10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
വാണിജ്യ വാഹന വിപണിയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ് (Tata Motors). വാണിജ്യ വാഹന വിഭാഗത്തില്‍ ധാരാളം വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ടാറ്റ കോംപാക്റ്റ് വാന്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന ഒരു മോഡലാണ് ടാറ്റ മാജിക് (Tata Magic).
ലാസ്റ്റ് മൈല്‍ ഡെലിവറിക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്നായ ഇത് 10 വര്‍ഷത്തിലേറെയായി വില്‍പ്പനയിലുണ്ട്. ഒരേ സമയം 10 പേര്‍ക്ക് വരെ ഈ വാഹനത്തില്‍ യാത്ര ചെയ്യാം. ഒരു ദശാബ്ദത്തിലേറെയായി വിപണിയലുള്ള ടാറ്റ മാജിക് ലാസ്റ്റ് മൈല്‍ മൊബിലിറ്റി രംഗത്ത് വിശ്വാസ്യത, കാര്യക്ഷമത, താങ്ങാനാവുന്ന വില എന്നിവയ്ക്ക് പേരുകേട്ടതാണ്. സ്‌കൂള്‍ കുട്ടികളുടെയും ഓഫീസ് സ്റ്റാഫുകളെയും കൊണ്ടുപോകാനായി ഉപയോഗിക്കുന്ന വാനായും ഇത് ഉപയോഗിക്കുന്നു.

കേരളത്തിലെയടക്കം ചില പട്ടണങ്ങളില്‍ ടാറ്റ മാജിക് ഷെയര്‍ ഓട്ടോ രൂപത്തിലും കാണാം. സുഗമമായ ഡിസൈന്‍, ന്യായമായ സുരക്ഷ, മാന്യമായ യാത്രാ സൗകര്യം എന്നിവയാണ് ടാറ്റ മാജിക്കിന്റെ ശ്രദ്ധേയമായ ഗുണങ്ങള്‍. ഇപ്പോള്‍ ടാറ്റ മാജിക് ഒരു സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 4 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചാണ് മാജിക് പുതിയ നാഴികക്കല്ല് താണ്ടിയത്. പുത്തന്‍ നേട്ടം പിന്നിട്ടത് ആഘോഷിക്കുന്നതിനായി വാഹനത്തിന് ഒരു പുത്തന്‍ ബൈ-ഫ്യുവല്‍ വേരിയന്റ് സമ്മാനിച്ചിട്ടുണ്ട് ടാറ്റ.
ഒരേ സമയം പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 694 സിസി എഞ്ചിനാണ് ടാറ്റ മാജിക് ബൈ-ഫ്യുവലിന് തുടിപ്പേകുന്നത്. 5 ലിറ്റര്‍ പെട്രോള്‍ ടാങ്കിനൊപ്പം ഇതിന് 60 ലിറ്റര്‍ സിഎന്‍ജി ടാങ്കും ലഭിക്കുന്നത്. ഒറ്റ പ്രാവശ്യം മുഴുവനായും ഇന്ധനം നിറച്ചാല്‍ 380 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 60 ലിറ്റര്‍ ടാങ്കില്‍ 10 കിലോ സിഎന്‍ജി നിറയ്ക്കാം.
നിലവിലെ പെട്രോള്‍, സിഎന്‍ജി വില കണക്കാക്കുമ്പോള്‍ വാഹനത്തില്‍ പൂര്‍ണമായി ഇന്ധനം നിറക്കാന്‍ ഏകദേശം 1300 രൂപയ്ക്കടുത്ത് വില വരും. അങ്ങനെ വരുമ്പോള്‍ 380 കിലോമീറ്റര്‍ വരെ യാത്ര ചെയ്താല്‍ കിലോമീറ്ററിന് 3.5 രൂപയ്ക്കടുത്ത് മാത്രമാണ് ചെലവ് വരുന്നത്. കൂടുതലും ഇത് സിഎന്‍ജിയിലാണ് ഓടുന്നത്. പെട്രോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ഉപയോഗപ്പെടുത്തേണ്ടത്.
ടാറ്റ മാജിക്കിന്റെ പുതിയ വേരിയന്റില്‍ കമ്പനി ഒത്തിരി വാല്യു ആഡഡ് ഫീച്ചറുകളും ചേര്‍ത്തിട്ടുണ്ട്. എക്കോ സ്വിഫ്റ്റ്, ഗിയര്‍ സ്വിഫ്റ്റ് അഡൈ്വസര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. ഇന്ധനച്ചെലവ് ഇനത്തില്‍ ഒത്തിരി പണം ലാഭിക്കാന്‍ ഈ ഫീച്ചറുകള്‍ സഹായിക്കും. ഈ വാഹനത്തിന് 2 വര്‍ഷം അല്ലെങ്കില്‍ 72,000 കിലോമീറ്റര്‍ വരെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സ്റ്റാന്‍ഡേര്‍ഡ് വാനിനെ അപേക്ഷിച്ച് പുതിയ ബൈ ഫ്യുവല്‍ വേരിയന്റിന് ഉയര്‍ന്ന പെര്‍ഫോമന്‍സും കുറഞ്ഞ പരിപാലനച്ചെലവുമാണുള്ളത്. മികച്ച ഇന്ധനക്ഷമത, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, ഉയര്‍ന്ന വാഹന പ്രവര്‍ത്തന സമയം, ലൈവ് ട്രാക്കിംഗ് എന്നിവ ഉറപ്പാക്കാന്‍ ടാറ്റ മോട്ടോര്‍സ് ഫ്‌ലീറ്റ് എഡ്ജ് സര്‍വീസ് അനലിറ്റിക്സ് നല്‍കുന്നു.
വെഹിക്കിള്‍ ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് സേവനങ്ങളും സമ്പൂര്‍ണ സേവ 2.0 വാഗ്ദാനം ചെയ്യുന്നു. ഫ്‌ലീറ്റ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍, വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകള്‍, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ടാറ്റ മാജിക് ബൈ ഫ്യുവല്‍ വേരിയന്റിന്റെ വില കമ്പനി ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ടാറ്റ
മാജിക് ഗോള്‍ഡ് 5.65 ലക്ഷം രൂപക്കും ടാറ്റ മാജിക് എക്സ്പ്രസ് 7.34 ലക്ഷം രൂപയ്ക്കുമാണ് വില്‍ക്കുന്നത്. എന്നാല്‍ പുതിയ വേരിയന്റിന് മത്സരാധിഷ്ഠിതമായ വില ടാറ്റ നിര്‍ണയിച്ചേക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. നഗരയാത്രയുടെ സൗകര്യവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മാജിക് ബൈ-ഫ്യുവല്‍ സിഎന്‍ജിയുടെയും പെട്രോളിന്റെയും ഇരട്ട ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല വൈവിധ്യമാര്‍ന്നത് ചെലവ് കുറഞ്ഞതുമായ യാത്രയാണ് ഇത് ഓഫര്‍ ചെയ്യുക.


Click it and Unblock the Notifications








