എതിരാളികള്‍ അടുത്തെങ്ങും ഇല്ല... ഇന്ത്യന്‍ നിരത്തുകള്‍ നിറഞ്ഞ് 1.5 ലക്ഷം ടാറ്റ ഇവികള്‍
2020-ലാണ് ടാറ്റ മോട്ടോര്‍സ് ഇലക്ട്രിക് വാഹന ബിസിനസിലേക്ക് കാലെടുത്ത് വെച്ചത്. പുത്തന്‍ വാഹനങ്ങളെ ഇന്ത്യക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നതിനെ കുറിച്ചുള്ള അനിശ്ചിതത്തം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളാണ് ടാറ്റ. ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി എന്നീ മോഡലുകളിലൂടെ ഇവി വിഭാഗത്തില്‍ ഭൂരിഭാഗം വിപണി വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റയാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് 73,833 ഇവികളാണ് വിറ്റഴിച്ചത്. ടാറ്റ തങ്ങളുടെ ഇലക്ട്രിക് വാഹന ബിസിനസ്സില്‍ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചിട്ടുണ്ട്.
ആഭ്യന്തര കാര്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ ഇന്ത്യയില്‍ 1.5 ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചാണ് പുത്തന്‍ നാഴികക്കല്ല് താണ്ടിയത്. 2023 സാമ്പത്തിക വര്‍ഷത്തിലെ 50,000 യൂണിറ്റുകളായിരുന്നു വില്‍പ്പന. അതേസമയം 2024 സാമ്പത്തിക വര്‍ഷത്തില്‍ 73,800 ഇവികള്‍ വിറ്റഴിച്ച് ബ്രാന്‍ഡ് 48 ശതമാനം വളര്‍ച്ച കൈവരിച്ചു.നിലവില്‍ നാല് ഓള്‍-ഇലക്ട്രിക് മോഡലുകള്‍ വില്‍പ്പനക്കെത്തിക്കുന്ന ടാറ്റ ഇലക്ട്രിക് ഹാച്ച്ബാക്കുകളും എസ്‌യുവികളും ഉള്‍പ്പെടെ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

7.99 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ ഇലക്ട്രിക് കാര്‍ റേഞ്ചിന്റെ വില ആരംഭിക്കുന്നത്. നെക്‌സോണ്‍ ഇവിയുടെ ടോപ്‌സ്‌പെക് വേരിയന്റിന്റെ വിലകള്‍ 19.49 ലക്ഷം രൂപ വരെ പോകുന്നു. ടാറ്റയുടെ പോര്‍ട്ഫോളിയോയില്‍ ഏറ്റവും ഒടുവില്‍ എത്തിയ മോഡലാണ് പഞ്ച് ഇവി. 2024 ജനുവരിയിലാണ് കാര്‍ വിപണിയില്‍ എത്തിയത്.പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്കൊപ്പം ഇലക്ട്രിക് പതിപ്പ് കൂടി എത്തിയതോടെ ടാറ്റ പഞ്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറായി മാറിയിരുന്നു.
പഞ്ച് ഇവി വെറും ആറുമാസം കൊണ്ട് 10,000 യൂണിറ്റുകള്‍ വിറ്റഴിച്ച് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. വാഹന ലോകത്തെ അമ്പരപ്പിക്കുന്ന തരത്തിലാണ് പഞ്ച് ഇവിക്ക് ലഭിക്കുന്ന സ്വീകാര്യത. പഞ്ച് ഇവിക്കൊപ്പം നെക്സോണ്‍ ഇവിയും ഈ മാസം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടരുന്നു. 2020-ല്‍ വിപണിയില്‍ എത്തിയ നെക്സോണ്‍ ഇവി 68000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ലാണ് താണ്ടിയത്.

മാരുതിയടക്കമുള്ള എതിരാളികള്‍ ഇവി സ്‌പെയ്‌സിലേക്ക് കടന്ന് വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നുണ്ട് ടാറ്റ. കര്‍വ് ഇവിയും ഹാരിയര്‍ ഇവിയുമാണ് ടാറ്റയുടെ ഇലക്ട്രിക് കാര്‍ നിരയിലേക്ക് ഉടന്‍ ചേരാന്‍ പോകുന്നത്. രണ്ട് മോഡലുകളും 2025 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പനയ്ക്കെത്തും. AWD കോണ്‍ഫിഗറേഷനിലേക്ക് സൂചന നല്‍കുന്ന റിയര്‍ മൗണ്ടഡ് മോട്ടോര്‍ ഫീച്ചര്‍ ചെയ്യുന്ന ഹാരിയര്‍ ഇവിയുടെ സ്‌പൈ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
2025 സാമ്പത്തിക വര്‍ഷം 1 ലക്ഷം ഇവികള്‍ വില്‍ക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. അടുത്തിടെ ടാറ്റ നെക്സോണ്‍ ഇവിയും പഞ്ച് ഇവിയും ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുകള്‍ നേടിയത് വില്‍പ്പന ഉയര്‍ത്താന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ രണ്ട് മോഡലുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ആദ്യ കാറായി പഞ്ച് ഇവി മാറിയിരുന്നു.

ഇന്ത്യയില്‍ ചെറുപട്ടണങ്ങളില്‍ ടാറ്റ ഇവികള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ചീഫ് മൊമേഴ്ഷ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ വ്യക്തമാക്കിയിരുനനു. ഇവിടെ നിന്ന് കൂടുതല്‍ വില്‍പ്പന നേടിയെടുക്കാനായി കമ്മ്യൂണിറ്റി ചാര്‍ജറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ടയര്‍2 നഗരങ്ങളാണ് ടാറ്റ ഇവികളുടെ വില്‍പ്പനയുടെ 45 ശതമാനവും സംഭാവന ചെയ്യുന്നത്.
രാജ്യത്തുടനീളമുള്ള 8,000-ത്തിലധികം ചാര്‍ജിംഗ് സ്റ്റേഷനുകളുള്ള ടാറ്റ മോട്ടോര്‍സ് അതിന്റെ തടസമില്ലാത്ത ചാര്‍ജിംഗ് അനുഭവത്തിന്റെ ഭാഗമായി അഞ്ച് നഗരങ്ങളില്‍ 24x7 എമര്‍ജന്‍സി ചാര്‍ജിംഗ് പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മാര്‍ച്ചില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി സഹകരിച്ച് 2024 ഡിസംബറോടെ ഇന്ത്യയില്‍ 5,000 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications








