ഇവി, സിഎന്‍ജി കാറുകള്‍ക്കായി 'ഇടികൂടി' ജനങ്ങള്‍! ഹ്യുണ്ടായിയെ തോല്‍പ്പിച്ച് ടാറ്റ രണ്ടാമത്
ഇന്ത്യയില്‍ കാര്‍ വില്‍പ്പന പരിശോധിക്കുമ്പോള്‍ പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനം ആര്‍ക്കും കൊടുക്കാതെ കൈയ്യടക്കി വെച്ചിരിക്കുകയാണ് മാരുതി സുസുക്കി (Maruti Suzuki). രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും (Hyundai) ടാറ്റ മോട്ടോര്‍സും (Tata Motors) തമ്മില്‍ എന്നാല്‍ പൊരിഞ്ഞ പോരാട്ടമാണ്. ഹ്യുണ്ടായിയാണ് പലപ്പോഴും രണ്ടാമതെത്താറുള്ളതെങ്കിലും ഇടക്ക് ടാറ്റ സ്ഥാനം തട്ടിയെടുക്കാറുണ്ട്.
2023 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടാറ്റ വീണ്ടും ഹ്യുണ്ടായിയെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനം പിടിച്ചടക്കിയിരിക്കുകയാണ്. ടാറ്റ പോയ മാസം ആഭ്യന്തര വിപണിയില്‍ 43,470 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 42,750 യൂണിറ്റായിരുന്നു ഹ്യുണ്ടായിയുടെ വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനമാണ് ടാറ്റ ഡിസംബറില്‍ വില്‍പ്പന വളര്‍ച്ചയുണ്ടാക്കിയത്. 2022 ഡിസംബറില്‍ 40407 യൂണിറ്റായിരുന്നു ടാറ്റയുടെ ആഭ്യന്തര വില്‍പ്പന.

ഇലക്ട്രിക് കാറുകളും സിഎന്‍ജി കാറുകളുമാണ് വില്‍പ്പനക്ക് കരുത്തായതെന്നാണ് ടാറ്റ പറയുന്നത്. പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ചേര്‍ത്ത് മൊത്തത്തില്‍ ഡിസംബറില്‍ ടാറ്റ 76,138 യൂണിറ്റാണ് വിറ്റത്. അതേസമയം 2022 ഡിസംബറിലെ 72,997 യൂണിറ്റുകളില്‍ നിന്ന് 4 ശതമാനമാണ് വളര്‍ച്ച. 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ടാറ്റ ഇന്ത്യയില്‍ 1,37,875 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്.
2023 സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വിറ്റ 1,31,297 യൂണിറ്റില്‍ നിന്ന് 5 ശതമാനമാണ് വളര്‍ച്ച. അതേസമയം ഉത്സകാലമായിരുന്ന 2023 നവംബറില്‍ കമ്പനി വിറ്റ 46,068 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബറില്‍ വില്‍പ്പന 5.62 ശതമാനം കുറഞ്ഞു. മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി, ടിഗോര്‍ ഇവി തുടങ്ങിയ മോഡലുകളുമായി ടാറ്റ മോട്ടോര്‍സാണ് ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി ഭരിക്കുന്നത്. ഏകദേശം 80 ശതമാനം വിപണി വിഹിതവുമായി ഇന്ത്യന്‍ ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍ സെഗ്മെന്റില്‍ മുന്‍നിരയിലുള്ളത് ഈ സ്വദേശി കാര്‍ നിര്‍മ്മാതാവാണ്. 2023 ഡിസംബറില്‍ ടാറ്റ മോട്ടോര്‍സ് ഇന്ത്യയിലും വിദേശ വിപണികളിലുമായി 5,006 ഇലക്ട്രിക് കാറുകള്‍ വിറ്റു.
ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ വിറ്റ 3,868 യൂണിറ്റുകളില്‍ നിന്ന് 29 ശതമാനം വര്‍ധന. 2024 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ പാദത്തില്‍ ആഭ്യന്തര, വിദേശ വിപണികളിലായി മൊത്തം 15,232 ഇലക്ട്രിക് കാറുകള്‍ വിറ്റു. 2023-ല്‍ ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 12,596 യൂണിറ്റുകളില്‍ നിന്ന് 21 ശതമാനം വര്‍ധന. അതേസമയം ടാറ്റക്ക് കയറ്റുമതിയില്‍ നേട്ടമുണ്ടാക്കാനായില്ല. ടാറ്റ മോട്ടോര്‍സിന് കാര്യമായ അന്താരാഷ്ട്ര സാന്നിധ്യമില്ലാത്തതാണ് തിരിച്ചടി.

കഴിഞ്ഞ മാസം വെറും 205 യൂണിറ്റ് മാത്രമാണ് കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനം ഇടിവ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കയറ്റുമതി 580 യൂണിറ്റായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കപ്പല്‍ കയറ്റി അയച്ച 958 യൂണിറ്റുമായി തട്ടിച്ച്നോക്കുമ്പോള്‍ 39 ശതമാനമാണ് ഇടിവ്.
2023 ഡിസംബറില്‍ ടാറ്റ 34,180 യൂണിറ്റ് വാണിജ്യ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിറ്റ 33,949 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 1 ശതമാനം വാര്‍ഷിക വളര്‍ച്ച. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലും 2023 സാമ്പത്തിക വര്‍ത്തെ അപേക്ഷിച്ച് 1 ശതമാനം വില്‍പ്പന നേട്ടമുണ്ടാക്കി. വിപണിയില്‍ കാര്യമായ സ്വാധീനമുള്ള ടാറ്റ ട്രക്കുകളാണ് ഈ നേട്ടത്തിന് സഹായിച്ചത്. കഴിഞ്ഞ ഡിസംബറില്‍ 11,199 യൂണിറ്റ് ഹെവി കൊമേഴ്ഷ്യല്‍ വെഹിക്കിളുകളാണ് വിറ്റത്.
2022 ഡിസംബറില്‍ വിറ്റ 10,178 യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. കഴിഞ്ഞ പാദത്തില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് കമ്പനിയെ സഹായിച്ചതായി ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടറായ ശൈലേഷ് ചന്ദ്ര പറഞ്ഞു. പുതിയ ലോഞ്ചുകളുമായി ഈ വര്‍ഷം വില്‍പ്പന കൂട്ടാനും വിപണിയിലെ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുമായിരിക്കും ടാറ്റയുടെ ശ്രമം.


Click it and Unblock the Notifications








