രാജ്യം കാത്തിരിക്കുന്ന ടാറ്റ കാറിന്റെ ബുക്കിംഗ് ആരംഭിച്ചു! ഹ്യുണ്ടായിയുടെ 'പണി' തീരുമോ?
ഫോക്‌സ്‌വാഗണ്‍ പോളോ GT ഒഴിച്ചിട്ട് പോയ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് വിഭാഗത്തിലെ സിംഹാസനം ലക്ഷ്യം വെച്ച് വരുന്ന ടാറ്റ ആള്‍ട്രോസ് റേസറിന്റെ ലോഞ്ച് കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹന ലോകം. ഹാച്ച്ബാക്കിന്റെ ഈ സ്‌പോര്‍ട്ടിയര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി i20 N ലൈനിനോടാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. 2023 ഓട്ടോ എക്സ്പോയിലും 2024 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലും പ്രദര്‍ശിപ്പിച്ച സ്പോർട്ടി ഹാച്ച്ബാക്കിന്റെ വില പ്രഖ്യാപനം 2024 ജൂണ്‍ മാസം പകുതിയോടെ നടക്കുമെന്നാണ് വിവരം. അതിന് മുന്നോടിയായി തെരഞ്ഞെടുത്ത ടാറ്റ ഡീലര്‍ഷിപ്പുകള്‍ ആള്‍ട്രോസ് റേസറിന്റെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ ആള്‍ട്രോസ് റേസര്‍ കാര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്റനെറ്റില്‍ നിറഞ്ഞിരുന്നു. തൊട്ടുപിന്നാലെ റേസറിന്റെ വരവിന് കാഹളമൂതിക്കൊണ്ട് കാറിന്റെ ടീസര്‍ ചിത്രങ്ങള്‍ ടാറ്റ പുറത്തുവിടുകയും ചെയ്തു. ടീസര്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ റേസറിന്റെ ഹൈപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ രാജ്യത്ത് ടാറ്റ ആള്‍ട്രോസ് റേസറിന്റെ അനൗദ്യോഗിക ബുക്കിംഗിനും തുടക്കം കുറിച്ചിരിക്കുകയാണ്.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ പ്രീമിയം ഹാച്ചിന്റെ പെര്‍ഫോമന്‍സ് പതിപ്പ് 21000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാമെന്നാണ് വിവരം. നിങ്ങള്‍ ടാറ്റ ആള്‍ട്രോസ് വാങ്ങാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ വണ്ടി എളുപ്പത്തില്‍ കിട്ടാന്‍ ഇൗ അവസരം ഉപയോഗപ്പെടുത്തുക. എന്നാല്‍ നിങ്ങളുടെ തൊട്ടടുത്ത ടാറ്റ ഡീലര്‍ഷിപ്പ് ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടോ എന്ന് അവരെ വിളിച്ച് അന്വേഷിക്കേണ്ടതായുണ്ട്.
റേസറിനെ കുറിച്ച് പറയുമ്പോള്‍ ഇതില്‍ ഒരു സ്‌പോര്‍ട്ടിയര്‍ എക്‌സ്‌ഹോസ്റ്റ് നോട്ട് വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറുകള്‍ സ്ഥിരീകരിക്കുന്നു. ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന റേസിംഗ് സ്‌ട്രൈപ്പുകള്‍, സണ്‍റൂഫ്, കാറിന്റെ ത്രില്ലിംഗ് എക്സ്ഹോസ്റ്റ് നോട്ട് എന്നിവയുള്‍പ്പെടെ ആള്‍ട്രോസ് റേസറിന്റെ സ്പോര്‍ട്ടി അപ്പ്‌ഡേഷനുകള്‍ പുതിയ ടീസര്‍ ഉയര്‍ത്തിക്കാണിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതാണ് ഈ റേസ് ഇന്‍സ്പയേര്‍ഡ് എക്‌സ്റ്റീരിയര്‍ അപ്‌ഡേറ്റുകള്‍.

ഒരു പുതിയ ഓറഞ്ച് ബ്ലാക്ക് ഡ്യുവല്‍ -ടോണ്‍ എക്സ്റ്റീരിയര്‍, കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ്, ബോണറ്റില്‍ നിന്ന് ബൂട്ടിലേക്ക് നീളുന്ന രണ്ട് വൈറ്റ് പാരലല്‍ ലൈനുകള്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍. എക്‌സ്‌റ്റൈന്‍ഡഡ് റിയര്‍ സ്പോയിലറും 16 ഇഞ്ച് ബ്ലാക്ക് ഫിനിഷ്ഡ് അലോയി വീലുകളും വാഹനത്തിന്റെ സ്പോര്‍ട്ടി ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.
ആള്‍ട്രോസ് റേസറിന്റെ ഫ്രണ്ട് ഫെന്‍ഡറില്‍ യുണീക്കായ 'റേസര്‍' ബാഡ്ജിംഗ്, പുതുക്കിയ ഫ്രണ്ട് ഗ്രില്ല്, ബൂട്ട് ലിഡില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'i ടര്‍ബോ+' ബാഡ്ജിംഗ് എന്നിവയും അവതരിപ്പിക്കുന്നു. ഇന്റീരിയറില്‍ സ്‌പോര്‍ട്ടി ഫീല്‍ ഉയര്‍ത്തുന്ന ഘടകങ്ങളും നൂതന ഫീച്ചറുകളും ഉള്‍ക്കൊള്ളിക്കും. സെന്‍ട്രല്‍ കണ്‍സോള്‍, ഗിയര്‍ ലിവര്‍, എസി വെന്റുകള്‍ എന്നിവയില്‍ കോണ്ട്രാസ്റ്റിംഗ് ഓറഞ്ച് ആന്‍ഡ് വൈറ്റ് ആക്‌സന്റുകളും സീറ്റുകളില്‍ റേസിംഗ് സ്‌ട്രൈപ്പുകളും വ്യത്യസ്തമായ സ്റ്റിച്ചിംഗും ഉണ്ട്.

ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിലും ഈ സ്റ്റിച്ചിംഗ് കാണാനാകും. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡ്രൈവേര്‍സ് ഡിസ്പ്ലേ, വയര്‍ലെസ് സ്മാര്‍ട്‌ഫോണ്‍ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഹെഡ്സ് -അപ്പ് ഡിസ്പ്ലേ യൂണിറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, വോയ്സ് -ആക്ടിവേറ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയായിരിക്കും അകത്തളത്തിലെ പ്രധാന ഫീച്ചറുകള്‍.
ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവയായിരിക്കും ആള്‍ട്രോസ് റേസറിന് സുരക്ഷയൊരുക്കാനെത്തുക. നെക്‌സോണില്‍ നിന്ന് കടമെടുക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ആള്‍ട്രോസ് റേസറിന് തുടിപ്പേകുക.

എന്നാല്‍ പെര്‍ഫോമന്‍സ് ഹാച്ചിലെത്തുമ്പോള്‍ എഞ്ചിന്റെ ട്യൂണിംഗില്‍ മാറ്റം പ്രതീക്ഷിക്കാം. 6 സീപീഡ് മാനുവല്‍, 7 സ്പീഡ് ഡ്യവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ടായേക്കും. ഏകദേശം 10 ലക്ഷം രൂപ മുതലാണ് ടാറ്റ ആള്‍ട്രോസ് റേസര്‍ കാറിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








