ഹ്യുണ്ടായിയെ മലത്തിയടിച്ച് രണ്ടാം സ്ഥാനം കൈക്കലാക്കി ടാറ്റ; 2023 ഡിസംബർ വിൽപ്പന ഇങ്ങനെ
2023 ഡിസംബറിലെ കാർ വിൽപ്പന കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്, 2023 നവംബറിനെ അപേക്ഷിച്ച് വിപണിയിൽ വിൽപ്പനയിൽ ഇടിവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒക്ടോബറിലെ ആഘോഷങ്ങൾക്ക് ശേഷവും വിൽപ്പനയുടെ അളവിൽ ഇടിവ് തുടർന്നു, വർഷാവസാനം മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളും മിക്ക വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ഇത് വിൽപ്പനയെ സഹായിച്ചില്ല എന്ന് വേണം പറയാൻ.
എന്നിരുന്നാലും, വിൽപനയിൽ ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതിനാൽ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബ്രാൻഡുകളുടെ സ്ഥാനങ്ങളിൽ ഇത്തവണ ചില മാറ്റങ്ങൾ നമുക്ക് കാണാനായി. മാരുതി സുസുക്കിയുടെ പ്രകടനം പ്രതിമാസ (MoM) അടിസ്ഥാനത്തിലും, വാർഷിക (YoY) വിൽപ്പനയിലും കുറഞ്ഞു എന്നതാണ് വാസ്തവം.

2023 ഡിസംബറിൽ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ MoM, YoY കണക്കുകൾ യഥാക്രമം 22 ശതമാനവും 6.5 ശതമാനവും കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിപണിയിലെ ട്രെൻഡുകളിൽ ഉണ്ടായ മാറ്റത്തിൽ, 2023 ഡിസംബറിൽ ഹ്യുണ്ടായിയെ മറികടന്ന് ടാറ്റ വീണ്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
43,000 -ൽ അധികം യൂണിറ്റുകളുടെ വിൽപ്പനയോടെ, പ്രാദേശിക വാഹന നിർമ്മാതാക്കളുടെ വാർഷിക വിൽപ്പന കണക്കുകൾ 8.6 ശതമാനം വർധിച്ചു, എന്നാൽ MoM അടിസ്ഥാനത്തിൽ 5.6 ശതമാനം ഇടിവ് ബ്രാൻഡ് രേഖപ്പെടുത്തി. 2023 ഡിസംബറിൽ 42,000 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹ്യുണ്ടായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ വാർഷിക വിൽപ്പന കണക്കുകൾ 10 ശതമാനത്തിലധികം ഉയർന്നപ്പോൾ, MoM വിൽപ്പനയിലെ ഇടിവ് 13.5 ശതമാനത്തിലേറെയാണ് എന്നത് ശ്രദ്ധേയമാണ്. മഹീന്ദ്ര 2023 നവംബറിലെ അതേ സ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയും MoM വിൽപ്പനയിൽ 12 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. 2023 ഡിസംബറിൽ കാർ നിർമ്മാതാക്കൾ 35,000 യൂണിറ്റുകളുടെ വിൽപ്പനയും കൈവരിച്ചു.
2023 ഡിസംബറിൽ ടൊയോട്ട അഞ്ചാം സ്ഥാനത്തെത്തി, വിൽപ്പനയുടെ കാര്യത്തിൽ ജാപ്പനീസ് ബ്രാൻഡ് കിയയെ മറികടന്നു. ഹൈറൈഡർ, ക്രിസ്റ്റ, ഹൈക്രോസ് എന്നീ മോഡലുകൾക്ക് ഒപ്പം ടൊയോട്ട പ്രതിമാസ വിൽപ്പനയിൽ 26 ശതമാനം വളർച്ച കൈവരിച്ചു, കൂടാതെ ബ്രാൻഡിന്റെ വാർഷിക വിൽപ്പനയും മുമ്പത്തേക്കാൾ ഇരട്ടിയായി.

2023 ഡിസംബറിൽ കിയയുടെ പ്രതിമാസ വിൽപ്പനയിൽ ഏകദേശം 45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്, ദക്ഷിണ കൊറിയൻ നിർമ്മാതാക്കളുടെ വാർഷിക വിൽപ്പനയും 17 ശതമാനത്തിലധികം കുറഞ്ഞു. ഈ ലിസ്റ്റിലെ 10,000 യൂണിറ്റ് വിൽപ്പന എന്ന മാർക്ക് പിന്നിട്ട അവസാന ബ്രാൻഡായിരുന്നു കിയ എന്നതും ശ്രദ്ധേയമാണ്.
8,000 യൂണിറ്റിനടുത്ത് വിൽപ്പനയോടെ ഹോണ്ട അതിന്റെ സ്ഥാനം നിലനിർത്തി. ബ്രാൻഡിന്റെ MoM വിൽപ്പന കണക്കുകൾ ഏകദേശം 10 ശതമാനം കുറഞ്ഞു, എന്നാൽ YoY സംഖ്യകൾ ഏകദേശം 12 ശതമാനം ഉയർന്നു എന്നാണ് ഡിസംബർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫോക്‌സ്‌വാഗണും സ്‌കോഡയും ഈ മാസം യഥാക്രമം 4,930 യൂണിറ്റും 4.670 യൂണിറ്റും വിൽപ്പന നടത്തി ഒരു ലെവൽ ഉയർന്നു.

ഫോക്‌സ്‌വാഗൺ MoM, YoY എന്നീ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി, അതേസമയം സ്‌കോഡയ്ക്ക് പ്രതിമാസ വിൽപ്പന വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. അവസാനമായി, എംജി തങ്ങളുടെ MoM, YoY കണക്കുകളിൽ വർധനവ് ഉണ്ടായിട്ടും 2023 ഡിസംബറിൽ പത്താം സ്ഥാനത്തേക്ക് താഴ്ന്നു എന്നതും നോട്ട് ചെയ്യേണ്ടതാണ്.


Click it and Unblock the Notifications








