ഇന്ത്യയിലെ വേഗതയേറിയ ഹാച്ചബാക്ക് റെക്കോഡ് സ്വന്തം! ടാറ്റ ആള്‍ട്രോസ് റേസര്‍ വന്നത് ചുമ്മാ പോകാനല്ല
ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ഹാച്ചുകളിലെ സിംഹാസനം പോളോ GT പോയതോടെ ഒഴിഞ്ഞ് കിടക്കുകയാണ്. ഈ സ്ഥാനം കൈയ്യടക്കാന്‍ എത്തിയ ടാറ്റ ആള്‍ട്രോസ് ലോഞ്ച് ചെയ്ത അന്ന് മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ടാറ്റ മോട്ടോര്‍സിന്റെ പുതിയ സ്പോര്‍ട്ടി ഹാച്ച്ബാക്ക് ആള്‍ട്രോസ് റേസര്‍ റേസിംഗ് ട്രാക്കില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്ന് 'വേഗമേറിയ ഇന്ത്യന്‍ ഹാച്ച്ബാക്ക്' എന്ന ഔദ്യോഗിക പദവിവിയും സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ ആള്‍ട്രോസ് റേസര്‍. ഇന്ത്യയുടെ ആദ്യ ഫോര്‍മുല വണ്‍ റേസറായ നരെയ്ന്‍ കാര്‍ത്തികേയാണ് ടാറ്റയുടെ ഹോട്ട് ഹാച്ചിന്റെ ഡ്രൈവിംഗ് സീറ്റിലുരുന്ന് റെക്കോഡ് ബുക്കിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത്.
ഈ മാസം 9.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ടാറ്റ ആള്‍ട്രോസ് റേസര്‍ കാര്‍ ടാറ്റ പുറത്തിറക്കിയത്. അടുത്തിടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ CoASTT റേസ്ട്രാക്കിന് ചുറ്റുമുള്ള ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ഹാച്ച്ബാക്ക് എന്ന റെക്കോര്‍ഡ് സ്ഥാപിച്ചു. ഹാച്ച്ബാക്ക് മോഡല്‍ ടാറ്റ മോട്ടോര്‍സിന് നേടിക്കൊടുത്ത അംഗീകാരങ്ങള്‍ ഇത് മാത്രമല്ല.

വെന്റിലേറ്റഡ് സീറ്റുകളും 360-ഡിഗ്രി ക്യാമറയുമുള്ള ആദ്യത്തെ ഇന്ത്യന്‍ ഹാച്ച്ബാക്ക്, 5-സ്റ്റാര്‍ ക്രാഷ് റേറ്റിംഗുള്ള ഇന്ത്യയിലെ ഏക സ്‌പോര്‍ട്ടി ഹാച്ച്ബാക്ക് എന്നിങ്ങനെ നിരവധി അനൗദ്യോഗിക അംഗീകാരങ്ങള്‍ ആള്‍ട്രോസ് റേസറിന് ഇതിനകം തന്നെ കാര്‍ പ്രേമികള്‍ ചാര്‍ത്തി നല്‍കിയിരുന്നു. എന്നിരുന്നാലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്നുള്ള സമീപകാല റെക്കോഡ് കാറിന്റെ പെര്‍ഫോമന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ CoASTT റേസിംഗ് ട്രാക്കിലാണ് നരെയ്ന്‍ കാര്‍ത്തികേയന്‍ റെക്കോഡ് സ്ഥാപിച്ചത്. ദി ടൈം അറ്റാക്ക് ചലഞ്ച് എതിരാളികളായ ഹ്യുണ്ടായി i20 N ലൈന്‍, മാരുതി സുസുക്കി ഫ്രോങ്ക്‌സ് ടര്‍ബോ എന്നിവയ്‌ക്കെതിരായ ടൈം അറ്റാക്ക് ചലഞ്ചില്‍ ടാറ്റ ആള്‍ട്രോസ് റേസര്‍ വിജയിച്ചു. 2024 ജൂണ്‍ അഞ്ചിന് ടാറ്റ ആള്‍ട്രോസ് റേസര്‍ CoASTT റേസ് ട്രാക്കിന് ചുറ്റും വെറും 2 മിനിറ്റും 21.74 സെക്കന്‍ഡും കൊണ്ട് ഒരു ലാപ്പ് പൂര്‍ത്തിയാക്കി.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ചീഫ് എഡിറ്റര്‍ ഡോ ബിശ്വരൂപ് റോയ് ചൗധരിയാണ് 2024 ജൂണ്‍ 12-ന് റേസറിന് 'വേഗമേറിയ ഇന്ത്യന്‍ ഹാച്ച്ബാക്ക്' എന്ന അംഗീകാരം കൈമാറിയത്. എന്താണ് ടാറ്റ ആള്‍ട്രോസ് റേസറിനെ വേറിട്ട് നിര്‍ത്തുന്നത് എന്ന കാര്യം നമുക്ക് നോക്കാം. ആള്‍ട്രോസ് റേസറിന്റെ i-ടര്‍ബോ+ പവര്‍ട്രെയിന്‍ ഒരു സാധാരണ ആള്‍ട്രോസിനേക്കാള്‍ ശക്തമാണ്. ഇത് 118 bhp പീക്ക് പവറും 170 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.
ഒരു ആള്‍ട്രോസ് മോഡലില്‍ ആദ്യമായി 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഇത് അവതരിപ്പിക്കുന്നു. ഹാച്ചിന്റെ സ്പോര്‍ട്ടി ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി നിരവധി പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കംപ്രഷന്‍ ട്യൂണ്‍ ചെയ്യുകയും സാധാരണ റോഡുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ആള്‍ട്രോസിന്റെ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ റേസ് ട്രാക്കുകളില്‍ മികച്ച പ്രകടനത്തിനായി റീബൗണ്ട് ചെയ്യുകയും ചെയ്യുന്നു. റേസ് ട്രാക്കിനും സിറ്റി ട്രാഫിക്കിനും ലൈറ്റ് ഫൂട്ട് വര്‍ക്ക് ഉറപ്പാക്കുന്ന ഒരു പുതിയ ഹൈഡ്രോളിക് ക്ലച്ച് പെഡല്‍ ഉണ്ട്.
കോര്‍ണറുകളില്‍ ഉയര്‍ന്ന വേഗതയുമായി പൊരുത്തപ്പെടുന്നതിന് സ്റ്റിയറിംഗ് ജ്യോമട്രി നന്നായി ട്യൂണ്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു പുതിയ എക്സ്ഹോസ്റ്റ് മഫ്ളര്‍ ആള്‍ട്രോസ് റേസറിന്റെ ഇരമ്പലിന് കൂടുതല്‍ ഇമ്പമേകുന്നു. കോയമ്പത്തൂരില്‍ നടന്ന മീഡിയ ഡ്രൈവ് ഇവന്റിലാണ് നരെയ്ന്‍ കാര്‍ത്തികേയന്‍ ഈ പരിഷ്‌കാരങ്ങളും മെച്ചപ്പെടുത്തലുകളും അവതരിപ്പിച്ചു.വേഗതയ്ക്കൊപ്പം ഇതിന്റെ സുരക്ഷയും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്.
6 എയര്‍ബാഗുകള്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവയിലൂടെ 5 സ്റ്റാര്‍ റേറ്റഡ് ടാറ്റ ആള്‍ട്രോസ് റേസറിന്റെ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (EBD) തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ ഇതില്‍ ഉണ്ടായിരിക്കും.

ആള്‍ട്രോസ് റേസറിന് ഫ്രണ്ട് ഫെന്‍ഡറില്‍ 'റേസര്‍' എന്നും ബൂട്ട് ലിഡില്‍ 'ഐ ടര്‍ബോ+' എന്നും ഉള്ള ഒരു പ്രത്യേക ബാഡ്ജിംഗ് ലഭിക്കുന്നു. റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡ്യുവല്‍ ടോണ്‍ 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ അപ്ഡേറ്റുകള്‍. ലെതറില്‍ പൊതിഞ്ഞ ഫ്രണ്ട് സെന്‍ട്രല്‍ ആംറെസ്റ്റ്, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഇതിന് ലഭിക്കുന്നു.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളുള്ള ലെതര്‍ സീറ്റിംഗ്, 10.25 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.16 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സിസ്റ്റം, സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ടാറ്റ ആള്‍ട്രോസ് റേസര്‍ വിപണിയിലെത്തിയതിന് പിന്നാലെ തന്നെ വാഹനപ്രേമികളില്‍ മതിപ്പുളവാക്കിയിരുന്നു. ഇപ്പോള്‍ അത് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും 'വേഗമേറിയ ഇന്ത്യന്‍ ഹാച്ച്ബാക്ക്' എന്ന ഔദ്യോഗിക പദവി നേടിയെടുക്കുകയും ചെയ്തു. സ്‌പോര്‍ട്ടി ലുക്കിനൊപ്പം കരുത്തും പ്രകടനവും സമന്വയിപ്പിച്ചെത്തുന്ന ഈ ഹാച്ച്ബാക്ക് ഇന്ത്യയിലെ കാര്‍ പ്രേമികള്‍ക്കിടയില്‍ ജനപ്രിയമായി തുടരുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








