ഏതൊക്കെ കൊലകൊമ്പൻ വന്നാലും ഇവി സെഗ്മെന്റിൽ ടോപ്പ് ടാറ്റ തന്നെ; 2023 -ലെ കണക്കുകൾ ഇങ്ങനെ
2023 -ൽ നിരവധി പ്രമുഖ കാർ ലോഞ്ചുകൾ നടന്നപ്പോൾ തന്നെ, ഇവി സെഗ്മെന്റിനും നിരവധി പുതിയ മോഡലുകളുടേയും ഫെയ്‌സ്‌ലിഫ്റ്റുകളുടേയും വരവോടെ വലിയ ഉത്തേജനം ലഭിച്ചു. 2022 -നെ അപേക്ഷിച്ച്, ഇലക്ട്രിക് വാഹന വിഭാഗത്തിന് 2023 -ൽ 114 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
കൂടാതെ 2023 ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യയിൽ മൊത്തം 81,870 ഇവികളാണ് വിറ്റഴിച്ചത്. രാജ്യത്തെ ഇവി ബിസിനസിലുള്ള എല്ലാ കാർ നിർമ്മാതാക്കളേയും കൂട്ടി ഒരു കണക്കെടുക്കുമ്പോൾ ടാറ്റ മോട്ടോർസ് 73 ശതമാനം വിപണി വിഹിതം നേടി ഇലക്ട്രിക് വാഹന വിഭാഗത്തിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു.

ഇന്ത്യയിൽ വിറ്റഴിച്ച 81,870 ഇലക്ട്രിക് വാഹനങ്ങളിൽ 59,580 ഇവികളും ടാറ്റ മോട്ടോർസിൽ നിന്നാണ്. ഇത്രയധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിഞ്ഞതോടെ, ടാറ്റ മോട്ടോർസ് തങ്ങളുടെ ഇവി ശ്രേണിയിൽ 86 ശതമാനം വളർച്ച നേടി, നിലവിൽ ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി എന്നിവയാണ് ബ്രാൻഡിന്റെ ലൈനപ്പിലുള്ളത്.
ഇലക്‌ട്രിക് വാഹന മേഖലയിൽ തങ്ങളുടെ രണ്ട് മോഡലുകളായ ZS ഇവി, കോമെറ്റ് ഇവി എന്നിവയുടെ 9,430 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് മഹീന്ദ്രയെ പിൻതള്ളി എംജി രണ്ടാം സ്ഥാനം നേടി. ഇവി നിർമ്മാതാക്കളുടെ പട്ടികയിൽ മഹീന്ദ്ര മൂന്നാം സ്ഥാനത്താണ്, തങ്ങളുടെ ഏക ഇവി മോഡലായ XUV400 -യുടെ 4,201 യൂണിറ്റുകളാണ് കമ്പനി വിറ്റത്, ഇതിനാൽ വിപണി വിഹിതത്തിന്റെ 5.13 ശതമാനം നേടാനേ നിർമ്മാതാക്കൾക്ക് കഴിഞ്ഞുള്ളൂ.

താരതമ്യേന പുതിയ കാർ നിർമ്മാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് (BYD) E6 എംപിവി, അറ്റോ 3 ക്രോസ്ഓവർ എന്നിവ ഉൾപ്പെടുന്ന ഇവി ലൈനപ്പിന്റെ 1,997 യൂണിറ്റുകൾ വിറ്റഴിച്ച് നാലാം സ്ഥാനം കരസ്ഥമാക്കി, കൂടാതെ ഈ സെഗ്മെന്റിൽ 2.43 ശതമാനം വിപണി വിഹിതവും നേടി.
നിലവിൽ തങ്ങളുടെ ഏക ഇലക്ട്രിക് വാഹനമായ eC3 -യുടെ 1,938 യൂണിറ്റുകൾ വിറ്റഴിച്ച് 2.36 ശതമാനം വിപണി വിഹിതവും ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രൺ ഉറപ്പിച്ചു. പട്ടികയിൽ സിട്രണിന് പിന്നിൽ 1,597 യൂണിറ്റ് കോന ഇവി, അയോണിക് 5 എന്നിവ വിറ്റഴിച്ചു കൊണ്ട് ഹ്യുണ്ടായിയാണുള്ളത്, അതേസമയം കിയ തങ്ങളുടെ ഏക ഇലക്ട്രിക് മോഡലായ EV6 -ന്റെ 436 യൂണിറ്റ് വിറ്റു.

ആഡംബര കാർ നിർമ്മാതാക്കൾക്ക് പോലും ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിർണായകമായ വളർച്ചയുണ്ടായി എന്നതാണ് ശ്രദ്ധേയം, വർഷത്തിലുടനീളമുണ്ടായ പ്രമുഖ ഇവി ലോഞ്ചുകൾ തങ്ങളുടെ മൊത്തത്തിലുള്ള വിൽപ്പന കണക്കുകൾക്ക് മികച്ച സംഭാവന നൽകി. 1,280 ഇലക്ട്രിക് വാഹനങ്ങളുമായി ബിഎംഡബ്ല്യു ഈ വിഭാഗത്തിൽ ഒന്നാമത് എത്തി.
അതിനു പിന്നാലെ 553 ഇലക്ട്രിക് വാഹനങ്ങളുമായി വോൾവോ രണ്ടാം സ്ഥാനത്തും 505 യൂണിറ്റുകളുമായി മെർസിഡീസ് ബെൻസ് മൂന്നാം സ്ഥാനത്തും എത്തി. ഔഡി 140 ഇവികൾ 2023 -ൽ വിറ്റപ്പോൾ പോർഷയും ജാഗ്വാർ ലാൻഡ് റോവറും യഥാക്രമം 95, 9.0 യൂണിറ്റുകൾ വിറ്റഴിച്ചു.

ഇലക്ട്രിക് വാഹന മേഖലയിൽ എല്ലാ കാർ നിർമ്മാതാക്കളുടെയും ഗണ്യമായ വളർച്ചയോടെ, 2024 -ൽ ഈ വിഭാഗം വീണ്ടും വമ്പൻ വിപുലീകരണത്തിന് ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും, തങ്ങളുടെ ആദ്യത്തെ ഓൾ ഇലക്‌ട്രിക് വാഹനമായ eVX -ന്റെ പ്രൊഡക്ഷൻ പതിപ്പുമായി ഇലക്ട്രിക് രംഗത്തേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്.
ഈ വർഷം കോന ഇവിക്ക് ഒരു കൂട്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും വിപണിയിൽ എത്തിച്ച് ഹ്യുണ്ടായി, മാരുതി സുസുക്കിക്ക് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ്. ടാറ്റ മോട്ടോർസ് 2024 -ന്റെ ആദ്യ പാദത്തിൽ തന്നെ പഞ്ച് ഇവിയുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. അതേസമയം സിട്രൺ ഈ വർഷം eC3 എയർക്രോസ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. അപ്‌ഡേറ്റ് ചെയ്ത മഹീന്ദ്ര XUV400 -യും താമസിയാതെ തന്നെ ഇങ്ങെത്തും.


Click it and Unblock the Notifications