ഇക്കണക്കിന് പോയാൽ ഇലക്ട്രിക് വിപണി ടാറ്റ തൂക്കും; പുത്തൻ കർവ്വ് ഇവിയും അവസാനഘട്ട പരീക്ഷണത്തിൽ
ടാറ്റ മോട്ടോർസ് ഒരു പുതിയ കൂപ്പെ ടൈപ്പ് എസ്‌യുവിയിൽ പ്രവർത്തിക്കുന്നത് നമുക്ക് ഏവർക്കും അറിയാം, കർവ്വ് എന്ന പേരിൽ 2023 ഓട്ടോ എക്‌സ്‌പോയിലും, 2024 ഭാരത് മൊബിലിറ്റി ഷോയിലും ഉൾപ്പെടെ നിരവധി അവസരങ്ങളിൽ പ്രദർശിപ്പിച്ച ഇത് ICE മോഡലിലും, ഇവി രൂപത്തിലും കമ്പനി അവതരിപ്പിക്കും.
അധികം താമസിയാതെ തന്നെ കർവ്വിൻ്റെ ലോഞ്ച് ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ പല ഭൂപ്രദേശങ്ങളിലും സാഹചര്യങ്ങളിലും പരീക്ഷിക്കുന്നതിന് ഇടയിൽ ചാർജിംഗ് സ്റ്റേഷനിലാണ് കർവ്വ് ഇവിയുടെ ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ നമുക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്നത് പോലെ, പഞ്ച് ഇവിക്ക് സമാനമായി ഫ്രണ്ട് ഫെൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന ചാർജിംഗ് പോർട്ട് ആണ് ഈ ചിത്രത്തിൽ നിന്ന് നമുക്ക് മനസിലാക്കാവുന്ന ഏറ്റവും പ്രധാന ഘടകം.

എന്നിരുന്നാലും, സ്പ്രിംഗ് റിലീസ് മെക്കാനിസം ലഭിക്കുന്ന പഞ്ച് ഇവിയിൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു മോട്ടറൈസ്ഡ് ഫ്ലാപ്പ് ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കർവ്വിൻ്റെ സ്റ്റാൻസ് കൂടുതൽ ഉയർത്തുന്നത് വളരെ വിശാലമായ ബോണറ്റ് ഡിസൈൻ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വെർട്ടിക്കൽ സ്ലാറ്റ് പാറ്റേണിൽ വരുന്ന ലോവർ ഗ്രില്ല് എന്നിവയ്‌ക്കൊപ്പം ഫ്രണ്ട് ഫാസിയയുടെ വീതി മുഴുവനും കവർ ചെയ്യുന്ന ഒരു എൽഇഡി ലൈറ്റ് ബാറും നമുക്ക് കാണാൻ കഴിയും.
വരാനിരിക്കുന്ന ഈ ടാറ്റ മോഡലിനെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് അതിന്റെ കൂപ്പേ ടൈപ്പിലുള്ള ബോഡി ശൈലിയാണ്. നിലവിൽ, ടാറ്റയെ കൂടാതെ, മഹീന്ദ്രയും സിട്രണും സമാനമായ ബോഡി ശൈലിയിൽ പുത്തൻ മോഡലുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഫീച്ചർ ലിസ്റ്റിനെ സംബന്ധിച്ചിടത്തോളം, കർവ്വ് ഇവി ലെവൽ 2 ADAS, 360 -ഡിഗ്രി സറൗണ്ട് ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഇൻഫോടെയിൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി ഡ്യുവൽ 12.5 ഇഞ്ച് സ്‌ക്രീനുകൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാൽ പായ്ക്ക് ചെയ്തിരിക്കും.

കൂടാതെ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ട്വിൻ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഇല്യൂമിനേറ്റഡ് ടാറ്റ ലോഗോ, വയർലെസ് ചാർജർ, പവർഡ്, വെൻ്റിലേറ്റഡ് & ഫ്രണ്ട് സീറ്റുകൾ, സൺറൂഫ് എന്നിവയും ഇതിൽ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യും. പവർട്രെയിനിലേക്കും മറ്റ് സ്‌പെസിഫിക്കേഷനുകളിലേക്കും നോക്കുമ്പോൾ, നെക്‌സോൺ ഇവി, പഞ്ച് ഇവി എന്നിവയിൽ യഥാക്രമം 40.5 kWh, 35 kWh ബാറ്ററി പാക്കുകൾ പ്രാദേശിക വാഹന നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.
ഈ മോഡലുകൾ ഒറ്റ ചാർജിൽ 465 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകും എന്ന് അവകാശപ്പെടുന്നു. വരാനിരിക്കുന്ന കർവ്വ് ഇവി നിലവിലുള്ള നെക്‌സോൺ ഇവിയ്‌ക്ക് മുകളിലായിരിക്കും സ്ഥാനം പിടിക്കുക, അതിനാൽ ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ സുഗമമായി ഓടാൻ മോഡലിനെ പവർ ചെയ്യാൻ കഴിയുന്ന ബാറ്ററി പായ്ക്ക് ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കും എന്ന് പ്രതീക്ഷിക്കാം.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന സെഗ്മെന്റിൽ ഒട്ടനവധി മോഡലുകളുമായി മികച്ചൊരു വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റ മോട്ടോർസ് തന്നെയാണ്. എന്നാൽ മഹീന്ദ്ര, ഹ്യുണ്ടായി, കിയ, മാരുതി, സിട്രൺ, ടൊയോട്ട, ഫോക്‌സ്‌വാഗണ്‍, സ്കോഡ, ഹോണ്ട തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ എല്ലാം തന്നെ ഇവി മാർക്കറ്റിൽ ദൃഷ്ടി വെച്ചുകൊണ്ടിരിക്കുകയാണ്.
ഈ പ്രമുഖ ബ്രാൻഡുകളുടെ എല്ലാം തന്നെ അണിയറയിൽ ഈ സമയത്ത് ഒരു പുത്തൻ ഇവിയുടെ പ്രൊഡക്ഷൻ നടക്കുകയാണ് എന്ന് നിസംശയം പറയാം. അതോടൊപ്പം രാജ്യത്ത് ഇവികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയാണ് നമ്മുടെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. പെട്രോൾ ഡീസർ കാറുകൾ ഒഴിവാക്കി എല്ലാവരും ഇവികളിലേക്ക് തിരിയണം എന്ന് ആഹ്വാനം അടുത്തിടെ ചെയ്തിരുന്നു.


Click it and Unblock the Notifications








