'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
വാഹന ലോകത്തെ കുറിച്ച് വളരെ അപ്‌ഡേറ്റഡായ എല്ലാവര്‍ക്കും സുപരിചിതമായ ഒരു വാക്കാണ് ഗ്ലോബല്‍ NCAP. യുകെ ആസ്ഥാനമായുള്ള ചാരിറ്റി സ്ഥാപനമായ ടുവേര്‍ഡ് സീറോ ഫൗണ്ടേഷന്റെ പ്രധാന സംരംഭമാണ് ഗ്ലോബല്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം എന്ന GNCAP. റോഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി മോട്ടോര്‍ വാഹന സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഗ്ലോബല്‍ NCAP പ്രവര്‍ത്തിക്കുന്നത്.
പുതിയ കാറുകള്‍ പരീക്ഷിക്കുകയും അവ ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. 2014 മുതല്‍ ഗ്ലോബല്‍ NCAP 'സേഫര്‍ കാറുകള്‍ ഫോര്‍ ഇന്ത്യ' പ്രൊജക്ടിന് കീഴില്‍ ഇന്ത്യയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ സുരക്ഷ പരീക്ഷിച്ച് വരുന്നു. ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗുകള്‍ വാരിക്കൂട്ടുന്ന ഒരു കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്.

ഇപ്പോള്‍ ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്ന കാറുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോര്‍സ് നടത്തുന്ന ശ്രമങ്ങളെ ഗ്ലോബല്‍ NCAP എന്ന ടെസ്റ്റിംഗ് ഏജന്‍സി തന്നെ അഭിനന്ദിച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടിനുള്ളില്‍ ഒരു വാഹന നിര്‍മ്മാതാവിന് എത്രത്തോളം മെച്ചപ്പെടാന്‍ കഴിയുമെന്നതിനുള്ള ഉദാഹരണമായിട്ടാണ് ഗ്ലോബല്‍ NCAP ടാറ്റയെ ഉയര്‍ത്തിക്കാണിക്കുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ പങ്കുവെച്ച 64 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായ മൂന്ന് ടാറ്റ കാറുകള്‍ കാണിക്കുന്നുണ്ട്.
ടാറ്റ നാനോ, ആള്‍ട്രോസ്, നെക്സോണ്‍ എന്നിവയായിരുന്നു ഈ മൂന്ന് മോഡലുകള്‍. 2014-ല്‍ ക്രാഷ് ടെസ്റ്റിന് വിധേയമായ നാനോ അക്കാലത്തെ ചില ഇന്ത്യന്‍ കാറുകള്‍ ഒട്ടും സുരക്ഷിതമല്ലായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് വീഡിയോയില്‍ അവതാരകന്‍ പറയുന്നത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ശേഷം ടാറ്റ കൊണ്ടുവന്ന ആള്‍ട്രോസും നെക്‌സോണും ഇടിക്കൂട്ടില്‍ നിന്ന് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയാണ് തിരിച്ചെത്തിയത്.

ഉയര്‍ന്ന നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ പ്രതിജ്ഞാബദ്ധരായിക്കഴിഞ്ഞാല്‍ 10 വര്‍ഷം കൊണ്ട് അവര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന കാര്യങ്ങളാണ് ടെസ്റ്റിംഗ് ഏജന്‍സി ചെറു വീഡിയോയില്‍ എടുത്ത് കാണിക്കുന്നത്. നിലവില്‍ ക്രാഷ് ടെസ്റ്റില്‍ ശോഭിക്കാന്‍ കഴിയാതെ പോയ കാര്‍ നിര്‍മാതാക്ക് ഒരു പ്രചോദനമെന്ന നിലയില്‍ കൂടി ഈ വീഡിയോ കാണാനാകും.
ടാറ്റയും സേഫ്റ്റിയും തമ്മിലുള്ള അഭ്യേദ്യമായ ബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിട്ടുണ്ട്. ഗ്ലോബല്‍ NCAP-ല്‍ നിന്ന് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ആദ്യത്തെ ഇന്ത്യന്‍ കാര്‍ ടാറ്റ നെക്സോണ്‍ ആയിരുന്നു. 2018-ലാണ് ഈ സബ് 4 മീറ്റര്‍ എസ്‌യുവി ഗ്ലോബല്‍ NCAP-ല്‍ നിന്ന് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കിയത്. അതിനുശേഷം ടാറ്റ മോട്ടോര്‍സിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടാറ്റ പുറത്തിറക്കുന്ന പുതിയ കാറുകള്‍ എല്ലാം ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാര്‍ റേറ്റിംഗുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങി.

ടാറ്റ പഞ്ച്, ടാറ്റ അള്‍ട്രോസ്, ടാറ്റ നെക്സോണ്‍, ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നിവയാണ് ടാറ്റയുടെ '5 സ്റ്റാര്‍' മോഡലുകള്‍. ഇതില്‍ ആള്‍ട്രോസാണ് ഇന്ത്യയില്‍ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന 5-സ്റ്റാര്‍ റേറ്റഡ് ഹാച്ച്ബാക്ക്. ഗ്ലോബല്‍ NCAP പങ്കുവെച്ച വീഡിയോയില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ മാറ്റാന്‍ ടാറ്റ മോട്ടോര്‍സ് നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിക്കാണിക്കുന്നു.
ഗ്ലോബല്‍ NCAP പോലെ ഒരു സ്ഥാപനം ഉയര്‍ന്ന സുരക്ഷ മാനദണ്ഡങ്ങളോടുള്ള പുരോഗതിക്കുള്ള ഉദാഹരണമായി ഒരു ഇന്ത്യന്‍ കമ്പനിയെ ഉയര്‍ത്തിക്കാണിക്കുന്നത് ഓരോ ഭാരതീയനും അഭിമാനിക്കാം. ടാറ്റയെ കൂടാതെ മറ്റൊരു പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും സമീപകാലത്തായി ഉയര്‍ന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പിന്തുടരുന്ന വാഹനങ്ങളാണ് പുറത്തിറക്കുന്നത്.
മഹീന്ദ്രയുടെ പുതിയ മോഡലുകളായ XUV300, സ്‌കോര്‍പിയോ N, XUV700 എന്നിവ ഗ്ലോബല്‍ NCAP-ല്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. എക്‌സില്‍ ഗ്ലോബല്‍ NCAP ടാറ്റയെ വിശേഷിപ്പിച്ചത് 'സീറോ ടു ഹീറോ' എന്നാണ്. ഇതുപോലെ ഇപ്പോള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ സംപൂജ്യരായി നില്‍ക്കുന്ന പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കുള്ള കൃത്യമായ സന്ദേശം കൂടിയാണ് ഈ വീഡിയോ.


Click it and Unblock the Notifications








