മൈലേജും കൂടും മൊഞ്ചും കൂടും! കര്‍വിന്റെ കച്ചോടം കൂട്ടാന്‍ ആ തന്ത്രം പയറ്റാന്‍ ടാറ്റ
ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകളില്‍ ഏറ്റവും കൂടുതല്‍ വേരിയന്റുകള്‍ കാണുന്നത് ടാറ്റ മോട്ടോര്‍സിന്റെ കാറുകളിലാണ്. ജനപ്രിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ നെക്‌സോണിന്റെ വേരിയന്റ് ലിസ്റ്റ് ഒരു 5 സ്റ്റാര്‍ സദ്യയുടെ മെനുവിനേക്കാള്‍ നീളമുണ്ടാകും. ടാറ്റ ഏറ്റവും ഒടുവിലായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച മോഡലാണ് കര്‍വ് എസ്‌യുവി കൂപ്പെ. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ വാങ്ങാം. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി എസ്‌യുവി കൂപ്പെയില്‍ പുത്തന്‍ വേരിയന്റുകള്‍ ചേര്‍ക്കാന്‍ പോകുകയാണ് ടാറ്റ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.
നിലവില്‍ കര്‍വ് ഐസിഇ പതിപ്പ് 34 വേരിയറുകളിലും കര്‍വ് ഇവി 7 വേരിയന്റുകളിലും ലഭ്യമാണ്. ടാറ്റ കര്‍വിന് ലഭിക്കാന്‍ പോകുന്ന പുതിയ വേരിയന്റുകളെ കുറിച്ച് വിശദ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും കാറിന് സിഎന്‍ജി, ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടാറ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഡല്‍ നിരയിലെ മിക്ക കാറുകള്‍ക്കും ടാറ്റ ഡാര്‍ക്ക് എഡിഷന്‍ സമ്മാനിച്ചിട്ടുണ്ട്.

കാര്‍ വിപണിയില്‍ എത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് അവയുടെ ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കാറുള്ളത്. കറുപ്പില്‍ മുങ്ങിക്കുളിച്ച് വരുന്ന ഈ സ്‌പെഷ്യല്‍ എഡിഷന് ബ്ലാക്ക്ഡ്ഔട്ട് ഇന്റീരയറും എക്‌സ്റ്റീരിയറും ലഭിക്കുന്നു. ഈ മാസം ഒക്‌ടോബര്‍, സെപ്റ്റംബര്‍ മാസങ്ങളിലായാണ് ടാറ്റ മോട്ടോര്‍സ് കര്‍വിന്റെ ഇലക്ട്രിക്, ഐസിഇ പതിപ്പുകള്‍ പുറത്തിറക്കിയത്. അതുകൊണ്ട് തന്നെ ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പേ ഈ മോഡലുകള്‍ക്ക് ഡാര്‍ക്ക് എഡിഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് മാത്രമല്ല ബദല്‍ ഇന്ധനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടാറ്റ കര്‍വിന്റെ സിഎന്‍ജി പതിപ്പും അധികം വൈകാതെ കൊണ്ടുവരും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ടാറ്റ നെക്‌സോണ്‍ സിഎന്‍ജി പുറത്തിറക്കിയത്. ഇതേ മാതൃകയില്‍ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ സജ്ജീകരിച്ചായിരിക്കും കര്‍വ് സിഎന്‍ജി എത്തുക. ബൂട്ടില്‍ കൂടുതല്‍ സ്ഥലം സ്വതന്ത്രമാക്കാന്‍ ഈ സാങ്കേതികവിദ്യ വഴി സാധിക്കും.

നെക്‌സോണ്‍ സിഎന്‍ജി 9 കിലോഗ്രാം സിഎന്‍ജി ശേഷിയുമായിട്ടാണ് വരുന്നത്. സ്റ്റാര്‍ട്ട് ഇന്‍ സിഎന്‍ജി മോഡ്, സിഎന്‍ജി-പെട്രോള്‍ മോഡലുകള്‍ തമ്മില്‍ ഇടതടവില്ലാതെ സ്വിച്ച് ചെയ്യാനുള്ള സൗകര്യം എന്നിവ നെക്‌സോണില്‍ ലഭ്യമായിരുന്നു. ഫയര്‍ പ്രൊട്ടക്ഷന്‍ ഡിവൈസ്, ലീക്ക് ഡിറ്റെക്ഷന്‍, തെര്‍മല്‍ ഇന്‍സിഡെന്റ് പ്രൊട്ടക്ഷന്‍ എന്നിവയിലൂടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് ഓഫര്‍ ചെയ്യുന്നത്. എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. കര്‍വ് ഇവി ബേസ് വേരിയന്റുകള്‍ക്ക് 40.5 kWh യൂണിറ്റും ടോപ് വേരിയന്റുകള്‍ക്ക് വലിയ 55 kWh യൂണിറ്റ് ബാറ്ററി പായ്ക്കുമാണ് ലഭിക്കുക.

ഫോര്‍-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്‍പ്പെടെ നിരവധി ആധുനിക സവിശേഷതകള്‍ കര്‍വിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും എസ്‌യുവിക്ക് ലഭിക്കുന്നു.
കര്‍വിന്റെ കാത്തിരിപ്പ് കാലയളവും അടുത്ത കാലത്തായി കൂടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ കാത്തിരിപ്പ് കാലയളവ് മൂന്ന് മാസമായാണ് ഉയര്‍ന്നത്. അതേസമയം കര്‍വ് ഇവിക്ക് ഒരു മാസമാണ് കാത്തിരിപ്പ് കാലയളവ്. ഡാര്‍ക്ക് എഡിഷനും സിഎന്‍ജി പതിപ്പും കൂടി വന്നാല്‍ കര്‍വ് ഇവിയുടെ വില്‍പ്പന ഉയരുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതിനാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ സിഎന്‍ജി കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. ഇതേകുറിച്ചുള്ള വിവരങ്ങള്‍ ടാറ്റ വരുംദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തുവിടും.


Click it and Unblock the Notifications








