ഓട്ടോമാറ്റിക്കിന്റെ സുഖവും സൗകര്യവും 10 ലക്ഷത്തിന്! ഇനി നെക്‌സോണ്‍ വാങ്ങാന്‍ ഷോറൂമില്‍ തിക്കുംതിരിക്കുമാകും
പോക്കറ്റ് കീറാത്ത വിലയില്‍ ഒരു ഓട്ടോമാറ്റിക് സ്‌പോര്‍ട് യൂടിലിറ്റി വാഹനം തിരയുന്നവരാണോ നിങ്ങള്‍?. എങ്കില്‍ നിങ്ങള്‍ക്കായി ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ വക ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ നെക്സോണ്‍ അഞ്ച് പുതിയ എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) വേരിയന്റുകള്‍ കൂടി ചേര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുകയാണ് ടാറ്റ ഇപ്പോള്‍.
കൂടുതല്‍ അനുയോജ്യമായ നെക്സോണ്‍ ട്രിം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുന്നതാണ് തീരുമാനം. കാര്‍ നിര്‍മ്മാതാവ് സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ ഓഫറുകളിലേക്ക് എഎംടി പതിപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. 10 ലക്ഷം രൂപ മുതല്‍ 12.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പ് നെക്സോണില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ സൗകര്യം ക്രിയേറ്റീവിന് മുകളിലോട്ടുള്ള ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണ്.

നെക്സോണ്‍ പെട്രോള്‍ ലൈനപ്പില്‍ സ്മാര്‍ട്ട്+, പ്യുവര്‍, പ്യുവര്‍ S ട്രിമ്മുകളില്‍ ഇനിമുതല്‍ എഎംടിയുടെ സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്. നെക്സോണ്‍ ഡീസലിന്റെ പ്യുവര്‍, പ്യുവര്‍ S വേരിയന്റുകള്‍ക്കും ഇപ്പോള്‍ എഎംടി ഓപ്ഷന്‍ ലഭിക്കുന്നു. വിലകള്‍ പരിശോധിക്കുമ്പോള്‍ നെക്‌സോണ്‍ പെട്രോള്‍ സ്മാര്‍ട്+ വേരിയന്റിന് 10 ലക്ഷം രൂപയും പ്യുവറിന് 10.50 ലക്ഷം രൂപയുമാണ് വില.
അതേസമയം നെക്‌സോണ്‍ പെട്രോള്‍ പ്യൂവര്‍ S വകഭേദത്തിന് 11 ലക്ഷം രൂപ മുടക്കണം. നെക്‌സോണ്‍ ഡീസലിന്റെ പുതിയ എഎംടി വേരിയന്റുകളുടെ വില നോക്കുമ്പോള്‍ പ്യുവര്‍ വേരിയന്റിന് 11.80 ലക്ഷം രൂപയാണ് മുടക്കേണ്ടത്. അതേസമയം പ്യുവര്‍ S വേരിയന്റിന് 12.30 ലക്ഷം രൂപ വരുന്നു. വിലകളെല്ലാം എക്‌സ്‌ഷോറൂം ആണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രിം ലെവലുകളില്‍ വാങ്ങാന്‍ സാധിക്കുന്ന കാറുകളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍. അഞ്ച് പുതിയ എഎംടി വേരിയന്റുകള്‍ കൂടി വന്നതോടെ നെക്സോണ്‍ ട്രിമ്മുകളുടെ ആകെ എണ്ണം 95 ആയി മാറിയിരിക്കുകയാണ്. വ്യത്യസ്ത ട്രിമ്മുകളിലുടനീളം വിവിധ പവര്‍ട്രെയിനുകളുടെയും ഫീച്ചറുകളുടെയും സംയോജനം നല്‍കിക്കൊണ്ട് ടാറ്റ മോട്ടോര്‍സ് സമാനതകളില്ലാത്ത കസ്റ്റമൈസേഷന്‍ വാഗ്ദാനം ചെയ്യുന്നു.
ബഡ്ജറ്റിനും ഡ്രൈവിംഗ് മുന്‍ഗണനകള്‍ക്കും അനുയോജ്യമായ വേരിയന്റുകള്‍ കണ്ടെത്താന്‍ പറ്റുന്ന രീതിയിലുള്ള വിപുലമായ വേരിയന്റ് നിരയാണ് നെക്‌സോണിനെ എതിരാളികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്ന്. തെരഞ്ഞെടുത്ത വേരിയന്റുകളില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ചേര്‍ത്തതല്ലാതെ നെക്‌സോണില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 118 bhp പവറും 170 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിലാണ് നെക്സോണ്‍ വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കള്‍ക്ക് നാല് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ നെക്‌സോണ്‍ പെട്രോള്‍ പതിപ്പ് തിരഞ്ഞെടുക്കാം. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി, പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 6-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷന്‍. 83 bhp പവറും 260 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു.
പുതിയ എഎംടി വേരിയന്റുകളാണ് ഈ ഒരു അപ്ഡേറ്റിന്റെ കാതലെങ്കിലും നെക്സോണിന്റെ പ്രധാന ഹൈലൈറ്റുകളില്‍ മാറ്റമില്ലാതെ തുടരുന്നു. ബോള്‍ഡ് ഡിസൈന്‍, വിശാലമായ ഇന്റീരിയറുകള്‍, സണ്‍റൂഫ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, സമഗ്രമായ സുരക്ഷാ പാക്കേജ് എന്നിവയാണ് ഈ എസ്‌യുവിയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളില്‍ ചിലത്. പ്രായോഗികത, സുഖസൗകര്യങ്ങള്‍, ആധുനിക ഫീച്ചറുകള്‍ എന്നിവ വിദഗ്ധമായി സംയോജനമാണ് ഈ മോഡലിനെ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിലെ ജനപ്രിയ ചോയ്‌സുകളില്‍ ഒന്നാക്കി മാറ്റുന്നത്.

കുറച്ച് കൂടി താങ്ങാവുന്ന വിലയില്‍ ഓട്ടോമാറ്റിക് വേരിയന്റ് ലഭ്യമാക്കുന്നത് ഷോറൂമിലേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിശാലമായ ശ്രേണിയില്‍ എഎംടി ഓപ്ഷന്‍ ലഭ്യമായതോടെ ഗിയര്‍ലെസ് ഡ്രൈവിംഗിന്റെ സുഖവും സൗകര്യവും ആഗ്രഹിക്കുന്നവര്‍ ടാറ്റ ഷോറൂമിലേക്ക് ഒഴുകും. അതുകൊണ്ട് തന്നെ നെക്‌സോണിന്റെ പുത്തന്‍ വേരിയന്റുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും വണ്ടി നേരിട്ട് കണ്ട് മനസ്സിലാക്കാനും ഉടന്‍ തന്നെ നിങ്ങളുടെ അടുത്തുള്ള ടാറ്റ ഷോറൂം സന്ദര്‍ശിക്കുക.


Click it and Unblock the Notifications








