വെറും 9 ദിവസത്തിനുള്ളില്‍ വാങ്ങാനെത്തിയത് 3455 പേര്‍! ബസാള്‍ട്ടിനേക്കാള്‍ 6 ഇരട്ടി കച്ചോടവുമായി കര്‍വ്
ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്ക് വരെ വാങ്ങാവുന്ന വിലയില്‍ എസ്‌യുവി കൂപ്പെ ബോഡി സ്‌റ്റൈലിലുള്ള കാറുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും ഫ്രഞ്ച് കമ്പനിയായ സിട്രണുമാണ് അതിന്റെ കാരണക്കാര്‍. ടാറ്റ കര്‍വ് എന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്കൊപ്പം ഇലക്ട്രിക് അവതാരത്തിലും പുറത്തിറക്കി. അതേസമയം സിട്രണിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മോഡലായ ബസാള്‍ട്ട് പെട്രോള്‍ ഓപ്ഷനില്‍ മാത്രമാണ് വന്നത്. കര്‍വ് ഇവിയും ബസാള്‍ട്ടും കഴിഞ്ഞ മാസം അരങ്ങേറിയപ്പോള്‍ കര്‍വിന്റെ ഐസിഇ പതിപ്പുകളുടെ വില പ്രഖ്യാപിച്ചത് ഈ മാസം രണ്ടാം തീയതിയാണ്.
വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കര്‍വ് ബസാള്‍ട്ടിനെ ബഹുദൂരം പിന്നിലാക്കുന്നതായി കാണാം. കഴിഞ്ഞ മാസം ടാറ്റ കര്‍വിന്റെ 3,455 യൂണിറ്റുകള്‍ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചു. പെട്രോള്‍ ഡീസല്‍ പതിപ്പുകളേക്കാള്‍ മുമ്പേ പുറത്തിറങ്ങിയതിനാല്‍ ഇതില്‍ ബഹഭൂരിപക്ഷവും കര്‍വ് ഇവി ആയിരിക്കും. ഓഗസ്റ്റ് 23 മുതലാണ് കര്‍വ് ഇവിയുടെ വിതരണം ആരംഭിച്ചത്. 9 ദിവസം കൊണ്ടാണ് ഇത്രയും വില്‍പ്പന.

മറുവശത്ത് ഓഗസ്റ്റ് ഒമ്പതിന് പുറത്തിറങ്ങിയ ബസാള്‍ട്ടിന്റെ 579 യൂണിറ്റാണ് പോയമാസം വിറ്റത്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ടാറ്റ കര്‍വ് ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ പെട്രോള്‍ എഞ്ചിന്‍ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപ മുതലാണ്. 11.49 ലക്ഷം രൂപ മുതലാണ് ഡീസല്‍ വേരിയന്റുകളുടെ വില തുടങ്ങുന്നത്.
രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാകുന്ന കര്‍വ് ഇവി 17.49 ലക്ഷം രൂപ മുതല്‍ വാങ്ങാം. നേരെ മറിച്ച് വെറും 7.99 ലക്ഷം രൂപയെന്ന ഞെട്ടിക്കുന്ന വിലയിലാണ് ബസാള്‍ട്ട് വിപണിയില്‍ എത്തിയത്. താരതമ്യപ്പെടുത്തുമ്പോള്‍, മത്സരാധിഷ്ഠിത വിലനിര്‍ണയമുണ്ടായിട്ടും സിട്രണ്‍ ബസാള്‍ട്ടിന് കര്‍വിനെ മറികടക്കാന്‍ പ്രയാസമാണ്. അതിന് ഒത്തിരി കാരണങ്ങള്‍ ഉണ്ട്.

ബസാള്‍ട്ടില്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതാണ് അതില്‍ ഒരു കാരണം. വരുംകാലങ്ങളില്‍ കര്‍വില്‍ കൂടുതല്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ അവതരിപ്പിച്ചാല്‍ അത് ബസാള്‍ട്ടിന്റെ വില്‍പ്പനയെ ഇനിയും ബാധിക്കാന്‍ ഇടയുണ്ട്. ടാറ്റയുടെ വിജയത്തിന് സംഭാവന നല്‍കുന്ന ഒരു പ്രധാന ഘടകം അതിന്റെ വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലയാണ്. ടാറ്റ ഇന്ത്യയിലെ 865 നഗരങ്ങളിലായി 1,600-ലധികം ഡീലര്‍ഷിപ്പുകളുണ്ട്. മറുവശത്ത് ഫ്രഞ്ച് കമ്പനിക്ക് രാജ്യവ്യാപകമായി നൂറില്‍ താഴെ ഡീലര്‍ഷിപ്പുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ.
ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ സിട്രണിന് സാന്നിധ്യം പോലുമില്ല. ഇത് ബസാള്‍ട്ടിന്റെ വില്‍പ്പന സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഒരാള്‍ കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കുന്ന പ്രധാന സംഗതിയാണ് വിശ്വാസ്യത. പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ടാറ്റയുമായി മുട്ടിച്ച് നോക്കുമ്പോള്‍ സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ താരതമ്യേന പുതുമുഖമാണ്. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കൂടി ആയിട്ടില്ല. ഉപഭോക്താക്കള്‍ പലപ്പോഴും പുതിയ കാര്‍ വാങ്ങുമ്പോള്‍ പുതുമുഖങ്ങളേക്കാള്‍ വിശ്വാസ്യതയുള്ള സ്ഥാപിത ബ്രാന്‍ഡുകളെ തിരഞ്ഞെടുക്കുന്നു.

ടാറ്റ കര്‍വില്‍ സിട്രണ്‍ ബസാള്‍ട്ടിനേക്കാള്‍ ആകര്‍ഷകമാക്കുന്ന നിരവധി സവിശേഷതകളുണ്ട്. ഇല്ല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോര്‍ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, വോയ്സ് അസിസ്റ്റഡ് പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 9 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവായണവ.
കര്‍വിന്റെ മറ്റൊരു പ്രധാന പ്ലസ് പോയിന്റാണ് സേഫ്റ്റി. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഉള്ള ലെവല്‍ 2 ADAS, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ മാറ്റ അലര്‍ട്ട്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, 360-ഡിഗ്രി ക്യാമറ, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി, ആറ് എയര്‍ബാഗുക എന്നിവയാണ് കര്‍വിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നത്.
സമഗ്രമായ സുരക്ഷാ ഫീച്ചറുകള്‍ കാരണം ഇത് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. വിപുലമായ ഡീലര്‍ ശൃംഖല, ബ്രാന്‍ഡ് ഐഡന്റിറ്റി, മികച്ച സവിശേഷതകള്‍, ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുടെ സംയോജനം ടാറ്റ കര്‍വിനെ സിട്രണ്‍ ബസാള്‍ട്ടിനേക്കാള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ജനപ്രിയ ചോയ്‌സാക്കി മാറ്റിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ കണക്കുകളില്‍ വല്ല മാറ്റങ്ങളും സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








