ഒരു ലക്ഷം വരെ ഡിസ്‌കൗണ്ടിൽ ഹാരിയറും സഫാരിയും; മെയിൽ കിടിലൻ ഓഫറുകൾ ഒരുക്കി ടാറ്റ
പുതിയ മാസം തുടങ്ങുമ്പോൾ തന്നെ ഒരു വാഹന പ്രേമികൾ വളരെ ആകാംഷയോടെ നോക്കുന്ന ഒന്നാണ് ഓരോ മോഡലുകൾക്കും ലഭിക്കുന്ന ഓഫറുകൾ/ ആനുകൂല്യങ്ങൾ എന്താണ് എന്ന്. അത്തരക്കാരെ ഒട്ടും തന്നെ വിഷമിപ്പിക്കാതെ 2024 മെയ് മാസം തകർപ്പൻ ഓഫറുകളുമായിട്ടാണ് ടാറ്റ മോട്ടോർസ് എത്തിയിരിക്കുന്നത്.
നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുടെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലുകൾ ഉൾപ്പെടെ, MY2023 കാറുകൾക്കും എസ്‌യുവികൾക്കും ടാറ്റ ഡീലർഷിപ്പുകൾ ഇപ്പോഴും വമ്പിച്ച ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. പഞ്ച്, ആൾട്രോസ്, ടിയാഗോ, ടിഗോർ എന്നിവയുടെ MY2024 മോഡലുകൾക്കും നിർമ്മാതാക്കൾ മാന്യമായ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഈ മാസം ലഭിക്കുന്ന ഡിസ്‌കൗണ്ടുകൾ എന്തെല്ലാം എന്ന് നോക്കാം.

ടാറ്റ ഹാരിയർ, സഫാരി: ഹാരിയറിന്റെയും സഫാരിയുടെയും പ്രീ ഫേസ്‌ലിഫ്റ്റ് പതിപ്പുകളിൽ ടാറ്റ 1.25 ലക്ഷം രൂപയുടെ മൊത്തം കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ADAS സാങ്കേതികവിദ്യയുള്ള ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഈ കിഴിവ് സാധുതയുള്ളതാണ്.
ADAS ഇല്ലാത്ത വേരിയന്റുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഫെയ്‌സ്‌ലിഫ്റ്റിന്റെ MY2023 മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മൊത്തം 70,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി MY2024 മോഡലുകൾക്ക് ഈ മാസം കിഴിവുകൾ ഒന്നും ലഭ്യമല്ല.
ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്ന 170 bhp മാക്സ് പവറും, 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 -ലിറ്റർ ഡീസൽ എഞ്ചിനാണ് ഈ രണ്ട് എസ്‌യുവികൾക്കും കരുത്തേകുന്നത്. ഹാരിയറിന്റെ വില 15.49 ലക്ഷം രൂപയിൽ ആരംഭിച്ച് 26.44 ലക്ഷം രൂപ വരെ ഉയരുന്നു, അതേസമയം സഫാരിയുടെ വില വരുന്നത് 16.19 ലക്ഷം മുതൽ 27.34 ലക്ഷം രൂപ വരെയാണ്.
ടാറ്റ നെക്‌സോൺ: ഹാരിയറിനെയും സഫാരിയെയും പോലെ തന്നെ, ടാറ്റ ഡീലർമാർക്ക് ഇപ്പോഴും പെട്രോൾ മാനുവൽ പ്രീ ഫേസ്‌ലിഫ്റ്റ് നെക്‌സോണിന്റെ ചില മോഡലുകളുടെ സ്റ്റോക്ക് ഉണ്ട്. ഈ മോഡലുകൾ 90,000 രൂപ വരെ കിഴിവിൽ ഈ മാസം ലഭ്യമാണ്. ഡീസൽ, പെട്രോൾ AMT വേരിയന്റുകൾക്ക് 70,000 രൂപ വരെ കിഴിവ് ലഭിക്കും.

2023 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ നിർമ്മിച്ച മോഡലുകൾക്ക് 45,000 രൂപ വരെ ഓഫറുകൾ ഉണ്ടാവും, എന്നിരുന്നാലും MY2024 മോഡലുകൾക്ക് ആനുകൂല്യങ്ങൾ ഒന്നും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നില്ല. 120 bhp പവർ പുറപ്പെടുവിക്കുന്ന, 1.2 ലിറ്റർ ടർബോ പെട്രോൾ, 115 bhp കരുത്തുമായി വരുന്ന, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ നെക്സോൺ നിലവിൽ ലഭ്യമാണ്.
ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT ഗിയർബോക്സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. എന്നിരുന്നാലും, ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പെട്രോളിനായി അഞ്ച് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് യൂണിറ്റും ലഭിക്കുന്നു. 8.15 ലക്ഷം മുതൽ 15.80 ലക്ഷം വരെയാണ് നെക്‌സോൺ റേഞ്ചിന്റെ എക്സ്-ഷോറൂം വില.

ടാറ്റ പഞ്ച്: ടാറ്റയുടെ ഏറ്റവും ചെറിയ എസ്‌യുവി മോഡലായ പഞ്ചിന്റെ MY2023 മോഡലുകൾക്ക് നിലവിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് മാത്രമാണ് നിർമ്മാതാക്കൾ നൽകുന്നത്. അത് കൂടാതെ MY2024 പഞ്ച് എസ്‌യുവികൾക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. പെട്രോൾ മാനുവൽ, പെട്രോൾ AMT, CNG മാനുവൽ രൂപങ്ങളിൽ വാഹനം ലഭ്യമാണ്.
1.2 ലിറ്റർ എഞ്ചിൻ പെട്രോൾ പതിപ്പിൽ 88 bhp പവറും CNG മോഡലിൽ 74 bhp കരുത്തും നൽകുന്നു. 6.13 ലക്ഷം മുതൽ 10.20 ലക്ഷം വരെയാണ് പഞ്ചിന്റെ എക്സ്-ഷോറൂം വില വരുന്നത്. കഴിഞ്ഞ മാസവും മാരുതി മോഡലുകളെ കടത്തിവെട്ടി വിൽപ്പനയിൽ ഒന്നാം സ്ഥാനവും പഞ്ച് കരസ്ഥമാക്കി.

ടാറ്റ ടിയാഗോ: ടാറ്റയുടെ കുഞ്ഞൻ ഹാച്ച്ബാക്ക് പെട്രോൾ മാനുവൽ, പെട്രോൾ AMT രൂപത്തിൽ യഥാക്രമം 80,000 രൂപയും, 70,000 രൂപയും വരെ കിഴിവുകളോടെ മെയ് മാസത്തിൽ ലഭ്യമാണ്. പഴയ മോഡൽ സിംഗിൾ സിലിണ്ടർ ടിയാഗോ CNG -ക്ക് 75,000 രൂപ വരെ കിഴിവുകൾ ലഭിക്കുന്നുണ്ട്, അതേസമയം പുതിയ ട്വിൻ സിലിണ്ടർ മോഡലുകൾ 60,000 രൂപ വരെ കിഴിവുമായി വരുന്നു.
ഈ കിഴിവുകൾ എല്ലാം MY2023 ടിയാഗോയ്ക്ക് മാത്രം ഉള്ളതാണ്. MY2024 മോഡലുകൾക്ക് ഒന്നും ഇല്ല എന്ന് വിഷമിക്കേണ്ട, ഇതിന് മിഡ്-സ്പെക്ക് XT, XT (O) ട്രിമ്മുകൾക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ലോവർ സ്പെക്ക് XM, CNG -MT, AMT വേരിയന്റുകൾക്ക് 25,000 രൂപ വരെ ഓഫറുകൾ ഉണ്ട്, അതേസമയം മറ്റെല്ലാ ട്രിമ്മുകൾക്കും മൊത്തം ഡിസ്‌കൗണ്ട് 30,000 രൂപ വരെ ലഭിക്കും.
1.2 ലിറ്റർ എഞ്ചിനുമായിട്ടാണ് ടിയാഗോ വരുന്നത്. പെട്രോൾ മോഡിൽ പ്രവർത്തിക്കുമ്പോൾ 86 bhp -യും CNG -ൽ 73 bhp പവറും ഇത് ഉത്പാദിപ്പിക്കുന്നു. വാഹനത്തിൽ അഞ്ച് സ്പീഡ് മാനുവൽ, AMT ഓപ്ഷനുകൾ ലഭ്യമാണ്. CNG -ഓട്ടോമാറ്റിക് പവർട്രെയിൻ ഓപ്ഷനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഹാച്ച്ബാക്കാണിത് എന്നതും ശ്രദ്ധേയമാണ്. 5.65 ലക്ഷം രൂപയിൽ തുടങ്ങി 8.90 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്സ്-ഷോറൂം വില.
ടാറ്റ ടിഗോർ: ടാറ്റയുടെ ഈ കോംപാക്ട് സെഡാൻ അതിന്റെ നാല് പവർട്രെയിൻ ഓപ്ഷനുകൾ ടിയാഗോയുമായി പങ്കിടുന്നു, അതിനാൽ CNG -ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യ മോഡലായി ടിഗോർ മാറുന്നു. പെട്രോൾ, സിംഗിൾ സിലിണ്ടർ CNG പതിപ്പ് MY2023 ടിഗോർ മോഡലുകൾക്ക് മൊത്തം 75,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം നിർമ്മിച്ച ട്വിൻ സിലിണ്ടർ ടിഗോർ CNG മോർലുകൾക്ക് 65,000 രൂപയുടെ കിഴിവുകളാണ് മെയിൽ കിട്ടുന്നത്.

അതേസമയം, മിഡ് സ്പെക്ക് XM -ലും ടോപ്പ് സ്പെക്ക് XZ+ വേരിയന്റിലുമുള്ള MY2024 പതിപ്പുകൾക്ക് 40,000 രൂപ വരെ കിഴിവുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. CNG -ൽ പ്രവർത്തിക്കുന്ന വേരിയന്റുകൾ ഉൾപ്പെടെ മറ്റെല്ലാ വകഭേദങ്ങൾക്കും ഈ മാസം 30,000 രൂപ വരെ ഓഫറുകൾ ലഭിക്കും. 6.30 ലക്ഷം മുതൽ 9.55 ലക്ഷം രൂപ വരെയാണ് ടാറ്റ ടിഗോറിന്റെ വില.
ടാറ്റ ആൾട്രോസ്: MY2023, MY2024 ആൾട്രോസ് ഹാച്ച്ബാക്കുകൾക്ക് യഥാക്രമം 55,000 രൂപയും 35,000 രൂപയും വരെ പരമാവധി കിഴിവുകളാണ് മെയിൽ ലഭിക്കുന്നത്. പെട്രോൾ മാനുവൽ, ഡീസൽ വേരിയന്റുകളിൽ ഏറ്റവും വലിയ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, ആൾട്രോസ് CNG, പെട്രോൾ DCT ട്രിമ്മുകൾ വാങ്ങുന്നവർക്ക് മാന്യമായ ഓഫറുകൾ ലഭിക്കും. മാനുവൽ ഗിയർബോക്സിനൊപ്പം 90 bhp പവർ പുറപ്പപെടുവിക്കുന്ന, 1.5 ലിറ്റർ യൂണിറ്റുമായി ഡീസൽ എൻജിനുള്ള ഇന്ത്യയിലെ ഒരേയൊരു ഹാച്ച്ബാക്കാണിത്.

6.65 ലക്ഷം മുതൽ 10.80 ലക്ഷം രൂപ വരെയാണ് പ്രീമിയം ഹാച്ച്ബാക്ക് മോർലിന്റെ വില. പെട്രോൾ, CNG ഓപ്‌ഷനുകൾ ടിയാഗോ, ടിഗോർ എന്നിവയുമായി ഇത് പങ്കിടുന്നു, എന്നിരുന്നാലും ട്യൂണിംഗ് വ്യത്യാസമുണ്ട്. കൂടാതെ, പെട്രോൾ എഞ്ചിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്നു, അതേസമയം CNG -ക്ക് അഞ്ച് സ്പീഡ് മാനുവൽ മാത്രമേ ലഭിക്കൂ.


Click it and Unblock the Notifications








