ടാറ്റ ഇവികള്‍ ഇനി കുറഞ്ഞ വിലയില്‍ കിട്ടും? രത്തന്‍ ടാറ്റയുടെ മാസ്റ്റര്‍ സ്‌ട്രോക്ക് ഇങ്ങനെ...
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഒരു ഇലക്ട്രിക് കാര്‍ (Electric Car) വാങ്ങാന്‍ തീരുമാനിച്ചാല്‍ വളരെ കുറച്ച് ഓപ്ഷന്‍സ് മാത്രമായിരുന്നു നമുക്ക് മുന്നില്‍ ഉണ്ടായിരുന്നത്. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കുന്നതിനായി പല തരത്തിലുള്ള പര്‍ച്ചേസിംഗ് ഓപ്ഷനുകളും ഇന്ന് കമ്പനികള്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ഇവികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ആരംഭിച്ച ബാറ്ററി ആസ് എ സര്‍വീസ് (BaaS) അതില്‍ ഒന്നാണ്. തുടക്കത്തില്‍ ചില ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ബാറ്ററി വാടകയ്ക്ക് നല്‍കുന്ന ഈ പരിപാടി കൊണ്ടുവന്നത്.
വൈകാതെ എംജി മോട്ടോര്‍ പുതിയ വിന്‍ഡ്‌സര്‍ ഇവിയിലൂടെ ഇലക്ട്രിക് കാറും ബാസ് സ്‌കീം വഴി ഓഫര്‍ ചെയ്യാന്‍ തുടങ്ങി. ഒട്ടും വൈകാതെ തന്നെ കോമെറ്റ് ഇവി, ZS ഇവി എന്നിവയും ബാസിന് കീഴില്‍ വന്നതോടെ ഇവികളുടെ പ്രാരംഭ വിലയില്‍ വന്‍ കുറവ് വന്നു. വിന്‍ഡ്‌സര്‍ ഇവി ബുക്കിംഗ് തുടങ്ങിയ ആദ്യ ദിവസം തന്നെ 15000-ത്തിലധികം ബുക്കിംഗുകള്‍ നേടിയത് ബാസ് എന്ന ആശയത്തോട ജനങ്ങള്‍ പോസിറ്റീവ് ആയി പ്രതികരിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കിയിരിക്കുന്നത്.

എംജി മോട്ടോര്‍ ഇന്ത്യയുടെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ടാറ്റ മോട്ടോര്‍സിനെയാണ്. ഇന്ത്യന്‍ ഇവി വിപണിയുടെ സിംഹഭാഗവും കൈയ്യാളുന്ന ടാറ്റ മോട്ടോര്‍സും ഇപ്പോള്‍ തങ്ങളുടെ മോഡല്‍ നിരയില്‍ ബാറ്ററി വാടകയ്ക്ക് നല്‍കുന്ന സ്‌കീം കൊണ്ടുവരാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആഭ്യന്തര ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയില്‍ 75-80% വിഹിതം കൈവശം വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. എന്നാല്‍ 2024 ഓഗസ്റ്റില്‍ വില്‍പ്പനയില്‍ 14.57% ഇടിവുണ്ടായി.
എക്സ്‌ഷോറൂം വില ഗണ്യമായി കുറക്കാന്‍ കമ്പനി ഇപ്പോള്‍ സ്വന്തമായി ബാസ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമോ ലോഞ്ച് ടൈംലൈനിനെ കുറിച്ചുള്ള വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. ഈ സംവിധാനത്തിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പ്രാരംഭ ചെലവില്‍ ടാറ്റ ഇവികള്‍ ലഭ്യമാകും. അതേസമയം ഒരു കിലോമീറ്ററിന് പേയ്മെന്റ് അടിസ്ഥാനത്തില്‍ ബാറ്ററി വാടക നല്‍കേണ്ടി വരും.

ഈ മോഡല്‍ ടാറ്റയുടെ ഇവികള്‍ കൂടുതല്‍ താങ്ങാവുന്നതും കൂടുതല്‍ പേര്‍ക്ക് ആക്‌സസ് ചെയ്യാവുന്നതുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് അനുസരിച്ച് ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സണ്‍ തുടങ്ങിയ ജനപ്രിയ ഇവി മോഡലുകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. ബാസ് ഇവികളുടെ എക്സ്-ഷോറൂം വിലയില്‍ 25-30 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും.
സെഗ്‌മെന്റിലെ തങ്ങളുടെ ആധിപത്യ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ടാറ്റ ഈ ഉത്സവകാലത്ത് ഇവികള്‍ക്ക് ആകര്‍ഷകമായ കിഴിവുകളും സൗജന്യ ചാര്‍ജിംഗും പോലെയുള്ള പ്രൊമോഷണല്‍ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും കൂടുതല്‍ ആളുകള്‍ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇവികളിലേക്ക് മാറാന്‍ അതേ വിലയില്‍ വണ്ടി കിട്ടിയാല്‍ മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവ് ഇപ്പോള്‍ കമ്പനികള്‍ക്ക് വന്നിട്ടുണ്ട്.

ടിയാഗോ ഇവി (7.99 ലക്ഷം), ടിഗോര്‍ ഇവി (12.49 ലക്ഷം), പഞ്ച് ഇവി (9.99 ലക്ഷം), നെക്‌സോണ്‍ ഇവി (12.49 ലക്ഷം), കര്‍വ് ഇവി (17.49 ലക്ഷം) എന്നിങ്ങനെ 5 ഇവികളാണ് ടാറ്റ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അവയുടെ പ്രാരംഭ വിലയാണ് ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നത്. ബാസ് അവതരിപ്പിക്കുന്നതോടെ ഈ മോഡലുകളുടെ വിലയില്‍ 2 മുതല്‍ 3.5 ലക്ഷം രൂപ വരെ കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഒരു കിലോമീറ്ററിന് 2.5 മുതല്‍ 3.5 രൂപ വരെ ബാറ്ററി വാടക നല്‍കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം ബാസിനൊപ്പം എക്‌സ്‌ഷോറൂം വിലകളില്‍ ഏകദേശം 30% കുറവുണ്ടെങ്കില്‍ ടിയാഗോ ഇവി ഏകദേശം 5.6 ലക്ഷം രൂപയിലും (എക്സ്ഷോറൂം + വാടക), പഞ്ച് ഇവി 7 ലക്ഷം രൂപയിലും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി എന്നിവ 8.75 ലക്ഷം രൂപയില്‍ നിന്നും (എക്‌സ്‌ഷോറൂം + വാടക്) ടാറ്റ കര്‍വ് ഇവി 12.25 ലക്ഷം രൂപയിലും (എക്സ്ഷോറൂം + വാടക) ആരംഭിച്ചേക്കാം. ഇതേ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








