വീണ്ടും ടാറ്റയുടെ കിരീടത്തിൽ രണ്ട് 5-സ്റ്റാർ റേറ്റിംഗ് തിളക്കം! ഭാരത് NCAP -ൽ മികവ് തെളിയിച്ച് കർവ്വ് മോഡലുകൾ
നെക്‌സോൺ ക്രാഷ് റേറ്റിംഗുകൾക്കൊപ്പം, ഭാരത്-NCAP ടാറ്റ പുതുതായി പുറത്തിറക്കിയ കർവ്വ് ഇന്റേണൽ കംബഷൻ (ICE), കർവ്വ് ഇവി എന്നിവയുടേയും ക്രാഷ് ടെസ്റ്റ് ഫലങ്ങളും പുറത്തു വിട്ടിരിക്കുകയാണ്. ടാറ്റ മോട്ടോർസ് പോലെ സേഫ്റ്റിയ്ക്കും ബിൽഡ് ക്വാളിറ്റിയ്ക്കും ഊന്നൽ നൽകുന്ന ഒരു ബ്രാൻഡിൽ നിന്ന് വരുന്നതിനാൽ, വാഹനത്തിന്റെ ഫലങ്ങളെക്കുറിച്ച് പരക്കെ മികച്ച പ്രതീക്ഷകളാണ് ഉയർന്നിരുന്നത്. ഉപഭോക്താക്കളുടെ പ്രതീക്ഷക്കൾക്ക് ഭംഗം ഒട്ടും തന്നെ വരുത്താത്ത റിപ്പോർട്ടുകളും റേറ്റിംഗുമാണ് ഇപ്പോൾ ഭാരത് NCAP-ൽ നിന്ന് കർവ്വ് മോഡലുകൾക്കായി വരുന്നത്. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഇരു മോഡലുകളും ഫൈവ് സ്റ്റാർ റേറ്റിംഗ് തന്നെ സ്കോർ ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
ടാറ്റ കർവ്വ് ഭാരത് NCAP: ഏറെ നാളകളുടെ കാത്തിരിപ്പിന് ശേഷം ടാറ്റ മോട്ടോർസ് തങ്ങളുടെ ആദ്യത്തെ കൂപ്പെ ടൈപ്പ് കോംപാക്ട് എസ്‌യുവി അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കർവ്വ് എന്ന് പേരിട്ടിരിക്കുന്ന ഈമോഡലിനെ 2023 ഓട്ടോ എക്സ്ോയിലാണ് കമ്പനി ആദ്യം വെളിപ്പെടുത്തിയത്, നിലവിൽ ഇന്ത്യൻ വിപണിയിൽ ICE, ഇലക്ട്രിക് പതിപ്പുകളിൽ കമ്പനി ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

കർവ്വ് ICE മോഡലിനെ സംബന്ധിച്ചിടത്തോളം, ടെസ്റ്റിനായി ഉപയോഗിച്ച മോഡൽ ഒരു ഡീസൽ എഞ്ചിനൊപ്പം മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന ടോപ്പ് -സ്പെക്ക് അകംപ്ലിഷ്ഡ്+ A വേരിയന്റ് ആയിരുന്നു. 1,715 കിലോഗ്രാം ആണ് ഈ വേരിയന്റിൻ്റെ ആകെ ഭാരം എന്നത് ശ്രദ്ധിക്കണം. കർവ്വിൽ സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ആറ് എയർബാഗുകളം ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്.
ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ESC, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സീറ്റ് ബെൽറ്റ് പ്രീറ്റെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകളും കർവ്വിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ, കർവ്വ് ICE 32 പോയിന്റിൽ 29.5 പോയിന്റുകൾ കരസ്ഥമാക്കി. ഇതിൽ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിന് ആകെയുള്ള 16 പോയിന്റിൽ 14.65 പോയിൻ്റ് വാഹനത്തിന് ലഭിച്ചു.

സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിന് 16-ൽ നിന്ന് 14.85 പോയിൻ്റും ലഭിച്ചു. അടുത്തതായി ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൻ്റെ കാര്യം വരുമ്പോൾ, ടാറ്റ കർവ്വ് ICE 49 പോയിന്റിൽ 43.66 പോയിൻ്റുകൾ നേടി എന്നത് ശ്രദ്ധേയമാണ്, ഇത്തരത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള സേഫ്റ്റി പരിശോധനകളിൽ ആകെ ഫൈവ് സ്റ്റാർ റേറ്റിംഗ് കർവ്വിന്റെ പെട്രോൾ, ഡീസൽ പതിപ്പുകൾ സ്കോർ ചെയ്തു.
കർവ്വ് ഇവിഭാരത് NCAP: നെക്സോൺ ഇവി, പഞ്ച് ഇവി എന്നിവ പരീക്ഷിച്ചതിന് ശേഷം, ഭാരത് NCAP ഇപ്പോൾ ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ കർവ്വ് ഇവിയുടെയും ക്രാഷ് ടെസ്റ്റ് റേറ്റിംഗ് പരിശോധിച്ച് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 55 kWh ബാറ്ററി പാക്കോടുകൂടിയ ടോപ്പ് -സ്പെക്ക് എംപവേർഡ്+ A ആയിരുന്നു പരീക്ഷയ്ക്കായി വിധേയമാക്കിയ വേരിയൻ്റ്. ഭാരത് NCAP-ൽ പരീക്ഷിച്ച ഇലക്ട്രിക് വാഹനമായ കർവ്വ് ഇവിയുടെ മൊത്തം ഭാരം 1,983 കിലോഗ്രാം ആയിരുന്നു.
ടാറ്റ കർവ്വ് ICE മോഡൽ പോലെ തന്നെ, കർവ്വ് ഇവിയിലും ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സീറ്റ് ബെൽറ്റ് പ്രീറ്റെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗുകളും സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി നിർമ്മാതാക്കൾ നൽകുന്നുണ്ട്. നോർമൽ ഫിറ്റ്‌മെൻ്റായി ESC-ഉം ടാറ്റ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ, ടാറ്റ കർവ്വ് ഇവി 32 -ൽ 30.81 പോയിൻ്റുകൾ നേടി, ഇത് കർവ്വ് ICE മോഡലിനേക്കാൾ കൂടുതലാണ്.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 -ൽ 15.66 പോയിൻ്റും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 -ൽ നിന്ന് 15.15 പോയിൻ്റും കർവ്വ് ഇവി കരസ്ഥമാക്കി. റിപ്പോർട്ടുകളിൽ കാണുന്നത് പോലെ, മുൻ സീറ്റിലെ ഇരുവർക്കും മാന്യമായ സേഫ്റ്റി വാഹനം വാഗ്ദാനം ചെയ്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ കർവ്വ് ഇവി 49 പോയിൻ്റിൽ 44.83 നേടി.
കർവ്വ് ICE മോഡലും കർവ്വ് ഇവിയും എക്സ്റ്റീരിയറിന്റെ കാര്യത്തിൽ ഏതാണ്ട് ഒരേ പോലെയാണെങ്കിലും, കരസ്ഥമാക്കിയ പോയിൻ്റുകളുടെ വ്യത്യാസങ്ങൾ പ്രതിഫലിപ്പിക്കുന്നതു ബോഡി ഷെല്ലിനും താഴെ വ്യക്തമായ വ്യത്യാസങ്ങളുണ്ട് എന്നാണ്. വാഹനങ്ങളുടെ നിർമ്മാണം കാരണം, കർവ്വ് ഇവി പോയിൻ്റുകളുടെ കാര്യത്തിൽ കർവ്വ് ICE -നേക്കാൾ അല്പം കൂടുതലാണ്.


Click it and Unblock the Notifications








