നവംബറിൽ കഷ്ടിച്ച് രക്ഷപെട്ട് ടാറ്റ; വിൽപ്പനയിൽ നേരിയ വർധന
2024 -ന്റെ അവസാനത്തോട് അടുക്കുമ്പോൾ ടാറ്റ മോട്ടോഴ്‌സ് മൊത്ത വിൽപ്പനയിൽ നേരിയ വർധന രേഖപ്പെടുത്തി. 2024 നവംബറിൽ 74,753 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റഴിച്ച 74,172 യൂണിറ്റുകളെ അപേക്ഷിച്ച് വളരെ ചെറിയ നേട്ടം മാത്രമാണിത്. പാസഞ്ചർ വെഹിക്കിൾ (PV) ആഭ്യന്തര വിൽപ്പനയുമായി ബന്ധപ്പെട്ട് (ഇവികൾ ഉൾപ്പെടെ), കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 46,068 യൂണിറ്റുകളെ അപേക്ഷിച്ച് 2024 നവംബറിൽ 47,063 യൂണിറ്റുകളുടെ വിൽപ്പനയുമായി കമ്പനി 2.0 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
കൂടാതെ, ടാറ്റ മോട്ടോർസ് ഇലക്ട്രിക് വാഹന വിഭാഗത്തിൽ 9.0 ശതമാനം വളർച്ച രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4,761 യൂണിറ്റുകളെ അപേക്ഷിച്ച് 2024 നവംബറിലെ വിൽപ്പന 5,202 യൂണിറ്റോളമായിരുന്നതിനാലാണിത്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇവി വിപണിയിൽ കൂടുതൽ ട്രാക്ഷൻ നേടാൻ ടാറ്റയ്ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണിത്.

ആഭ്യന്തര വിപണിയിലെ പഞ്ച്, നെക്‌സോൺ, കർവ്വ്, ഹാരിയർ, സഫാരി തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന എസ്‌യുവി ലൈനപ്പാണ് ടാറ്റയുടെ പാസഞ്ചർ വാഹന വിൽപ്പന പ്രധാനമായും മുമ്പോട്ടു നയിക്കുന്നത്. പഞ്ച്, നെക്‌സോൺ, കർവ്വ് എന്നിവ ഇൻ്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ICE), ഇലക്ട്രിക് വെഹിക്കിൾ (ഇവി) എന്നിങ്ങനെ രണ്ട് തലങ്ങളിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു.
2024 നവംബറിൽ, ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള ലൈറ്റ് വെയിറ്റ്, ഹെവി കൊമേർഷ്യൽ വാഹനങ്ങളുടെ (MH & ICV) ആഭ്യന്തര വിൽപ്പന 12,481 യൂണിറ്റുകളായി, 2023 നവംബറിലെ 12,303 യൂണിറ്റുകളിൽ നിന്ന് വർധിച്ചു. ആഭ്യന്തര, അന്തർദേശീയ വിപണികളെ എല്ലാം ഉൾക്കൊള്ളുന്ന മൊത്തം MH & ICV വിൽപ്പന നവംബർ 2024 -ൽ 13,230 യൂണിറ്റിലെത്തി. മുൻവർഷത്തെ 12,895 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മാന്യമായ ഒരു നേട്ടമാണ്.

മറ്റു അനുബന്ധ വാർത്തകളിൽ, ടാറ്റ മോട്ടോർസ് 2025 -ൽ ഹാരിയർ ഇവിയും സിയറ ഇവിയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2025 ജനുവരിയിൽ അരങ്ങേറ്റം കുറിക്കും എന്ന് പ്രതീക്ഷിക്കുന്ന ഹാരിയർ ഇവി ജനപ്രിയ എസ്‌യുവിയുടെ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന ഒരു മോഡലാണ്. ക്ലോസ്ഡ് ഗ്രില്ല്, എൽഇഡി ലൈറ്റ് ബാർ, എയറോഡൈനാമിക് അലോയി വീലുകൾ എന്നിവയുൾപ്പെടെ വളരെ ആകർഷകമായ ഒരു രൂപകൽപ്പനയുമായിട്ടാണ് വാഹനം വരുന്നത്.
അകത്തളത്തിള്ളിൽ, 12.3 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, വെൻ്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ് എന്നിവയ്‌ക്കൊപ്പം വളരെ നീറ്റായ ഒരു പായ്ക്കേജ് വാഗ്ദാനം ചെയ്യും. 60 - 80 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത് 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച്, ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ്, V2L സാങ്കേതികവിദ്യ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഏഴോളം എയർബാഗുകൾ, ADAS, 360 -ഡിഗ്രി ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളുള്ള OMEGA ആർക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 24-30 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന ഇത് മഹീന്ദ്ര XUV.e8, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയുമായി ഇന്ത്യൻ വിപണിയിൽ മത്സരിക്കും. 2025 അവസാനത്തോടെ ലോഞ്ച് ചെയ്യുന്ന സിയറ ഇവി, ടാറ്റയുടെ Acti.ev പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വരുന്നത്.
150 kW വരെ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നതും 500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത് 2WD, ഡ്യുവൽ മോട്ടോർ AWD ഓപ്ഷനുകളിൽ ടാറ്റ വാഗ്ദാനം ചെയ്യും. ഏകദേശം 25 ലക്ഷം രൂപയായിരിക്കും ഇതിന് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള പെട്രോൾ, ഡീസൽ വകഭേദങ്ങളുമായി വരുന്ന സിയറയുടെ ICE പതിപ്പ് ഇതിനെ പിന്തുടരും.


Click it and Unblock the Notifications








