ഈ വിലക്ക് 585 കി.മീ റേഞ്ചുള്ള ഇലക്ട്രിക് കാറോ? ഡെലിവറി തുടങ്ങി, ഇനി നിരത്തുകള്‍ നിറയെ കാണാം
ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത് മുതല്‍ ഇന്ത്യയിലെ കാര്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഡല്‍ ആയിരുന്നു ടാറ്റ കര്‍വ്. ടാറ്റയുടെ പുതിയ മോഡലുകളുടെ ഡിസൈനിംഗിന് പ്രചോദനമായത് ഈ മോഡല്‍ ആയിരുന്നു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ടാറ്റ കര്‍വിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിരിക്കുകയാണ്. ഇത് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയാണ്. ഇലക്ട്രിക് കാറിന്റെ അതുല്യമായ രൂപകല്‍പ്പനയും മികച്ച റേഞ്ചും നൂതന ഫീച്ചറുകളും കാരണം ഇതിനോടകം തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കമ്പനിയുടെ പുതിയ അറ്റ്ലസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടാറ്റ കര്‍വ് ഇവി.
5 വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ കര്‍വ് ഇവി വില്‍പ്പനക്കെത്തുന്നു. വെര്‍ച്വല്‍ സണ്‍റൈസ്, ഫ്ലേം റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, എംപവേര്‍ഡ് ഓക്‌സൈഡ് എന്നിവയാണ് നിറങ്ങള്‍. ടാറ്റ കര്‍വ് ഇവിക്ക് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. ടാറ്റ നെക്‌സോണ്‍ ഇവിയുടെ ഉയര്‍ന്ന വേരിയന്റുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നവര്‍ വരെ ഇപ്പോള്‍ കര്‍വ് ഇവിയിലേക്ക് മാറുന്നതായാണ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ കര്‍വ് ഇവി വാങ്ങാനാകും. 45 kWh ബാറ്ററി ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എസ് ട്രിമ്മുകളിലാണ് വില്‍ക്കുന്നത്, അതേസമയം വലിയ ബാറ്ററി പായ്ക്ക് അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേര്‍ഡ്+, എംപവേര്‍ഡ്+ എ ട്രിമ്മുകളില്‍ വാങ്ങാം. 45 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജിംഗില്‍ 502 കിലോമീറ്ററും 55 kWh ബാറ്ററി പായ്ക്ക് 585 കിലോമീറ്ററുമാണ് ഡ്രൈവിംഗ് റേഞ്ച് പറയുന്നത്.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ ഫീച്ചറുകള്‍ ടാറ്റ കര്‍വ് ഇവിയില്‍ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ലെവല്‍ 2 ADAS തുടങ്ങിയ നൂതന ഫീച്ചറുകളും കര്‍വ് ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗം ഇതുവരെ കാണാത്ത തരത്തിലുള്ള ബോഡി സ്‌റ്റൈലും മികച്ച റേഞ്ചും കൈ നിറയെ ഫീച്ചറുകളും ഉണ്ടായിട്ടും കര്‍വ് ഇവിക്ക് ആക്രമണാത്മകമായ വില നിര്‍ണയമാണ് ടാറ്റ നടത്തിയത്. വെറും 17.49 ലക്ഷം രൂപ മാത്രമാണ് ടാറ്റ കര്‍വ് ഇവിയുടെ പ്രാരംഭ വില. റേഞ്ച് ടോപിംഗ് വേരിയന്റിന് 21.99 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്സ്‌ഷോറൂം വിലകളാണിത്.
ഈ വില നിലവാരത്തില്‍ പണത്തിനൊത്ത മൂല്യം നല്‍കുന്ന കാറായി ടാറ്റ കര്‍വ് ഇവിയെ ഉപഭോക്താക്കള്‍ കണക്കാക്കാന്‍ തുടങ്ങി. അതുകൊണ്ടാണ് നെക്‌സോണ്‍ ഇവി ഒഴിവാക്കി പലരും കര്‍വിലേക്ക് മാറുന്നത്. ഫ്രഷ് ഡിസൈന്‍, ക്യാബിനിലും ബൂട്ടിലും അധികം സ്‌പെയ്‌സ് എന്നീ കാരണങ്ങളാണ് നെക്‌സോണ്‍ ഇവിയെ വിട്ട് കര്‍വിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകം.

ടാറ്റ കര്‍വ് ഇവി ബുക്ക് ചെയ്തവരെയും ഇനി ബുക്ക് ചെയ്യാന്‍ പോകുന്നവരെയും സന്തോഷിപ്പിച്ച് ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ ഡെലിവറി ജോലികള്‍ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. അതിനാല്‍ ടാറ്റയുടെ ഈ പുത്തന്‍ ഉല്‍പ്പന്നം ഇനി നിരത്തുകളില്‍ നിറയുന്നത് കാണാം. കര്‍വിന്റെ ഐസി എഞ്ചിന്‍ മോഡല്‍ അടുത്ത മാസം ആദ്യ വാരം പുറത്തിറക്കുമെന്ന് ടാറ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടാറ്റ കര്‍വ് ഐസിഇ മോഡലിന്റെ വില സെപ്റ്റംബര്‍ രണ്ടിന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
അത്യന്തം മത്സരം നിറഞ്ഞ ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് ടാറ്റ കര്‍വ് ഇവി മത്സരിക്കാന്‍ ഇറങ്ങുന്നത്. കര്‍വിന്റെ നേരിട്ടുള്ള എതിരാളിയായ സിട്രണ്‍ ബസാള്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഞെട്ടിക്കുന്ന വിലയില്‍ പുറത്തിറങ്ങിയത്. വെറും 7.99 ലക്ഷം രൂപ ആമുഖ വിലയിലാണ് ഫ്രഞ്ച് കമ്പനി ബസാള്‍ട്ട് വിപണിയില്‍ എത്തിച്ചത്. സിട്രണിന്റെ സര്‍പ്രൈസ് വില നിര്‍ണയത്തോട് ടാറ്റ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications








