3 വേരിയന്റുകളിലും മാനുവൽ മാത്രം; ആൾട്രോസ് റേസറിന്റെ കൂടുതൽ വിവരങ്ങളുമായി ലീക്കായി ബ്രോഷർ
ഹ്യുണ്ടായി i20 N -ലൈനിനോട് കട്ടയ്ക്ക് മത്സരിക്കുന്ന ആൾട്രോസിന്റെ റേസർ പതിപ്പ് മാർക്കറ്റിൽ ഉടൻ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയ്‌ക്കും ഒരു സ്പോർട്ടി ബദലായി ഇത് മാറും എന്ന കാര്യത്തിൽ സംശയം ഇല്ല. വരാനിരിക്കുന്ന ജൂൺ 7 -ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ആൾട്രോസ് റേസർ എഡിഷൻ ബ്രോഷർ ഇപ്പോൾ വെബിൽ ലീക്കായിരിക്കുകയാണ്. വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇത് പങ്കുവെയ്ക്കുന്നു.
ആൾട്രോസ് റേസറിന് ഒരു പുതിയ റേസിംഗ് ഇൻസ്പയർഡ് പെയിന്റ് സ്കീം ലഭിക്കുന്നു, അത് വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രൊഫൈലും ആകർഷണവും ഗണ്യമായി വർധിപ്പിക്കുന്നു. അതോടൊപ്പം വളരെ ആവേശകരമായ ഡ്യുവൽ ടോൺ ഓറഞ്ച് & ബ്ലാക്ക് തീം ഈ പെർഫോമെൻസ് സ്പെക്ക് മോഡലിൽ ഉപയോഗിച്ചിരിക്കുന്നു.

ബോണറ്റിലും റൂഫിലുമുള്ള വൈറ്റ് റേസിംഗ് സ്ട്രൈപ്പുകളാണ് മറ്റൊരു പ്രധാന വിഷ്വൽ ഹൈലൈറ്റ്. ആൾട്രോസ് റേസറിന് ഗ്രില്ല്, ബമ്പർ, A,B,C പില്ലറുകൾ, അലോയി വീലുകൾ എന്നിവയിലുടനീളം ഒരു ബ്ലാക്ക് ഔട്ട് ഫിനിഷ് നമുക്ക് കാണാം. പിൻവശത്തെ ഡോർ ഹാൻഡിൽ C -പില്ലറിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത്, ഓറഞ്ച് ബ്ലാക്ക് കോമ്പോ ഒരു ഡൈനാമിക് ഫോർമാറ്റിൽ അവതരിപ്പിച്ചിരിക്കുന്നു.
ആൾട്രോസ് റേസറിൽ ആറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ്, പ്യുവർ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ, ഓറഞ്ച് ബ്ലാക്ക് തീം അകത്തും ഉപയോഗിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാം. എസി വെന്റുകളിലും സെൻട്രൽ കൺസോളിലും ഓറഞ്ച് ഹൈലൈറ്റുകൾ നമുക്ക് കാണാം. ഓറഞ്ചും വൈറ്റും നിറത്തിലുള്ള റേസിംഗ് സ്ട്രൈപ്പുകളാണ് സീറ്റുകളിലും വരുന്നത്.
സീറ്റുകളിലെ കോൺട്രാസ്റ്റ് കളർ സ്റ്റിച്ചിംഗ്, ഫ്രണ്ട് ആംറെസ്റ്റ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ എന്നിവ അകത്തളത്തിലെ ആകെ മൊത്തത്തിലുള്ള അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുകയും സ്പോർട്ടിയാക്കുകയും ചെയ്യുന്നു. ആൾട്രോസ് റേസറിന്റെ മനോഹരമായ ശൈലിയിലുള്ള ഇന്റീരിയറുകൾ വാഹന പ്രേമികൾക്ക് മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസ് സൃഷ്ടിക്കും.
അതോടൊപ്പം ആൾട്രോസ് റേസറിൽ, ഉപയോക്താക്കൾക്ക് പ്രീമിയം ഫീച്ചറുകളുടെ സമഗ്രമായ റേഞ്ച് തന്നെ ലഭ്യമാകും. ഇതിൽ വരുന്ന 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം നെക്‌സോണിൽ നിന്ന് കടമെടുത്തതാണ്. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വോയ്‌സ് കമാൻഡുകളുള്ള സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ.

ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിന്റെ സേഫ്റ്റി കിറ്റിൽ ഉൾപ്പെടും. സ്റ്റാൻഡേർഡ് ആൾട്രോസിനെ പോലെ, റേസർ എഡിഷനും ഗ്ലോബൽ NCAP 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗിന്റെ പിന്തുണ വാഗ്ദാനം ചെയ്യും. പുതിയ ടാറ്റ ആൾട്രോസ് റേസറിന്റെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളുടെ ലിസ്റ്റ് ചിത്രത്തിൽ കാണാം.
ആൾട്രോസിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകളിലുടനീളം, ഏറ്റവും ശക്തമായ പെട്രോൾ ഓപ്ഷൻ എന്നത് ആൾട്രോസ് i-ടർബോ ആണ്. 1.2 ലിറ്റർ i-ടർബോ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 110 PS പവറും 140 Nm torque ഉം നൽകുന്നു. എന്നാൽ നെക്‌സോണിന്റെ 1.2-ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് ഉപയോഗിക്കുന്ന റേസർ എഡിഷൻ പെർഫോമെൻസ് മെച്ചപ്പെടുത്തുന്നു. 120 PS മാക്സ് പവറും 170 Nm പീക്ക് torque ഉം ഈ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.

മുകളിൽ സൂചിപ്പിച്ചതു പോലെ നേരിട്ടുള്ള എതിരാളിയായ ഹ്യുണ്ടായി i20 N -ലൈനിൽ 120 PS പവറും 172 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT എന്നിവയുമായി കണക്ട് ചെയ്തിരിക്കുന്നു. ആൾട്രോസ് റേസറിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കും.
ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ഓഫറിൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വാഹനത്തിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റിയോടെ ലഭ്യമാണ്. 2024 ജൂൺ 7 -ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ പ്രാദേശിക വാഹന നിർമ്മാതാക്കൾ സ്പോർട്ടി മോഡലിന്റെ വിലകൾ പ്രഖ്യാപിക്കും.
Source: Rushlane


Click it and Unblock the Notifications








