ടാറ്റയുടെ ഈ വാഹനങ്ങൾക്ക് വില കൂടാൻ പോകുവാണേ, ഏതൊക്കെ മോഡലുകൾക്കെന്ന് അറിയണ്ടേ
ഇന്ത്യയിലെ വാണിജ്യ വാഹന മേഖലയിലെ മുൻനിരയിലുള്ളതും യാത്രാ വാഹന വിപണിയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുന്നവരാണ് ടാറ്റ മോട്ടോർസ്. രാജ്യത്തെ ടാറ്റയുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. വാണിജ്യ വാഹനങ്ങളുടെ മുഴുവൻ ശ്രേണിക്കും ബാധകമാകും, മോഡലും വേരിയൻ്റും അനുസരിച്ച് പ്രത്യേക വർദ്ധനവുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ് മെയ് മാസത്തിൽ 29,691 വാണിജ്യ വാഹനങ്ങളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തിരുന്നു, ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2 ശതമാനം വളർച്ചയാണ് പ്രതിഫലിപ്പിക്കുന്നത്.
ട്രക്ക് വിൽപ്പന ഡാറ്റ സൂക്ഷ്മമായി പരിശോധിച്ചാൽ സമ്മിശ്ര ഫലങ്ങളാണ് ഉളളത്. മൊത്തം ട്രക്ക് വിൽപ്പന 12,402 യൂണിറ്റായിരുന്നു, എന്നാൽ ഹെവി കൊമേഴ്‌സ്യൽ വെഹിക്കിളുകളുടെ വിൽപ്പന 3 ശതമാനം കുറഞ്ഞിരുന്നു, 2023 മെയ് മാസത്തിൽ 8,160 യൂണിറ്റിൽ നിന്ന് 2024 മെയ് മാസത്തിൽ 7,924 യൂണിറ്റായി മാറുകയും ചെയ്തു.

എന്നാൽ ഇൻ്റർമീഡിയറ്റ് ലൈറ്റ് മീഡിയം കൊമേഴ്‌സ്യൽ വെഹിക്കിൾ സെഗ്‌മെൻ്റ് ഗണ്യമായ വളർച്ച രേഖപ്പെടുത്തി, 2023 മേയിലെ 3,450 യൂണിറ്റുകളിൽ നിന്ന് 2024 മെയ് മാസത്തിൽ വിൽപ്പന 30 ശതമാനം ഉയർന്ന് 4,478 യൂണിറ്റായി. ടാറ്റ പുതിയ വില വർധനവ് വരുന്നതോടെ മറ്റ് വാഹന നിർമാതാക്കളും ഈ പാത പിന്തുടരുമെന്നാണ് തോന്നുന്നത്.വാണിജ്യ വാഹനങ്ങളിലെ പ്രമുഖരെന്ന നിലയിൽ, മികച്ചതും ഭാവിയിൽ തയാറുള്ളതുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും എന്ന നിലയിൽ 21 മോഡലുകൾ അവതരിപ്പിച്ചിരുന്നു.
മീഡിയം, ഹെവി വാണിജ്യ വാഹന വിഭാഗത്തിൽ ഉയർന്ന ഇന്ധനക്ഷമതയുള്ള കൺസ്ട്രക്ക്, ട്രാക്ടർ ട്രെയിലർ, റിജിഡ് ട്രക്ക് ശ്രേണിയിലുടനീളം ഏഴ് പുതിയ വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയവയിൽ ഉൾപ്പെടുന്നത്. അതേസമയം ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിൽ സിഎൻജി പവർട്രെയിനുകൾ, വർധിപ്പിച്ച ഡെക്ക് നീളം, അൾട്രാ സ്ലീക്ക് ക്യാബിനുകൾ എന്നിവയുള്ള 4-18 ടൺ GVW ശ്രേണിയിലുള്ള അഞ്ച് പുതിയ വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

സ്മോൾ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, പിക്ക് അപ്പ് സെഗ്മെന്റിൽ ലാസ്റ്റ് മൈൽ ഡെലിവറിയിൽ കൂടുതൽ ചടുലത നൽകുന്ന നാല് മൾട്ടി-യൂസ് വാഹനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബസുകളുടെ വിഭാഗത്തിൽ, ഒരു ഇലക്ട്രിക് ബസ് ഉൾപ്പെടെ അഞ്ച് പുതിയ വാഹനങ്ങൾ, സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളോടെയും യാത്രക്കാരുടെ ഗതാഗതത്തിന് സമഗ്രമായ പരിഹാരങ്ങളും നൽകുന്നതിനുമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഈ അത്യാധുനിക വാഹനങ്ങൾ ടാറ്റ മോട്ടോർസ് സ്ഥാപിച്ച 'പവർ ഓഫ് 6' ആനുകൂല്യ നിർദ്ദേശം കൂടുതൽ മെച്ചപ്പെടുത്തുന്നു. ഉത്പാദനക്ഷമതയും ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ മൊത്തം ചെലവും (TCO) ഈ വാണിജ്യ വാഹനങ്ങളുടെ മുഖമുദ്രയാണ്. അതേസമയം വാണിജ്യ വാഹന മേഖലയിൽ ടാറ്റ മോട്ടോർസിന് കനത്ത തിരിച്ചടിയായി ചിപ്പ് ക്ഷാമം തുടരുകയാണ്. ഈ പ്രതിസന്ധി കുറച്ച് നാളുകൾ കൂടി തുടർന്നേക്കുമെന്നാണ് അനുമാനം. അതിനാൽ തന്നെ കുറഞ്ഞ അളവിൽ സെമികണ്ടക്‌ടർ ആവശ്യമുള്ള വേരിയന്റുകളിലേക്കാണ് കമ്പനി കൂടുതൽ ഊന്നൽ കൊടുക്കുന്നത്.
ഈ വർഷം ജനുവരിയിലും കമ്പനി തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. പുതിയ എമിഷൻ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ വാഹനങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യാനുളള ശ്രമത്തിലാണ്. വില ഉയർത്തിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള ഒരു പൊടികൈ ബ്രാൻഡ് പ്രയോഗിച്ചിരിക്കുകയാണ്. നെക്‌സോൺ, ആൾട്രോസ്, പഞ്ച്, ടിയാഗോ, ടിഗോർ എന്നിവയുടെ ബിഎസ്-VI ഫേസ് II പതിപ്പുകൾക്ക് മൈലേജ് കൂട്ടിയെന്നായിരുന്നു ടാറ്റയുടെ അഭിപ്രായം.
ഈ കാറുകളുടെ പെട്രോൾ, ഡീസൽ വേരിയന്റുകളിലുടനീളം ഇനി മുതൽ മൈലേജ് 0.60 കിലോമീറ്റർ മുതൽ 2.40 കിലോമീറ്റർ വരെ അധികമായി ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. വർധിച്ച മൈലേജ് ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന കാര്യമാണ്. മുൻമോഡലിനെ അപേക്ഷിച്ച് ടിഗോറിv് അധികമായി 0.60 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. 19.60 കി.മീ ആണ് സെഡാന്റെ പുതിയ മൈലേജ്. അതേസമയം ആൾട്രോസ് പെട്രോളിൽ 0.70 കി.മീ ഉയർന്ന് പുതിയ മൈലേജ് ലിറ്ററിന് 19.30 കിലോമീറ്ററായി.


Click it and Unblock the Notifications








