എക്സ്ട്ര മൈലേജുമായി എർട്ടിഗ ക്രൂയിസ് ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് സുസുക്കി
ഇന്ത്യയിലും ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളിൽ ഒന്നാണ് നമ്മുടെ പ്രിയങ്കരനായി മാരുതി സുസുക്കി എർട്ടിഗ. വിപണിയിൽ എത്തിയ കാലം മുതൽ മികച്ച പ്രതികരണമാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്, അതിനാൽ തന്നെ കാലാനുസൃതമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളുമായി നിർമ്മാതാക്കൾ ഇതുവരെ വളരെ കാര്യമായി തന്നെ ഈ മോഡലിനെ പരിപാലിച്ചുവരുന്നു.
ഇപ്പോൾ ഇന്തോനേഷ്യയിൽ, സുസുക്കി എർട്ടിഗ ക്രൂയിസ് എന്ന പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന് അതിൻ്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗിലും മൈൽഡ് ഹൈബ്രിഡ് പവർട്രെയിനിലും അപ്‌ഗ്രേഡുകൾ ലഭിക്കുന്നു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്നുകൊണ്ടിരിക്കുന്ന IIMS 2024 (ഇന്തോനേഷ്യ ഇൻ്റർനാഷണൽ മോട്ടോർ ഷോ) എർട്ടിഗയുടെ പുതുക്കിയ പതിപ്പിൻ്റെ ലോഞ്ചിന് സാക്ഷ്യം വഹിച്ചു.

അടുത്തിടെ, ഞങ്ങൾ ഇൻഡോനേഷ്യയിൽ പുറത്തിറക്കിയ ഇന്ത്യൻ നിർമ്മിത ജിംനി ഫൈവ് ഡോറിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ മോഡലിനേക്കാൾ ഉയർന്ന വിലയിലാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ, ഒരു എക്സ്റ്റീരിയർ സ്റ്റൈലിംഗ് പായ്ക്കേജുമായി ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്ത എർട്ടിഗ ക്രൂയിസ് എന്താണെന്ന് നമുക്ക് നോക്കാം.
PT സുസുക്കി ഇൻഡോമൊബിൽ മോട്ടോർ IDR 288 മില്യൺ പ്രാരംഭ വിലയ്ക്ക് എർട്ടിഗ ക്രൂസ് പുറത്തിറക്കി. ഈ വില മാനുവൽ വേരിയൻ്റിനുള്ളതാണ്, ഇത് നിലവിലെ വിനിമയ നിരക്കുകൾ അനുസരിച്ച് ഇന്ത്യൻ കറൻസിയിൽ 15.3 ലക്ഷം രൂപയോളം വരുന്നു. എർട്ടിഗ ക്രൂയിസിൻ്റെ ഓട്ടോമാറ്റിക് വേരിയൻ്റിന്, PT സുസുക്കി ഇൻഡോമൊബിൽ മോട്ടോർ IDR 301 മില്ല്യൺ ആവശ്യപ്പെടുന്നു, അതായത് ഏകദേശം 16 ലക്ഷം രൂപ.

സാധാരണ എർട്ടിഗ ഹൈബ്രിഡ് GX -ന് ബ്രേവ് കാക്കി, സിൽക്കി സിൽവർ, ബർഗണ്ടി റെഡ്, മെല്ലോ ഡീപ് റെഡ്, കൂൾ ബ്ലാക്ക്, പേൾ സ്‌നോ വൈറ്റ്, മെറ്റാലിക് മാഗ്മ ഗ്രേ എന്നിവ ലഭിക്കുന്നു. എന്നാൽ പേൾ വൈറ്റ് + കൂൾ ബ്ലാക്ക് ഡ്യുവൽ ടോൺ, കൂൾ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകൾ മാത്രമാണ് എർട്ടിഗ ക്രൂയിസ് ഹൈബ്രിഡ് മോഡലിന് ലഭിക്കുന്നത്.
എർട്ടിഗ ക്രൂയിസിനൊപ്പം, സുസുക്കി സാധാരണ എർട്ടിഗയുടെ ഒരു സ്പോർട്ടിയർ പതിപ്പ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്, ഇത് ഇന്ത്യ സ്പെക്ക് മോഡലിലേക്കും വരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചെറിയ ആൻ്റിന, അണ്ടർ സ്‌പോയിലറുള്ള ഒരു സ്‌പോർട്ടി & അഗ്രസ്സീവ് ഫ്രണ്ട് ബമ്പർ, സൈഡ് അണ്ടർ സ്‌പോയ്‌ലർ, സൈഡ് ബോഡി ഡീക്കൽ, റിയർ അപ്പർ സ്‌പോയിലർ, സ്‌പോർട്ടി റിയർ ബമ്പർ, അണ്ടർ സ്‌പോയിലറുള്ള സ്‌പോർട്ടി റിയർ ബമ്പർ എന്നിവ വാനത്തിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

എന്നിരുന്നാലും, പ്രധാന വിഷ്വൽ ഹൈലൈറ്റ്, സാധാരണ എർട്ടിഗയിൽ ഇല്ലാത്ത എൽഇഡി DRL -കൾ ആയിരിക്കണം. K15B സ്മാർട്ട് ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ എർട്ടിഗ ക്രൂയിസ് ഹൈബ്രിഡിന് ഇപ്പോൾ വലിയ 10 Ah ബാറ്ററി ലഭിക്കുന്നു. വലിയ ബാറ്ററിയായതിനാൽ, അല്പം കൂടുതൽ മൈലേജ് നമുക്ക് പ്രതീക്ഷിക്കാം.
104 PS മാക്സ് പവറും 138 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇന്ത്യൻ വിപണിയിൽ, എർട്ടിഗയ്ക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 20 കിലോമീറ്ററാണ്. മാരുതി സുസുക്കി ഈ വലിയ ബാറ്ററി ഇന്ത്യൻ മോഡൽ നിരയിൽ നടപ്പിലാക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

ഇന്ത്യയിലെ മാരുതി സുസുക്കി ലൈനപ്പ് കണക്കിൽ എടുക്കുകയാണെങ്കിൽ, ഈ K15B സ്മാർട്ട് ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണം സിയാസിന് മാത്രമേ ലഭിക്കൂ. സിയാസ് ഏറെ കുറേ അതിൻ്റെ ജീവിത ചക്രത്തിൻ്റെ അവസാനത്തിലാണ് എന്ന് നമുക്ക് പറയാം. കമ്പനി ഈ മോഡലിനെ വളരെക്കാലമായി പുതുക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സെഡാൻ വിൽപ്പന കുറയുന്നതിനാൽ, മാരുതി ഇപ്പോൾ വലിയ ബാറ്ററി ഉപയോഗിച്ച് സിയാസ് അപ്‌ഡേറ്റ് ചെയ്യാനുള്ള സാധ്യതയും വളരെ കുറവാണ്.
ആറ് സീറ്റർ ലേയൗട്ടാണ് എർട്ടിഗയ്ക്കും XL6 -നും ഇടയിലുള്ള പ്രധാന വ്യത്യാസം എങ്കിലും, അപ്പ് മാർക്കറ്റ് & സ്‌പോർട്ടി ഡിസൈനും XL6 -ൻ്റെ ആകർഷകത്വത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് നിസംശയം പറയാം. എർട്ടിഗയ്ക്ക് എന്തെങ്കിലും സ്പോർട്ടിയർ അപ്പ്ഡേറ്റ് & മാറ്റങ്ങൾ ലഭിക്കുകയാണെങ്കിൽ, അത് XL6 -ൻ്റെ വിൽപ്പനയെ വളരെ പ്രതികൂലമായി ബാധിച്ചേക്കാം.
അതിനാൽ, ഇന്തോനേഷ്യ സ്പെക്ക് എർട്ടിഗ ക്രൂയിസിൽ കാണുന്ന സ്‌പോർട്ടി ഡിസൈൻ അപ്‌ഡേറ്റുകൾ ഇന്ത്യൻ വിപണിയിലേക്ക് വരാനുള്ള സാധ്യത നന്നേ കുറവാണ്. എന്നിരുന്നാലും രാജ്യത്തെ വളരെ കോംപറ്റീറ്റീവ് സെഗ്മെന്റിൽ മറ്റ് ബ്രാൻഡുകളുടെ അപ്പ്ഡേറ്റഡ് മോഡലുകളോട് ഏറ്റുമുട്ടാനും ജനപ്രീതി നിലനിർത്താനും മാരുതി ഒരു അപ്പ്ഡേറ്റ് അധികം താമസിയാതെ എംപിവിയ്ക്ക് നൽകും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








