ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകള്‍ 'കുത്തിയിരിക്കണ്ട'! പഞ്ച്, നെക്‌സോണ്‍ ഇവികളുടെ ബാറ്ററികള്‍ മാറാന്‍ പോകുന്നു
കഴിഞ്ഞ ആഴ്ചയാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഇലക്ട്രിക് കാര്‍ പോര്‍ട്‌ഫോളിയോയിലെ വാഹനങ്ങളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയത്. കര്‍വ് ഇവിയാണ് ടാറ്റ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച പുതിയ ഇലക്ട്രിക് കാര്‍. കര്‍വ് ഇവിയുടെ ലോഞ്ച് ഇവന്റിനിടെ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഇവികളില്‍ ഭാവിയില്‍ നടപ്പാക്കാന്‍ പോകുന്ന ചില സുപ്രധാന മാറ്റങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. അതില്‍ ഒന്നാണ് പ്രിസ്മാറ്റിക് ബാറ്ററി സെല്ലുകളുടെ കൂട്ടിച്ചേര്‍ക്കല്‍. കര്‍വ് ഇവിയില്‍ ഇതിനകം തന്നെ ഈ ബാറ്ററി സജ്ജീകരണമാണ് വരുന്നത്. ടാറ്റയുടെ നെക്സോണ്‍, പഞ്ച് ഇവികളിൽ പ്രിസ്മാറ്റിക് സെല്‍ ബാറ്ററി പായ്ക്ക് ഉടന്‍ ഘടിപ്പിക്കാന്‍ പദ്ധതിയിടുകയാണ്. ഇതിനെക്കുറിച്ചുള്ള ചുവടെ വായിക്കാം.
ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണ അടക്കി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. ഇന്ത്യയില്‍ വില്‍ക്കുന്ന ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളില്‍ 85 ശതമാനവും ടാറ്റ നിര്‍മിക്കുന്നവയാണ്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി എന്നിങ്ങനെ നാല് മോഡലുകള്‍ വെച്ചാണ് ടാറ്റ എതിരാളികളേക്കാള്‍ പത്തിരട്ടിയിലധികം വില്‍പ്പന നേടുന്നത്.

മാരുതിയടക്കമുളള എതിരാളികള്‍ വരുന്നതിന് മുമ്പേ ഇലക്ട്രിക് എസ്‌യുവി വിഭാഗത്തില്‍ നിര്‍ണായക സ്ഥാനം നേടാന്‍ വേണ്ടിയാണ് ടാറ്റ കഴിഞ്ഞ ദിവസം കര്‍വ് ഇവി പുറത്തിറക്കിയത്. ഇലക്ട്രിക് എസ്‌യുവി കൂപ്പൊയായാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കമ്പനി സാധാരണയായി ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്ന അതേ Acti.EV പ്ലാറ്റ്ഫോമിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കര്‍വ് ഇവിയുടെ ലോഞ്ച് ഇവന്റില്‍ വെച്ച് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയാണ് പഞ്ച്, നെക്‌സോണ്‍ ഇവികളില്‍ ഉടന്‍ തന്നെ പ്രിസ്മാറ്റിക് സെല്‍ ബാറ്ററി പായ്ക്ക് സജ്ജീകരിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. പഞ്ച്, നെക്‌സോണ്‍ ഇവികള്‍ക്ക് അടിവരയിടുന്ന പ്ലാറ്റ്‌ഫോമിന് ഇത്തരം ബാറ്ററി പായ്ക്കുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. എന്നാല്‍ പുത്തന്‍ ബാറ്ററി പായ്ക്കുമായി പഞ്ച്, നെക്‌സോണ്‍ ഇവികള്‍ എന്ന് അവതരിക്കുമെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഈ ഒരു സാഹചര്യത്തില്‍ പ്രിസ്മാറ്റിക് സെല്‍ എന്താണെന്നും നിലവിലുള്ള ബാറ്ററി സെല്ലുമായി അതിന്റെ വ്യത്യാസം എന്താണെന്നുമായിരിക്കും പലരുടെയും സംശയം. നിലവിലെ സെല്ലുകള്‍ സിലിണ്ടര്‍ ആകൃതിയിലാണ് വരുന്നത്. എന്നാല്‍ പ്രിസ്മാറ്റിക് സെല്‍ ദീര്‍ഘചതുരാകൃതിയിലാണ്. 1990-കളിലാണ് ഇത് കണ്ടുപിടിച്ചത്. സിലിണ്ടര്‍ സെല്ലുകളേക്കാള്‍ വലുതും എന്നാല്‍ ഒതുക്കമുള്ളതുമാണ് പ്രിസ്മാറ്റിക് സെല്ലുകള്‍. ഇത്തരം ബാറ്ററികള്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതും ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രത വാഗ്ദാനം ചെയ്യുന്നതുമാണ്.
ഇതിന് കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കാനും അതേ സമയം വേഗത്തില്‍ ചാര്‍ജ് ചെയ്യാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ ഈ ബാറ്ററി തങ്ങളുടെ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. ടാറ്റ കര്‍വ് ഇവിയുടെ 55 kWh ബാറ്ററി പാക്കില്‍ പ്രിസ്മാറ്റിക് സെല്ലുകള്‍ (1.2C റേറ്റഡ്) ഉള്‍ക്കൊള്ളുന്നു. ഇത് വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ കാറിനെ പ്രാപ്തമാക്കുന്നു.
വെറും 40 മിനിറ്റിനുള്ളില്‍ കര്‍വ് ഇവി 55kWh വേരിയന്റിന് 10-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ടാറ്റ അവകാശപ്പെടുന്നു. പ്രിസ്മാറ്റിക് സെല്ലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് സാധാരണ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ് വരാനിരിക്കുന്ന ഹാരിയര്‍ ഇവി, സഫാരി ഇവി എന്നിവയിലും ഈ ബാറ്ററി പായ്ക്ക് ഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റേഞ്ചിനെ കുറിച്ചും ചാര്‍ജിംഗ് സമയത്തെ കുറിച്ചുമാണ് ഇവി ഉപയോക്താക്കളുടെ പ്രധാന ആശങ്കകള്‍. ഈ പ്രശ്‌നങ്ങള്‍ മുഖവിലക്കെടുക്കുകയും അവ പരിഹരിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ കൊണ്ടുവരികയും ചെയ്യുന്ന ടാറ്റയുടെ നടപടികള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും ഉപഭോക്തൃ വിശ്വാസം നേടുന്നതിനുമാണ് കമ്പനി ഈ അപ്ഡേറ്റുകളെല്ലാം ചെയ്യുന്നത്. ഏതായാലും ചാര്‍ജിംഗ് സമയം ഗണ്യമായി കുറക്കുകയും റേഞ്ച് മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം ബാറ്ററികളുടെ കൂട്ടിച്ചേര്‍ക്കല്‍ ടാറ്റ ഇവികളുടെ വില്‍പ്പന വീണ്ടും മെച്ചപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








