ഇന്ത്യക്കാര്‍ ഗൗനിക്കാത്ത ജിംനിക്കായി അറബികളുടെ 'കൂട്ടയിടി'! ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 6 മാസം

മഹീന്ദ്ര ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഥാര്‍ റോക്‌സ് പുറത്തിറക്കിയതിന് പിന്നാലെ മാരുതി സുസുക്കി ജിംനി 5 ഡോര്‍ എസ്‌യുവിയും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ജിംനി മാരുതി പ്രതീക്ഷ വിജയമായിരുന്നില്ലെന്ന് മാത്രമല്ല മഹീന്ദ്ര ഥാറിനേക്കാള്‍ വളരെ കുറവായിരുന്നു പ്രതിമാസ വില്‍പ്പന. പ്രയോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആകര്‍ഷകമായ വിലയില്‍ ഥാര്‍ റോക്‌സ് 5 ഡോര്‍ എസ്‌യുവി പുറത്തിറങ്ങിയതോടെ ജിംനിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചുവെന്നാണ് ജനസംസാരം. അതൊക്കെ പോട്ടെ, ഇന്ത്യക്കാര്‍ അത്ര ഗൗനിക്കാത്ത ഇതേ ജിംനിക്ക് വേണ്ടി അറബികള്‍ അടികൂടുകയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. സംഗതി ഉള്ളതാണ്.

നിലവില്‍ മാരുതി സുസുക്കിയുടെ വാഹന നിരയിലെ അത്ര പോപ്പുലര്‍ അല്ലാത്ത ഉല്‍പ്പന്നമാണെങ്കിലും ജിംനി 5 ഡോര്‍ കയറ്റുമതി വിപണിയില്‍ വിജയം നേടുകയാണ്. ഉദാഹരണത്തിന് പശ്ചിമേഷ്യന്‍ രാജ്യമായ യുഎഇയില്‍ ജിംനിക്ക് വമ്പന്‍ ഡിമാന്‍ഡാണ്. 3 ഡോര്‍, 5 ഡോര്‍ പതിപ്പുകളിലായി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി യുഎഇയില്‍ ഓഫര്‍ ചെയ്യുന്നു. രണ്ട് പതിപ്പുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

suzuki jimny 5 door uae spec

സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ച് ജിംനി 5 ഡോര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 1 മാസം മുതല്‍ 6 മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഡീലര്‍ഷിപ്പ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം ജിംനി 3 ഡോര്‍ വേരിയന്റിന് 12 മാസത്തിലധികം അതായത് ഒരു കൊല്ലത്തിലധികമാണ് കാത്തിരിപ്പ് കാലയളവ്. ഇന്ത്യയിലേക്കാള്‍ ഉയര്‍ന്ന വിലയാണ് ജിംനിക്കായി യുഎഇയില്‍ മുടക്കേണ്ടത്.

GL, GLX ട്രിമ്മുകളിലായി വില്‍പ്പനക്കെത്തുന്ന ജിംനിക്ക് 75,250 ദിര്‍ഹം മുതല്‍ 79,750 ദിര്‍ഹം വരെയാണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 17.16 ലക്ഷം രൂപ മുതല്‍ 18.19 ലക്ഷം രൂപ വരെ വരും. മറുവശത്ത് ഇന്ത്യയില്‍ ജിംനിയുടെ സീറ്റ, ആല്‍ഫ ട്രിമ്മുകള്‍ക്ക് 12.74 ലക്ഷം മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്.

suzuki jimny 5 door uae spec rear

ജിംനിയുടെ ടോപ് എന്‍ഡ് വേരിയന്റിന് ഇന്ത്യയില്‍ യുഎഇയിലേതിനേക്കാള്‍ 6 ലക്ഷം രൂപ കുറവാണെന്നതാണ് ശ്രദ്ധേയം. യുഎഇയില്‍ വില്‍ക്കുന്ന ജിംനിക്ക് അധിക സവിശേഷതകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. എന്നാല്‍ നികുതിയും ഇറക്കുമതി തീരുവയുമാണ് ജിംനി 5 ഡോര്‍ എസ്‌യുവിക്ക് ഇത്രയും ഉയര്‍ന്ന വില ലഭിക്കാനുളള കാരണം.

103 bhp പവറും 130 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് മെയിഡ് ഇന്‍ ഇന്ത്യ ജിംനിക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. രണ്ട് ട്രാന്‍സ്മിഷനുകളും ഇന്ത്യയില്‍ ആല്‍ഫ, സീറ്റ ട്രിമ്മുകളില്‍ ലഭ്യമാണ്.

suzuki jimny 5 door uae spec interior

ഇതിനു വിപരീതമായി യുഎഇ സ്‌പെക്ക് ജിംനി GL ട്രിമ്മില്‍ മാത്രമായി ഒരു മാനുവല്‍ ട്രാന്‍സ്മിഷനും GLX ട്രിമ്മില്‍ മാത്രമായി ഓട്ടോമാറ്റിക് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. ജിംനിയുടെ ഓള്‍ഗ്രിപ്പ്‌പ്രോ 4×4 സിസ്റ്റം നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. ഹാര്‍ഡ്വെയറില്‍ ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കേസും ലോക്കിംഗ് ഡിഫറന്‍ഷ്യലും ഉള്‍പ്പെടുന്നു. 210 mm ആണ് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്.

ഇന്ത്യയില്‍ കാര്യമായ വില്‍പ്പന നേടാന്‍ സാധിക്കാതെ പരുങ്ങുന്ന ജിംനി 5 ഡോര്‍ യുഎഇയില്‍ ഹിറ്റടിക്കാനുള്ള കാരണം ഉപഭോക്തൃ മുന്‍ഗണനയാണ്. മറ്റ് പ്രധാന ആഗോള വിപണികളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനകള്‍. ഇന്ത്യക്കാര്‍ പ്രധാനമായും പലപ്പോഴും ഇന്ധനക്ഷമതയുള്ളതും വിശാലവും ഫീച്ചര്‍ സമ്പന്നവുമായ വാഹനങ്ങളാണ് തേടുന്നത്.

അതേസമയം പൊതുവേ സമ്പന്നരും വണ്ടിപ്രാന്തന്‍മാരുമായി അറിയപ്പെടുന്ന അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഫീച്ചറുകളോ മൈലേജോ വിലയോ അല്ല നോക്കുന്നത്. കാറിന് നല്ല ഓഫ്-റോഡ് കഴിവുകള്‍ക്ക് ഉണ്ടോ എന്നത് മാത്രമാണ്. ആഗോളതലത്തില്‍ ജനപ്രിയമായ കാറുകള്‍ ഇന്ത്യയില്‍ ഫേ്‌ലാപ്പായി മാറാനുള്ള പ്രധാന കാരണം ഇതാണ്. മികച്ച ഓഫ്-റോഡിംഗ് ശേഷി പുറത്തെടുക്കുന്ന ജിംനിയുടെ 3 ഡോര്‍ പതിപ്പ് നേരത്തെ തന്നെ ആഗോള തലത്തില്‍ മികച്ച മിനി-എസ്‌യുവികളിലൊന്നായി പേരെടുത്തതാണ്.

പല വിദേശ വിപണികളിലും ജിംനി 3 ഡോര്‍ വന്‍ ഹിറ്റാണ്. യുഎഇയിലും സ്ഥിതി വിഭിന്നമല്ല. ജിംനിയുടെ കൂടുതല്‍ പ്രായോഗികമായ പതിപ്പ് ആഗ്രഹിക്കുന്ന ആളുകളാണ് ഇപ്പോള്‍ 5 ഡോര്‍ പതിപ്പില്‍ ആകൃഷ്ടരായിരിക്കുന്നത്. പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യം കണ്ട് പുറത്തിറക്കിയ ജിംനിക്കായി കോടികളാണ് മാരുതി ഇറക്കിയത്. ഇന്ത്യയില്‍ പ്രതീക്ഷിച്ച വരവേല്‍പ്പ് ലഭിക്കുന്നില്ലെങ്കിലും ആഗോള വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത് മാരുതി സുസുക്കിക്ക് വലിയ ആശ്വാസമാണ്.

More from DriveSpark

Article Published On: Tuesday, August 20, 2024, 19:03 [IST]
English summary
Suzuki jimny 5 door successful in uae commands 6 months waiting period
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X