പാവങ്ങളുടെ 'ഉറൂസ്' ഉടന്‍ എത്തുമെന്ന് ടാറ്റ! ആദ്യം വരുന്നത് ഇവിയോ ഡീസലോ? അറിയാം...
ഈ വര്‍ഷം വാഹന പ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ടാറ്റ കാര്‍ കര്‍വ് എസ്‌യുവിയാണ്. ഐസിഇ പതിപ്പിനൊപ്പം എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും വരാനിരിക്കുന്നു. ഈ മാസം തുടക്കത്തില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024-ല്‍ ടാറ്റ കര്‍വ് എസ്‌യുവിയുടെ ഐസിഇ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ടാറ്റ കര്‍വ് എസ്‌യുവിയുടെ ലോഞ്ച് സംബന്ധിച്ച് പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് നോക്കാം.
മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ കൂപൈ സ്‌റ്റൈലില്‍ അവതാരമെടുക്കാന്‍ പോകുന്ന ടാറ്റ കര്‍വിന്റെ ലോഞ്ച് ടൈംലൈന്‍ കമ്പനി ഇപ്പോള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യഷപ്പെട്ട വേളയില്‍ പല രസകരമായ കമന്റുകളും വന്നിരുന്നു. പാവങ്ങളുടെ ലംബോര്‍ഗിനി ഉറൂസാണ് വരാന്‍ പോകുന്നതെന്നായിരുന്നു അതില്‍ ഒന്ന്. ഇവി, ഐസിഇ പതിപ്പുകളില്‍ പുറത്തിറക്കുന്ന കാറിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ആദ്യം അരങ്ങേറുക.

അതിന് ശേഷമാകും ഡീസല്‍ എഞ്ചിന്‍ തുടിപ്പേകുന്ന കര്‍വ് എസ്‌യുവി വരിക. ടാറ്റ കര്‍വ് 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അവതരിപ്പിക്കും. അതായത് 2024 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഈ ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് പ്രതീക്ഷിക്കാം. കര്‍വ് ഇവി ലോഞ്ച് ചെയ്ത് മൂന്നോ നാലോ മാസത്തിനുള്ളില്‍ ഐസിഇ മോഡല്‍ അവതരിപ്പിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.
കര്‍വ് ഇവിയുടെ കണ്‍സെപ്റ്റ് പതിപ്പ് 2023 ഓട്ടോ എക്‌സ്‌പോയില്‍ അടക്കം നിരവധി വേദികളില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ടാറ്റ കര്‍വ് ഇവിയുടെ ബാറ്ററി പായ്്ക്ക് മോട്ടോര്‍ എന്നിവയുടെ വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമല്ല. എന്നിരുന്നാലും പുത്തന്‍ ഇലക്ട്രിക് എസ്‌യുവിക്ക് ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിക്കുന്നു. പ്രെഡക്ഷന്‍ റെഡി പതിപ്പില്‍ കര്‍വിന്റെ ഐസിഇ പതിപ്പ് അടുത്തിടെ ഭാരത് മൊബിലിറ്റി എക്സ്പോ 2024-ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എഞ്ചിന്‍ സവിശേഷതകളും ഡിസൈന്‍ ഹൈലൈറ്റുകളും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ടാറ്റ വെളിപ്പെടുത്തി. ഈ വര്‍ഷം ഉത്സവ സീസണ്‍ ലക്ഷ്യമിട്ടായിരിക്കും കര്‍വ് ഐസിഇ പതിപ്പ് വില്‍പ്പനക്കെത്തുക. പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച കാര്‍ ആദ്യം പുറത്തിറക്കാന്‍ സാധ്യതയില്ല. ഡീസല്‍, ഇലക്ട്രിക് മോഡല്‍ കൊണ്ടുവന്ന ശേഷം പിന്നീട് 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ കൊണ്ടുവരാനാണ് സാധ്യത.
പുതിയ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നെക്സോണിലുള്ള നിലവിലെ ടര്‍ബോ പെട്രോള്‍ എഞ്ചിനേക്കാള്‍ കൂടുതല്‍ കരുത്തും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനെ സംബന്ധിച്ചിടത്തോളം, മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. കര്‍വിന്റെ ഇലക്ട്രിക്, ഐസിഇ പതിപ്പുകള്‍ക്ക് ശേഷവും ഒത്തിരി മോഡലുകള്‍ പൈപ്പ്‌ലൈനില്‍ കാത്തിരിക്കുന്നുണ്ട്. കര്‍വിന് ടാറ്റ പുറത്തിറക്കുന്ന മൂന്നാമത്തെ മോഡല്‍ ഹാരിയര്‍ ഇവി ആയിരിക്കും.

ടാറ്റയുടെ മോഡല്‍ നിരയില്‍ നെക്‌സോണിനും ഹാരിയറിനും ഇടയില്‍ ആയിരിക്കും കര്‍വ് സ്ഥാനം പിടിക്കുക. 11 ലക്ഷം രൂപയ്ക്കാണ് നെക്‌സോണ്‍ കാര്‍ നിലവില്‍ വിപണിയില്‍ വില്‍ക്കുന്നത്. അതിനാല്‍ 13 ലക്ഷം രൂപ വിലയില്‍ കര്‍വ് ഡീസല്‍ കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15.4 ലക്ഷം രൂപയാണ് ഹാരിയറിന്റെ വില. പെട്രോള്‍ എഞ്ചിനോടുകൂടിയ ടാറ്റ കര്‍വ് 10-11 ലക്ഷം രൂപ വിലയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയായി ടാറ്റ കര്‍വ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ടാറ്റയുടെ ചാട്ടുളിയായ നെക്സോണിനേക്കാള്‍ അല്‍പ്പം നീളം കൂടിയതായിരിക്കുമെന്നാണ് കരുതുന്നത്. വലിയ ബാറ്ററി പായ്ക്ക് ഓപ്ഷനോടെ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന കര്‍വ് ഇവിക്ക് 17 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ കാര്‍ വിപണിയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റ കര്‍വ് വരുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളും ടാറ്റയുടെ മുഖമുദ്രയായ സേഫ്റ്റിയും കൂടി ചേരുന്നതോടെ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഈ കാര്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കും. സേഫ്റ്റിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ടാറ്റയുടെ പുതിയ ഉല്‍പ്പന്നവും ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുമെന്ന് പ്രതീക്ഷിക്കാം.
കര്‍വ് കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ച മുതല്‍ തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ ഇത് വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരുന്നു. സമീപകാലത്ത് വിപണിയിലെത്തിയ പല ടാറ്റ കാറുകളും ഡിസൈന്‍ സൂചകങ്ങള്‍ കടംകൊണ്ടത് കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ്. കൂപ്പെ ശൈലിയില്‍ വരുന്ന ഇവി സെഗ്‌മെന്റില്‍ തരംഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ വളരെ അഗ്രസീവായ വില നിര്‍ണയം കൂടി നടത്തിയാല്‍ ക്രെറ്റ, സെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ വമ്പന്‍മാര്‍ അല്‍പ്പം വെള്ളം കുടിക്കും.


Click it and Unblock the Notifications