'എസ്ക്യുഡോ','ടോർക്നാഡോ' പുത്തൻ ട്രേഡ്മാർക്കുകൾ കൈക്കലാക്കി മാരുതി; ഏത് മോഡലുകൾക്കാവും ഈ നെയിപ്ലേറ്റുകൾ?
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ മോഡൽ നിര കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. പല പുത്തൻ സെഗ്മെന്റുകളിലേക്കും ചുവടവെയ്ക്കാൻ കമ്പനി പദ്ധതിയിടുകയാണ്. ഈ റിപ്പോർട്ടുകൾക്ക് ശരിവെച്ചുകൊണ്ട് സുസുക്കി മോട്ടോർ കോർപ്പറേഷൻ അടുത്തിടെ ഇന്ത്യയിൽ എസ്കുഡോ, ടോർക്നാഡോ എന്നീ രണ്ട് പേരുകൾ ട്രേഡ്മാർക്ക് ചെയ്തിരിക്കുകയാണ്.
വരാനിരിക്കുന്ന മാരുതി സുസുക്കി മോഡലുകളിൽ ഇവ കമ്പനി ഉപയോഗിച്ചേക്കാം എന്ന ഊഹാപോഹങ്ങൾ ഇത് ഉയർത്തുന്നു. ട്രേഡ്മാർക്കുകൾ 2024 ജനുവരിയിൽ ഫയൽ ചെയ്യുകയും ഈ മാസം അംഗീകരിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ട്രേഡ്മാർക്കുകളുടെ കൃത്യമായ ഉദ്ദേശ്യം ഇതുവരെ നിർ്മ്മാതാക്കൾ സ്ഥിരീകരിച്ചിട്ടില്ല എങ്കിലും, വരാനിരിക്കുന്ന മാരുതി എസ്‌യുവിക്ക് സുസുക്കി എസ്കുഡോ എന്ന പേര് ഉപയോഗിച്ചേക്കും എന്ന് പ്രതീക്ഷിക്കുന്നു.

മുൻ തലമുറ ഗ്രാൻഡ് വിറ്റാര കോംപാക്റ്റ് എസ്‌യുവിയെ എസ്‌ക്യൂഡോ എന്ന പേരിൽ ചില പ്രത്യേക അന്താരാഷ്ട്ര വിപണികളിൽ സുസുക്കി വിപണനം ചെയ്യാറുണ്ടായിരുന്നു എന്നത് ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. മറുവശത്ത്, മറ്റൊരു പാസഞ്ചർ വാഹനത്തിന് ടോർക്നാഡോ എന്ന പേര് ഉപയോഗിക്കാം. eVX ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ വേരിയൻ്റിന് ടോർക്നാഡോ ബാഡ്‌ജ് ലഭിച്ചേക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാരണം ഇലക്‌ട്രിക് കാറുകളുടെ വമ്പൻ ടോർക്കിനെ അനുസ്മരിപ്പിക്കുന്ന ഒരു പേരാണിത്.
അതേസമയം, പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയുടെ അവതരണത്തിൽ മാരുതി സുസുക്കി സംഭവബഹുലമായ 2024 -ന് ഒരുങ്ങുകയാണ്. എന്നിരുന്നാലും, ഈ വർഷത്തെ ഹൈലൈറ്റ് ബ്രാൻഡിൻ്റെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് വാഹനമായ, ടോർക്നാഡോ എന്നറിയപ്പെട്ടേക്കാവുന്ന eVX -ൻ്റെ വരവായിരിക്കും. മാരുതി തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ ലോംഗ് വീൽബേസ് പതിപ്പും താമസിയാതെ പുറത്തിറക്കും.

ഇത് ആറ്, ഏഴ് സീറ്റർ പതിപ്പുകളിൽ വാഗ്ദാനം ചെയ്തേക്കാം. എസ്‌യുവിയിൽ കുറച്ച് മാറ്റങ്ങൾ മാത്രമേ നിർമ്മാതാക്കൾ വരുത്തുകയുള്ളൂ, പക്ഷേ ചെറിയ എക്സ്റ്റീരിയർ മാറ്റങ്ങൾ നമുക്ക് ഇതിൽ പ്രതീക്ഷിക്കാം. വാഹനത്തിന് പുതിയതും ഷാർപ്പുമായ ഗ്രില്ലും ഹെഡ്‌ലൈറ്റ് സജ്ജീകരണത്തിലെ ചെറിയ പരിഷ്കാരങ്ങളും വന്നേക്കാം. അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ എസ്‌യുവിക്ക് നിലവിലെ ഗ്രാൻഡ് വിറ്റാരയേക്കാൾ നീളമുണ്ടാകും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
ബെഞ്ച് സീറ്റുകൾ വരുന്ന ഏഴ് സീറ്റർ വേരിയൻ്റും ക്യാപ്റ്റൻ സീറ്റുകളുള്ള കൂടുതൽ പ്രീമിയം ആറ് സീറ്റർ വേരിയൻ്റും മാരുതി ഇതിൽ വാഗ്ദാനം ചെയ്യും. മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി തുടങ്ങിയ എതിരാളികളുമായി വിപണിയിൽ ഈ എസ്‌യുവി മത്സരിക്കും. എക്സുഡോ എന്ന പേരിൽ ഈ മോഡൽ എത്തിയേക്കാം.

കമ്പനിയിൽ നിന്നും വരാനിരിക്കുന്ന ഈ എസ്‌യുവിക്ക് 1.5 ലിറ്റർ ത്രീ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ നൽകിയേക്കാം, നിലവിൽ അഞ്ച് സീറ്റർ ഗ്രാൻഡ് വിറ്റാരയുടെ ടോപ്പ് സ്പെക്ക് വേരിയൻ്റുകളിൽ ഈ യൂണിറ്റ് ലഭ്യമാണ്. ഏഴ് സീറ്റർ ഗ്രാൻഡ് വിറ്റാര വെളിപ്പെടുത്തുന്ന തീയതി മാരുതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ എസ്‌യുവിയുടെ ലോഞ്ച് 2025 ഓടെ നടക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
അഞ്ച് സീറ്റുള്ള ഗ്രാൻഡ് വിറ്റാരയുടെ കാര്യത്തിൽ എന്നപോലെ, ഏഴ് സീറ്റർ മോഡലിൻ്റെ ടൊയോട്ട റീ -ബാഡ്ജ് പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച eVX കൺസെപ്റ്റ് അടിസ്ഥാനമാക്കി, വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ടൊയോട്ടയുടെ 27PL പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ YY8 സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങുന്നത്. കാറിന് ഏകദേശം 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവും ഉണ്ടായിരിക്കും. YY8 പ്ലാറ്റ്‌ഫോം പ്രത്യേകമായി ഇവികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒന്നാണ്, കൂടാതെ വിശാലവും വൈവിധ്യമാർന്നതുമായ ഇൻ്റീരിയർ സ്പെയ്സും ഇത് വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








