എസിയിട്ട് പോയാലും ഇത്രയും റേഞ്ചോ! ടാറ്റ ഇവികളുടെ 'ശരിയായ' റേഞ്ച് കമ്പനി തന്നെ പുറത്തുവിട്ടു
ഒരാള്‍ ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ വിലയുടെ കൂടെ പരിഗണിക്കുന്ന കാര്യമാണ് റേഞ്ച്. ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്താല്‍ സഞ്ചരിക്കുന്ന ദൂരത്തെ റേഞ്ച് എന്ന് വിശേഷിപ്പിക്കുന്നു. ഇവികളുടെ റേഞ്ച് കണക്കാക്കുന്നതില്‍ സ്റ്റാന്‍ഡേര്‍ഡ് ക്രമീകരണം വരുത്തുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അടുത്തിടെ റേഞ്ച് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഇവി നിര്‍മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ പരിഷ്‌കരിച്ച റേഞ്ച് വിവരങ്ങള്‍ പുറത്തു വിടാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ ടാറ്റയുടെ ഉല്‍പ്പന്നങ്ങളുടെ റേഞ്ച് വിവരങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. അവ വിശദമായി പരിശോധിക്കാം.
കേന്ദ്ര ഗതാഗത മന്ത്രാലയം അവതരിപ്പിച്ച പുതിയ എംഐഡിസി മാനനദണ്ഡങ്ങള്‍ സിറ്റി- എക്‌സ്ട്രാ അര്‍ബന്‍ റേഞ്ച് ടെസ്റ്റുകളെ പിന്തുണയ്ക്കുന്നു. നേരത്തെ അര്‍ബര്‍ (സിറ്റി ഡ്രൈവിംഗ്-പി1) വ്യാസ്ഥകളെ അടിസ്ഥാനമാക്കിയായിരുന്നു എംഐഡിസി റേഞ്ച് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ഹൈവേ ഡ്രൈവിംഗ് അഥവാ എക്‌സ്ട്രാ അര്‍ബന്‍ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റേഞ്ച് കണക്കാക്കുന്നത്. എംഐഡിസി റേഞ്ച് സ്റ്റാന്‍ഡേര്‍ഡുകളില്‍ എക്‌സ്ട്രാ അര്‍ബന്‍ ഘടകം ഉള്‍പ്പെടുത്തുന്നതോടെ സര്‍ട്ടിഫൈഡ് റേഞ്ച് കുറയുന്നു.

സാധാരണ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ക്ക് സിറ്റിയില്‍ മൈലേജ് കുറയുമ്പോള്‍ ഹൈവേകളില്‍ ഇന്ധനക്ഷമത കൂടാറാണ് പതിവ്. എന്നാല്‍ ഇവികളുടെ കാര്യത്തില്‍ നേര്‍വിപരീതമാണ് സംഭവിക്കുന്നത്. സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവികള്‍ക്ക് ഹൈവേകളില്‍ റേഞ്ച് സാധാരണയായി കുറവാണ്. വാഹനത്തിന് സ്ഥിരമായ ഉയര്‍ന്ന വേഗത നിലനിര്‍ത്തേണ്ടതിനാല്‍ ഹൈവേകളില്‍ ബാറ്ററി ചാര്‍ജ് വേഗത്തില്‍ തീരുന്നു.
മാത്രമല്ല, ഹൈവേകളില്‍ റീജനറേറ്റീവ് ബ്രേക്കിംഗിന്റെ ആനുകൂല്യവും നന്നേ കുറവായിരിക്കും. ഉയര്‍ന്ന വേഗതയില്‍, എയറോഡൈനാമിക് ഡ്രാഗ് ഗണ്യമായി വര്‍ധിക്കുന്നതും ചാര്‍ജ് നന്നായി കുറയാന്‍ ഇടയാക്കും. 1.65 ലക്ഷത്തിലധികം ടാറ്റ ഇലക്ട്രിക് കാറുകളില്‍ നിന്നും എസ്‌യുവികളില്‍ നിന്നും ശേഖരിച്ച യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തിലെ റേഞ്ചിനെ C75 എന്നാണ് ടാറ്റ വിളിക്കുന്നത്. 75% ടാറ്റ ഇവി ഉപയോക്താക്കള്‍ക്ക് അവരുടെ വാഹനത്തില്‍ പ്രതീക്ഷിക്കാവുന്ന യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ റേഞ്ചിനെ കുറിച്ചുള്ള സൂചനയാണിത്.

ഉയര്‍ന്ന വേഗത, എസി ഉപയോഗം, ഉയര്‍ന്ന ലോഡുകള്‍, ഉയര്‍ന്ന താപനില വ്യതിയാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതിനാല്‍ ഈ കണക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാം. ഉദാഹരണത്തിന്, എംഐഡിസിക്ക് കീഴിലുള്ള പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടാറ്റ C75-ന് പരമാവധി വേഗത 120 കിലോമീറ്ററാണ്. 150 കിലോഗ്രാം ലോഡിലാണ് എംഐഡിസി ടെസ്റ്റ് നടക്കുന്നത്.
അതേസമയം ടാറ്റ C75 250 കിലോഗ്രാം ലോഡ് ഉള്‍ക്കൊള്ളുന്നു. C75 റേഞ്ച് പുതിയ എംഐഡിസി റേഞ്ചിനേക്കാള്‍ കുറവാണെങ്കിലും ട്രൂ റേഞ്ച് മുമ്പുള്ളതിന് സമാനമായിരിക്കും. ടാറ്റ മോട്ടോര്‍സ് നിലവില്‍ ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിങ്ങനെ അഞ്ച് ഇലക്ട്രിക് കാറുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്.

ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ കര്‍വ് ഇ-എസ്‌യുവി കൂപ്പെ ആദ്യമെടുക്കാം. 55 kWh, 45 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ കര്‍വ് ഇവി ലഭ്യമാണ്. നേരത്തെ കര്‍വ് ഇവിയുടെ 55 kWh ബാറ്ററി 585 കിലോമീറ്ററും 45 kWh ബാറ്ററി പായ്ക്കിന് 502 കിലോമീറ്ററുമായിരുന്നു ക്ലെയിംഡ് റേഞ്ച്.
എന്നാല്‍ പുതിയ എംഐഡിസി മാനദണ്ഡങ്ങള്‍ പ്രകാരം 55 kWh ബാറ്ററിക്ക് 502 കിലോമീറ്ററും 45 kWh ബാറ്ററിക്ക് 430 കിലോമീറ്ററുമാണ് റേഞ്ച് എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. ടാറ്റ C75 പ്രകാരം വലിയ ബാറ്ററി പായ്ക്കിന് 400 മുതല്‍ 425 കിലോമീറ്റര്‍ വരെയും ചെറിയ ബാറ്ററിക്ക് 330 മുതല്‍ 350 കിലോമീറ്റര്‍ വരെയും റേഞ്ച് ലഭിക്കും.
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിലൊന്നായ നെക്സോണ്‍ ഇവിയും പുതിയ എംഐഡിസി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പരീക്ഷണം നടത്തി. 40.5 kWh, 30 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ നെക്‌സോണ്‍ ഇവി വാങ്ങാവുന്നതാണ്. ഈ ബാറ്ററികള്‍ യഥാക്രമം 465 കിലോമീറ്ററും 325 കിലോമീറ്ററുമായിരുന്നു മുമ്പ് പറഞ്ഞിരുന്ന റേഞ്ച്.
എന്നാല്‍ ഇപ്പോള്‍ 40.5 kWh ബാറ്ററിക്ക് 390 കിലോമീറ്ററും 30 kWh ബാറ്ററിക്ക് 275 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് പുതുക്കിയ കണക്കുകള്‍ കാണിക്കുന്നത്. ടാറ്റയുടെ കണക്കുകള്‍ പ്രകാരം വലിയ ബാറ്ററി പായ്ക്ക് 290 മുതല്‍ 310 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും. 210 കിലോമീറ്റര്‍ മുതല്‍ 230 കിലോമീറ്റര്‍ വരെയാണ് ചെറിയ ബാറ്ററി പായ്ക്കിന്റെ റേഞ്ച്.
35 kWh, 25 kWh. എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റയുടെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. പഴയ എംഐഡിസി മാനദണ്ഡങ്ങള്‍ പ്രകാരം ഈ ബാറ്ററികള്‍ യഥാക്രമം 421 കിലോമീറ്ററും 315 കിലോമീറ്ററും റേഞ്ച് പറഞ്ഞിരുന്നു.
പുതിയ എംഐഡിസി കണക്കുകള്‍ അനുസരിച്ച് 35 kWh ബാറ്ററിക്ക് 365 കിലോമീറ്ററും 25 kWh ബാറ്ററിക്ക് 265 കിലോമീറ്ററുമാണ് റേഞ്ച്. ടാറ്റ C75 പ്രകാരം വലിയ ബാറ്ററി പായ്ക്കുള്ള പഞ്ച് ഒറ്റ ചാര്‍ജില്‍ 270 മുതല്‍ 290 കിലോമീറ്റര്‍ വരെയും ചെറിയ ബാറ്ററി പായ്ക്കുള്ള മോഡല്‍ 190 മുതല്‍ 210 കിലോമീറ്റര്‍ വരെ ദൂരവും ഓടുമെന്നാണ് പറയപ്പെടുന്നത്.
ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇവിയായ ടിയാഗോ ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. 24 kWh, 19.2 kWh ബാറ്റികള്‍ പുതിയ എംഐഡിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫുള്‍ ചാര്‍ജില്‍ യഥാക്രമം 275 കിലോമീറ്ററും 221 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പഴയ മാനദണ്ഡങ്ങള്‍ പ്രകാരം യഥാക്രമം 315 കിലോമീറ്ററും 250 കിലോമീറ്ററുമായിരുന്നു റേഞ്ച്.
എന്നാല്‍ ടിയാഗോ ഇവിയുടെ ചെറിയ ബാറ്ററി പായ്ക്ക് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് ടാറ്റയുടെ ഡേറ്റ പറയുന്നു. മറുവശത്ത് 24 kWh ബാറ്ററി പായ്ക്ക് 190 ഒറ്റ ചാര്‍ജിംഗില്‍ 190 മുതല്‍ 210 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും.
കര്‍ശനമായ പരിശോധനകള്‍ നടത്തി ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനത്തിന്റെ പ്രകടനത്തെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കണക്കുകള്‍ ലഭിക്കുന്നുണ്ടെന്ന് ടാറ്റ ഉറപ്പാക്കുന്നു. താങ്ങാനാവുന്ന വില, കാര്യക്ഷമത, നല്ല സര്‍വീസ് എന്നിവ കാരണം ടാറ്റയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഇന്ത്യയില്‍ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പുതുതായി ടാറ്റ ഇവി വാങ്ങാന്‍ ഒരുങ്ങുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ റേഞ്ചിനെ കുറിച്ചുള്ള കൃത്യമായ ഉള്‍ക്കാഴ്ച ലഭിക്കാനായി ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുക.


Click it and Unblock the Notifications








