ഇവി സെഗ്മെന്റ് ഇനി ഇവൻ വാഴും! മഹീന്ദ്ര BE മോഡലുകൾക്ക് വെല്ലുവിളിയായി ഹാരിയർ ഇവിയെ കളത്തിലിറക്കി ടാറ്റ
2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയുടെ ഷോ ഫ്ലോറിൽ ടാറ്റ മോട്ടോർസിൻ്റെ പ്രൊഡക്ഷൻ സ്പെക്ക് കർവ്വ് എസ്‌യുവിയ്‌ക്കൊപ്പം റോഡ് ഗോയിംഗ് ഹാരിയർ ഇവിയും നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇലക്‌ട്രിഫൈഡ് ഓൾ വീൽ ഡ്രൈവ് എസ്‌യുവി ഈ കലണ്ടർ വർഷത്തിൻ്റെ അവസാനത്തിൽ വിൽപ്പനയ്‌ക്ക് എത്തും.
സിംഗിൾ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ ക്ലെയിം ചെയ്ത ഡ്രൈവിംഗ് റേഞ്ചുമായി എത്തുമ്പോൾ ബ്രാൻഡിൻ്റെ മുൻനിര ഇവി എസ്‌യുവിയായി ഇത് ഏറ്റവും ഉയർന്ന തലത്തിൽ ഇരിക്കും. നിലവിലെ മുൻനില ഇവി മോഡലായ നെക്സോൺ ഇവിയ്ക്കു മുകളിലാവും ഹാരിയർ ഇവിയുടെ സ്ഥാനം. ഇത് കൂടാതെ പഞ്ച് ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവ ബ്രാൻഡിന്റെ ഇലക്ട്രിക് ലാനപ്പിലുണ്ട്.

വെഹിക്കിൾ ടു ലോഡ്, വെഹിക്കിൾ ടു വെഹിക്കിൾ കപ്പാസിറ്റി, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ലെവൽ 2 ADAS സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലേയേർഡ് ഡാഷ്‌ബോർഡ്, ഒരു ഇല്യുമിനേറ്റഡ് ലോഗോയുള്ള ടു -സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിങ്ങനെയുള്ള മുൻനിര ഫീച്ചറുകളായിരിക്കും ഇതിൽ വരുന്നത്.
അതോടൊപ്പം ഒരു ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ ഫംഗ്ഷനുകൾക്കുള്ള ടച്ച് ബേസ്ഡ് നിയന്ത്രണങ്ങൾ, ഒന്നിലധികം എയർബാഗുകൾ എന്നിവയും അതിലേറെയും ഇതിൽ വരുന്നു. വാഹനത്തിൻ്റെ വില 25 ലക്ഷം രൂപയിൽ കൂടുതലാകും എന്ന് പ്രതീക്ഷിക്കുന്നു. പഞ്ച് ഇവിയിൽ അരങ്ങേറിയ കമ്പനിയുടെ ഏറ്റവും പുതിയ Acti.ev ആർക്കിടെക്ചറിലാണ് ഹാരിയർ ഇവി ഒരുങ്ങുന്നത്.
ഇലക്ട്രിക് കർവ്വിലും, വരാനിരിക്കുന്ന സിയറ, ആൾട്രോസ് ഇവികളിലും ഇതേ പ്ലാറ്റ്ഫോം തന്നെയാവും ടാറ്റ മോട്ടോർസ് ഉപയോഗിക്കുന്നത്. നൂതന സാങ്കേതികവിദ്യകളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം മൊത്തത്തിലുള്ള ഡ്രൈവിംഗ് എക്സ്പീരിയൻസും ഇത് വർദ്ധിപ്പിക്കും. അതോടൊപ്പം സെഗ്മെന്റ് ബെസ്റ്റ് കാര്യക്ഷമതയും സ്പെയ്സും ബാറ്ററി കപ്പാസിറ്റിയും പ്രാപ്തമാക്കുന്നതിനാണ് ഈ പുതിയ ഇവി പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ടാറ്റ പറയുന്നു.
ഹാരിയർ ഇവി ഒരു കൂപ്പെ ടൈപ്പിലുള്ള രൂപ ശൈലിയോടെയാണ് വരുന്നത്, ക്ലീൻ സർഫസു്ള ബോഡി വർക്ക്, ഷാർപ്പ് കട്ട് & ക്രീസ്, "സീ-വീഡ്" ബോഡി കളറും വാഹനത്തിന് ഒരു ശക്തമായ റോഡ് പ്രെസൻസ് ഉറപ്പാക്കുന്നു. എക്സ്റ്റീരിയറിൽ വൈഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രവർത്തനപരവും വൈകാരികവുമായ ലൈറ്റിംഗ്, എയറോഡൈനാമിക് കാര്യക്ഷമമായ സെറേറ്റഡ് ടർബൈൻ ബ്ലേഡ് വീലുകൾ എന്നിവയാണ് പ്രധാന ഹൈലൈറ്റഉകൾ.

നിലവിൽ രാജ്യത്തെ ഏറ്റവും ബെസ്റ്റ് സെല്ലിംഗ് ഇവി മോഡലാണ് ടാറ്റ നോക്സോൺ, ഇതിനാൽ തന്നെ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ കാര്യമായ ഒരു വിഹിതം കൈവരിക്കാൻ ടാറ്റ മോട്ടോർസിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. എന്നാൽ നിലവിൽ മഹീന്ദ്ര, എംജി, സിട്രൺ, ഹ്യുണ്ടായി എന്നിങ്ങനെ വളരെ കുറച്ച് നിർമ്മാതാക്കൾ മാത്രമാണ് ഈ ഇവി സ്പെയ്സിലുള്ളത് എന്നതാണ് വാസ്തവം.
എന്നാൽ അധികം താമസിയാതെ തന്നെ മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഇലക്ട്രിക് വാഹന സെഗ്മെന്റിലേക്ക് ചുവടു വെയ്ക്കാനുള്ള ഒരുക്കത്തിലാണ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയും തങ്ങളുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ ഇവി പതിപ്പ് ഉടനടി വിൽപ്പനയ്ക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ്.
ഈ അവസരത്തിൽ ടാറ്റയ്ക്ക് തങ്ങളുടെ പൊസിഷൻ നിലനിർത്താൻ പുത്തൻ തന്ത്രങ്ങളും പ്ലാനുകളും ആവശ്യമാണ്, അടുത്തിടെ നിർമ്മാതാക്കൾ പുറത്തിറക്കി പഞ്ച് ഇവി ഇതിന് ഒരു തുടക്കം മാത്രമാണ്. ഇപ്പോൾ വെളിപ്പെടുത്തിയ ഹാരിയർ ഇവി, വരാനിരിക്കുന്ന കർവ്വ്, സിയറ, ആൾട്രോസ് ഇവികൾ എന്നിവയുമായി ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി കൈപ്പിടിയിൽ ഒതുക്കാനാണ് പ്രാദേശിക വാഹന ഭീമൻ പദ്ധതിയിടുന്നത്.


Click it and Unblock the Notifications








