9.99 ലക്ഷം മാത്രം വിലയുള്ള ടാറ്റയുടെ 'ഉറൂസ്' നിരത്തിലിറങ്ങി തുടങ്ങി! ഇനി ഷോറൂമുകളില്‍ കാലുകുത്താന്‍ ഇടംകാണില്ല
ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് പതിപ്പായി അവതരിപ്പിച്ചത് മുതല്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ഒരു മോഡലാണ് ടാറ്റ കര്‍വ്. സമീപകാലത്ത് വന്ന നിരവധി ടാറ്റ എസ്‌യുവികള്‍ കര്‍വ് കണ്‍സെപ്റ്റില്‍ നിന്നുള്ള ഡിസൈന്‍ സൂചകങ്ങള്‍ കടംകൊണ്ടപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. എസ്‌യുവി കൂപ്പെ സ്‌റ്റൈലിലുള്ള ഈ കാര്‍ ഇലക്ട്രിക്, ഐസി എഞ്ചിന്‍ പതിപ്പുകളിലായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പാവങ്ങളുടെ ലംബോര്‍ഗിനി ഉറൂസ് എന്ന് ആരാധകര്‍ ഇതിന് പേരും ചാര്‍ത്തി നല്‍കിയിരുന്നു. ഇതില്‍ കര്‍വ് ഇവി കഴിഞ്ഞ മാസം തന്നെ പുറത്തിറങ്ങി ഇതിനോടകം ഉപഭോക്താക്കളിലേക്ക് എത്തിക്കഴിഞ്ഞു.
കര്‍വിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ വിലകള്‍ ഈ മാസം ആദ്യ വാരത്തിലാണ് പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കര്‍വ് പുറത്തിറക്കിയിരിക്കുന്നത്. ഈ പ്രത്യേക വില 2024 ഒക്ടോബര്‍ 31 വരെ നടത്തിയ ബുക്കിംഗുകള്‍ക്ക് മാത്രമേ സാധുതയുള്ളൂ. ടാറ്റ കര്‍വ് എസ്‌യുവി കൂപ്പെയുടെ ഐസിഇ പതിപ്പുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ടാറ്റ കര്‍വിന്റെ ഡെലിവി രാജ്യവ്യാപകമായി ഇന്ന് മുതല്‍ ആരംഭിച്ചു.

ടാറ്റ കര്‍വ് സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ്+ S, അക്കംപ്ലിഷ്ഡ് S, അക്കംപ്ലിഷ്ഡ്+ A എന്നിങ്ങനെ എട്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഗോള്‍ഡ് എസെന്‍സ്, പ്രിസ്റ്റീന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, ഫ്‌ലേം റെഡ്, ഡേടോണ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.
ടാറ്റ കര്‍വിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ രൂപകല്‍പ്പനയാണ്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലാണ് ഇത് മത്സരിക്കുന്നതെങ്കിലും അതിന്റെ എസ്യുവി-കൂപ്പെ സിലൗറ്റും ചെരിഞ്ഞ റൂഫും കാരണം എതിരാളികളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഹാരിയറിന് സമാനമായ ഗ്രില്‍, കണക്റ്റഡ് എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ഡ്യെുവല്‍-ടോണ്‍ അലോയ് വീലുകള്‍ ചെറിയ ലൈറ്റ് ബാര്‍ ഉള്ള ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

അകത്തളത്തിലേക്ക് നീങ്ങിയാല്‍ ടാറ്റ കര്‍വിന്റെ ടോപ്പ്-സ്‌പെക്ക് പതിപ്പില്‍ മൂഡ് ലൈറ്റിംഗിനൊപ്പം വലിയ പനോരമിക് സണ്‍റൂഫും ഉണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ മിററിംഗ് ഉള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് അധിക സവിശേഷതകള്‍.
ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വാഹനങ്ങളിലെ സുരക്ഷയ്ക്കും പുതുമയ്ക്കും ഉള്ള ടാറ്റയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.

1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് ഓഫര്‍ ചെയ്യുന്നത്. എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
ടാറ്റ മോട്ടോര്‍സിന്റെ ഈ പുത്തന്‍ കാര്‍ പെര്‍ഫോമന്‍സിനും അഴകിനും പ്രാധാന്യം കൊടുക്കുന്നുവെന്ന് മാത്രമല്ല വൈവിധ്യമാര്‍ന്ന വേരിയന്റുകളും കളര്‍ ഓപ്ഷനുകളും നല്‍കി ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി നല്‍കുന്നു. ഡ്രൈവിംഗ് സുഖവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വിവിധ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ ഉള്‍പ്പെടുന്നു.
മറ്റ് ടാറ്റ കാറുകളെ പോലെ കര്‍വും ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് തന്നെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരാധിഷ്ഠിത വിലനിര്‍ണയവും വിപുലമായ ഫീച്ചര്‍ ലിസ്റ്റും ഉപയോഗിച്ച് ടാറ്റ കര്‍വ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. പണത്തിനൊത്ത മൂല്യമുള്ള എസ്‌യുവിക്കായി തിരയുന്ന ഉപഭോക്താക്കള്‍ക്കുള്ള ആകര്‍ഷകമായ ഓപ്ഷനായി കര്‍വ് മാറുന്നു.


Click it and Unblock the Notifications








