ടാറ്റ ഷോറൂമുകളില്‍ കനത്ത പോളിംഗ്! രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയുമായുള്ള പോരാട്ടം കനപ്പിച്ചു
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് (Tata Motors) കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. 2024 മെയ് മാസത്തില്‍ ടാറ്റ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ചേര്‍ത്ത് മൊത്തം 76,766 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസം വിറ്റ 74,973 യൂണിറ്റുകളെ അപേക്ഷിച്ച് ടാറ്റ മോട്ടോര്‍സ് രണ്ട് ശതമാനം വര്‍ധന കൈവരിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചു. ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അടക്കം ടാറ്റയുടെ വില്‍പ്പന 46,697 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 45,878 യൂണിറ്റായിരുന്നു. 1.76 ശതമാനമാണ് വളര്‍ച്ച.
2024 ഏപ്രില്‍ മാസത്തെ 47,883 യൂണിറ്റ് വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ കച്ചവടത്തില്‍ 2.48 ശതമാനം ഇടിവ് നേരിട്ടു. വിദേശ വിപണിയില്‍ ടാറ്റ 2023 മെയ് മാസത്തില്‍ 106 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഈ മാസം 257 ശതമാനം വളര്‍ച്ചയോടെ 378 വാഹനങ്ങള്‍ വില്‍ക്കാനായി. വാണിജ്യ വാഹന വിഭാഗത്തിലെ മുമ്പന്‍മാരായ ടാറ്റ പോയമാസം 29691 യൂണിറ്റുകള്‍ വിറ്റഴിച്ചു.

2023 മെയ് മാസത്തെ 28989 യൂണിറ്റുമായി തട്ടിച്ച്‌നോക്കുമ്പോള്‍ രണ്ട് ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ കയറ്റുമതിയും ആഭ്യന്തര വില്‍പ്പനയും ചേര്‍ത്ത് 47,075 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവില്‍ 45,984 യൂണിറ്റുകള്‍ വിറ്റഴിച്ചതില്‍ നിന്ന് രണ്ട് ശതമാനമാണ് വളര്‍ച്ച. 49,151 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയുമായി ഹ്യുണ്ടായിയാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതിക്ക് പിന്നില്‍ രണ്ടാമത്.
കപ്പല്‍ കയറ്റി അയച്ച 14400 യൂണിറ്റകളും കൂടി ചേര്‍ത്ത് മൊത്തം വില്‍പ്പന 63,551 യൂണിറ്റാണ്. പോയ മാസം ആഭ്യന്തര വില്‍പ്പനയില്‍ ഹ്യുണ്ടായിയുമായുള്ള മത്സരം കടുപ്പിക്കാന്‍ ടാറ്റക്ക് സാധിച്ചിരുന്നു. ഇലക്ട്രിക് വാഹന വിപണിയില്‍ പോയ മാസവും ഒന്നാം സ്ഥാനം ടാറ്റക്ക് തന്നെയായിരുന്നു. കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ചേര്‍ത്ത് 5558 ഇലക്ട്രിക് കാറുകള്‍ വിറ്റ് ടാറ്റ ഇവി വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പക്ഷേ, 2023 മെയ് മാസത്തില്‍ വിറ്റ 5,805 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ശതമാനം വില്‍പ്പന ഇടിവാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 73 ശതമാനത്തിലധികം വിപണി വിഹിതവുമായി ടാറ്റ ഇവി മാര്‍ക്കറ്റ് ലീഡര്‍ സ്ഥാനം നിലനിര്‍ത്തി. ടിയഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി എന്നിവയടങ്ങുന്ന വിശാലമായ പോര്‍ട്ട്ഫോളിയോയാണ് ടാറ്റയെ ഇതിന് സഹായിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണി ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന മറികടന്നിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 70 ശതമാനം വളര്‍ച്ച നേടുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ടാറ്റയായിരുന്നു. ഈ വര്‍ഷം ആദ്യം ടാറ്റ പുതിയ ആക്ടീവ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍വ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഇവിയും അരങ്ങേറാന്‍ പോകുകയാണ്.

തൊട്ടുപിന്നാലെ 2025 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹാരിയര്‍ ഇവി കൂടി ഇങ്ങെത്തും. ടാറ്റയില്‍ നിന്നുള്ള ഏറ്റവും പുതിയ ലോഞ്ച് ആള്‍ട്രോസ് റേസര്‍ (Tata Altroz Racer) ആണ്. ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ പെര്‍ഫോമന്‍സ് പതിപ്പിന്റെ വില പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും.
ഹ്യുണ്ടായി i20 N ലൈനുമായി നേരിട്ട് ഏറ്റുമുട്ടുന്ന ആള്‍ട്രോസ് റേസറിന്റെ ടീസര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കമ്പനി പുറത്തുവിടുന്നുണ്ട്. മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ടാറ്റ ഡീലര്‍ഷിപ്പുകള്‍ പെര്‍ഫോമന്‍സ് ഹാച്ചിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുമുണ്ട്. ശേഷം ഈ വര്‍ഷം ഉത്സവ സീസണിലോ അത് കഴിഞ്ഞോ കര്‍വിന്റെ ഐസി എഞ്ചിന്‍ പതിപ്പും ടാറ്റ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല ജനപ്രിയ കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടവും തകൃതിയാണ്. വരുംമാസങ്ങളില്‍ ഇതിന്റെ വില പ്രഖ്യാപനവും ഉണ്ടാകും. വരാന്‍ പോകുന്ന മഹീന്ദ്ര സ്‌കോര്‍പിയോ പിക്കപ്പ് ട്രക്കിന്റെ എതിരാളിയായി ടാറ്റ സിനോണ്‍ X2 എന്ന മോഡലിന്റെ പരീക്ഷണവും ഇന്ത്യന്‍ നിരത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








