ഇങ്ങനെയോരു സ്വിഫ്റ്റ് ഇത് ആദ്യം! മനംമയക്കും ശാലീന സുന്ദരിയായി 69 എഡിഷൻ
വിൽപ്പനയ്ക്ക് എത്തിയ നാൾ മുതൽ ഇവൻ ഹീറോയാണ്, മറ്റ് ആരേയും കുറിച്ചല്ല, നമ്മുടെ സ്വന്തം മാരുതി സ്വിഫ്റ്റിന്റെ കാര്യമാണ് ഞാൻ ഈ പറയുന്നത്. വന്നെത്തിയ കാലം മുതൽ ഇന്നു വരെ ഒട്ടനവധി തലമുറ മാറ്റങ്ങളും, മുഖം മിനുക്കലുകളും വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് അല്ലെങ്കിൽ മറ്റൊരു ജനറേഷന്റെ കട്ട ഫാനായിരിക്കും നമ്മിൽ ചിലർ എങ്കിലും.
എന്നാൽ ഇന്നേ വരെ ഈ ജനറേഷനുകളിൽ ഒന്നും നാം കണ്ടിട്ടില്ലാത്ത ഒരു പുതു പുത്തൻ സ്വിഫ്റ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബാങ്കോക്ക് ഇൻ്റർനാഷണൽ മോട്ടോർ ഷോയിൽ (BIMS) 2024 -ൽ, സുസുക്കി ആവേശകരമായ മോഡലുകളുടെ ഒരു വൻ നിര തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇവിടെയാണ് നമ്മുടെ താരം, സ്വിഫ്റ്റ് ക്ലാസിക് 69 എഡിഷൻ കമ്പനി ഷോക്കേസ് ചെയ്തത്. വാഹനത്തിന് റെട്രോ-സ്റ്റൈൽ, റേസിംഗ് പ്രചോദിതമായ ഡിസൈൻ ലഭിക്കുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്. സ്വിഫ്റ്റ് ക്ലാസിക് 69 BIMS 2020-ലും പ്രദർശിപ്പിച്ചിരുന്നു എന്നത് വാസ്തവമാണ്. എന്നിരുന്നാലും, അതിന് തികച്ചും വ്യത്യസ്തമായ സ്കിന്നും നിറങ്ങളും സവിശേഷതകളും ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കണം.
വാഹനത്തിന്റെ ൽക്ഷണം ആകർഷിക്കുന്ന സവിശേഷതകളിൽ ഇളം പച്ച എക്സ്റ്റീരിയർ ഉൾപ്പെടുന്നു. ബ്ലാക്ക്ഡ് ഔട്ട് ഘടകങ്ങൾ വളരെ ആവേശകരമായ കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു. ഗ്രില്ല്, ബമ്പർ, ഫോഗ് ലാമ്പ് ഹൗസിംഗുകൾ, സൈഡ് മോൾഡിംഗ്, പില്ലറുകൾ, IRVM, റൂഫ്, ഡിഫ്യൂസർ, റിയർ ബമ്പർ എന്നിവയിൽ ബ്ലാക്ക് ഫിനിഷ് നമുക്ക് കാണാം.

കൂടാതെ, ഹാച്ചിന് ബ്ലാക്ക് നിറത്തിലുള്ള കട്ടിയുള്ള ബോഡി ക്ലാഡിംഗും ലഭിക്കുന്നു. ഹെഡ്‌ലാമ്പുകളുടെ ആകൃതി നിലവിലെ തലമുറ മോഡലിന് സമാനമാണ്. എന്നാൽ ഈ യൂണിറ്റിന് ഹാലജൻ ബൾബുകളും പരമ്പരാഗത ക്രോം റിഫ്ലക്ടറുകളും ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സുസുക്കി ലോഗോയ്ക്കും ക്രോം ഫിനിഷ് വരുന്നുണ്ട്. 69 എന്ന നമ്പറുള്ള ബോണറ്റിലെ ട്വിൻ റേസിംഗ് സ്ട്രൈപ്പുകളാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു സവിശേഷത. ടെയിൽഗേറ്റിലും റേസിംഗ് സ്ട്രൈപ്പുകൾ കാണാം.
വശങ്ങളിലേക്ക് നീങ്ങിയാൽ, ബ്ലാക്ക് ഡെക്കലുകൾക്ക് '69 ക്ലാസിക്' ബാഡ്ജിംഗ് ലഭിക്കുന്നതും കാണാനാവും. അലോയി വീലുകൾക്ക് പകരം പരമ്പരാഗത സ്റ്റീൽ വീലുകളാണ് സ്വിഫ്റ്റ് ക്ലാസിക് 69 എഡിഷന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇത് ഹാച്ചിൻ്റെ മൊത്തത്തിലുള്ള റെട്രോ പ്രൊഫൈലിനെ പൂർണ്ണമാക്കുന്നു. റിയർ പ്രൊഫൈലിൽ, ഡ്യുവൽ പോളിഗണൽ ഫോക്സ് എക്‌സ്‌ഹോസ്റ്റുകൾ ശക്തമായ സ്വാധീനം ചെലുത്തുന്നതായി കാണാം. ടെയിൽ ലാമ്പുകളുടെ ഡിസൈൻ തായ്‌ലൻഡിൽ നിലവിൽ വിഷപ്പനയ്ക്ക് എത്തുന്ന മോഡലിന് സമാനമാണ്.

മോഡേൺ കാലഘട്ടത്തിൽ സ്‌ക്രീനുകൾ ജനപ്രീതി നേടിയെങ്കിലും, സ്വിഫ്റ്റ് ക്ലാസിക് 69 എഡിഷൻ്റെ ഇൻ്റീരിയറുകൾ അനലോഗ് ഡയലുകളും ഫിസിക്കൽ ബട്ടണുകളും ഉപയോഗിച്ച് ഒരു ക്ലാസി ലുക്ക് പകരുന്നു. ഡിജിറ്റൽ ശ്രദ്ധാകേന്ദ്രങ്ങൾ ഒന്നും തന്നെ ഇതിൽ ഇല്ല. കൂടാതെ ഇൻ്റീരിയറുകൾക്ക് ഐവറി വൈറ്റ്, ബീജ് ഷേഡുകൾ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ ടോൺ കളർ തീമാണ് വരുന്നത്.
ഡാഷ്‌ബോർഡിനും ഡോറുകൾക്കും പുറത്തെ അതേ ഇളം പച്ച ആക്‌സൻ്റുകൾ ലഭിക്കും എന്നതും ശ്രദ്ധേയമാണ്. ഒരു ആഡംബര രൂപത്തിനും ഭാവത്തിനുമായി ലെതറെറ്റ് അപ്ഹോൾസ്റ്ററി ക്ലാസിക് ക്വിൽറ്റഡ് പാറ്റേണിലാണ് വരുന്നത്. ഡോറുകളിലെ ബീജ് ലെതറെറ്റ് അലങ്കാരം ഉപഭോക്താക്കൾക്ക് മൊത്തത്തിൽ മികച്ച ദൃശ്യാനുഭവം/ വ്യൂ നൽകുന്നു.

തായ്‌ലൻഡിലും മറ്റ് ഏഷ്യൻ വിപണികളിലും കമ്പനി വിൽക്കുന്ന നിലവിലെ മോഡലിനെ അടിസ്ഥാനമാക്കി, സ്വിഫ്റ്റ് ക്ലാസിക് 69 എഡിഷന് പെർഫോമെൻസ് ബൂസ്റ്റ് ഒന്നും ലഭിക്കില്ല. സ്റ്റാൻഡേർഡ് തായ് സ്പെക്ക് സുസുക്കി സ്വിഫ്റ്റിൽ 83 PS പരമാവധി പവറും 108 Nm പീക്ക് torque ഉം നൽകുന്ന K12M എഞ്ചിനുമായി സജ്ജീകരിച്ചിരിക്കുന്നു. ലിറ്ററിന് 23 കിലോമീറ്റർ ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.


Click it and Unblock the Notifications








