനപ്രിയമായ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലാണ് സ്‌കോഡ കൈലാക് മാറ്റുരക്കാന്‍ പോകുന്നത്. ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടയി വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയടക്കമുള്ള ജനപ്രിയ മോഡലുകളോടാണ് കൈലാക് പടവെട്ടേണ്ടത്. സ്‌കോഡയുടെ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറായിരിക്കും ഇത്. സ്‌കോഡ കുഷാഖ്, സ്ലാവിയ എന്നിവക്ക് അടിവരയിടുന്ന അതേ MQB-M00 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ വാഹനവും പണിയുന്നത്.

കുഷാഖ്, സ്ലാവിയ എന്നിവയ്ക്കൊപ്പം ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും സ്‌കോഡയുടെ പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിക്കും തുടിപ്പേകുക. 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കും.

കമ്പനിയുടെ ഇന്ത്യയിലെയും യൂറോപ്പിലെയും ടീമുകള്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത കൈലാക് പ്രാദേശികമായാണ് നിര്‍മിക്കുന്നത്. അതുകൊണ്ട് അക്രമണാത്മകമായ വില നിര്‍ണയം നടത്താന്‍ കമ്പനിക്ക് സാധിക്കും. ഏകദേശം 8 ലക്ഷം രൂപ വിലയില്‍ കൈലാക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്ത വര്‍ഷം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പുത്തന്‍ കാര്‍ സ്‌കോഡ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from DriveSpark

Article Published On: Friday, August 23, 2024, 10:41 [IST]
English summary
Skoda upcoming suv kylaq naming contest winner is kerala native mohammed ziyad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X