ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാര്‍ മാരുതിയുടെയല്ല! നമ്പര്‍ 1 ആയി ടാറ്റ എസ്‌യുവി
ഇന്ത്യയില്‍ കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കിയുടെ മൃഗീയാധിപത്യം തുടരുകയാണ്. എതിരാളികളെല്ലാം ഒരു വള്ളപ്പാടകലെ നില്‍ക്കുമ്പോള്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്. ഏറെ നാളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് മാരുതി മോഡലുകള്‍ ആയിരുന്നു.
എന്നാല്‍ 2024 മാര്‍ച്ചില്‍ മാരുതി മോഡലുകളെ പിന്തള്ളി ഒരു ടാറ്റ മോഡല്‍ രാജാവായി. മാരുതി കാറുകളുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയത് ടാറ്റയുടെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ചാണ്. 2024 മാര്‍ച്ചില്‍ മൊത്തം 17547 യൂണിറ്റുകള്‍ വിറ്റാണ് ടാറ്റ പഞ്ച് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേമാസം 10894 യൂണിറ്റ് മാത്രമായിരുന്നു ടാറ്റ പഞ്ചിന്റെ വില്‍പ്പന. വാര്‍ഷിക വളര്‍ച്ച 61 ശതമാനത്തോളമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയാണ് ടോപ് 10 കാറുകളുടെ പട്ടികയില്‍ രണ്ടാമതെത്തിയത്. 2023 മാര്‍ച്ചില്‍ ഹ്യുണ്ടായി ക്രെറ്റയുടെ 14,026 യൂണിറ്റായിരുന്നു വിതരണം ചെയ്തിരുന്നത്. 17 ശതമാനമാണ് വളര്‍ച്ച. ജനുവരിയില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയതാണ് ക്രെറ്റക്ക് ഗുണമായത്. അതേസമയം ഏറെ നാളായി പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന മാരുതി സുസുക്കി വാഗണ്‍ആര്‍ മൂന്നാം സ്ഥാനത്തായി.
കഴിഞ്ഞ മാസം 16368 വാഗണ്‍ആറുകളാണ് വിറ്റുപോയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേമാസം മാരുതി 17305 യൂണിറ്റ് വില്‍പ്പന നേടിയിരുന്നു. വില്‍പ്പനയില്‍ 5 ശതമാനമാണ് ഇടിവ് നേരിട്ടത്. 17,845 യൂണിറ്റ് വില്‍പ്പനയുമായി മാരുതി ഡിസയര്‍ നാലാമതെത്തി. അഞ്ചാമത് മാരുതി സുസുക്കി സ്വിഫ്റ്റാണ് (15728 യൂണിറ്റ്). എന്നിരുന്നാലും വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള 10 കാറുകളില്‍ മാരുതിയുടെ 6 കാറുകള്‍ ഉണ്ട്. ടോപ് 10 പട്ടികയില്‍ ടാറ്റയുടെ രണ്ടും ഹ്യുണ്ടായിയുടെയും മഹീന്ദ്രയുടെയും ഓരോ കാറുകളും ഇടംനേടി.

എല്ലാ ഡ്രൈവ്‌ട്രെയിനുകളും ചേര്‍ത്തുള്ള പഞ്ചിന്റെ വില്‍പ്പനയാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് അവതാരങ്ങളിലാണ് പഞ്ച് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ടാറ്റ തങ്ങളുടെ നാലാമത്തെ ഇലക്ട്രിക് ഓഫറിംഗായ പഞ്ച് ഇവി പുറത്തിറക്കിയത്. ആ മാസം പഞ്ചിന്റെ മൊത്തം വില്‍പ്പന 17,978 യൂണിറ്റായിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ വില്‍പ്പന കൂടി 18438 യൂണിറ്റായി ഉയര്‍ന്നു.
ഫെബ്രുവരിയുമായി തട്ടിച്ച് നോക്കുമ്പോള്‍ മാര്‍ച്ചില്‍ വില്‍പ്പന 5 ശതമാനം ഇടിവാണ് നേരിട്ടത്. എന്നിട്ടും പഞ്ചിന് ഇന്ത്യയിലെ നമ്പര്‍ 1 കാറായി മാറാന്‍ സാധിച്ചു. ടാറ്റ പഞ്ചിനെ ഈ നേട്ടത്തിലെത്താന്‍ സാഹായിച്ച ഒത്തിരി ഘടകങ്ങളുണ്ട്. തുടക്കം മുതലേ ടാറ്റ പഞ്ചിന് ഇന്ത്യക്കാരില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കാരണം ഒരു ഹാച്ച്ബാക്ക് കാറിന്റെ വിലയില്‍ ഒരു എസ്‌യുവി എന്നതായിരുന്നു ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം.

6 ലക്ഷം രൂപ മുതല്‍ 10.20 ലക്ഷം രൂപ വരെയാണ് ഐസി എഞ്ചിന്‍ മോഡലുകളുടെ വില പോകുന്നത്. അതേസമയം, പഞ്ച് ഇവിയുടെ വില 10.99 ലക്ഷത്തില്‍ തുടങ്ങി 15.49 ലക്ഷം രൂപ വരെയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. പഞ്ചിനെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം ബില്‍ഡ് ക്വാളിറ്റിയാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ പഞ്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്.
ഇത്രയും കുറഞ്ഞ വിലയില്‍ കിടുക്കന്‍ സേഫ്റ്റിയുള്ള കാര്‍ കിട്ടുമ്പോള്‍ പിന്നെ ചിന്തിച്ച് നില്‍ക്കേണ്ട കാര്യമില്ലെല്ലോ. മുകളില്‍ പറഞ്ഞ പോലെ ഒന്നിലേറെ ഡ്രൈവ്‌ട്രെയിനുകളുടെ സാന്നിധ്യമാണ് മറ്റൊരു സംഗതി. പെട്രോള്‍ വേരിയന്റിനൊപ്പം ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയും മികച്ച റേഞ്ചുമുള്ള സിഎന്‍ജി പതിപ്പും 421 കിലോമീറ്റര്‍ വരെ റേഞ്ച് തരുന്ന ഇലക്ട്രിക് പതിപ്പും പഞ്ചിനുണ്ട്. നിലവില്‍ ഇന്ത്യല്‍ വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് എസ്‌യുവിയാണ് ടാറ്റ പഞ്ച് ഇവി.

ബില്‍ഡ് ക്വാളിറ്റിയും റോഡ് പ്രസന്‍സും അക്രമണാത്മകമായ വിലയും മാത്രമല്ല ഫീച്ചര്‍ റിച്ചായ ക്യാബിനും പഞ്ചിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. കണക്റ്റഡ് കാര്‍ ടെക്‌നോളജിയുമായി വരുന്ന 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 7 ഇഞ്ച് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടക്കമുള്ള സവിശേഷതകള്‍ പഞ്ചിന്റെ ഐസി എഞ്ചിന്‍ പതിപ്പുകളില്‍ സജ്ജീകരിച്ചിരിക്കുന്നു.
360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടച്ച് അധിഷ്ഠിത HVAC കണ്‍ട്രോളുകള്‍, ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളോടെയാണ് പഞ്ച് ഇലക്ട്രിക് വരുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിയാണ് ഈ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറഞ്ഞ വിലയുള്ള കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് മാറി മുടക്കുന്ന പണത്തിനുള്ള മൂല്യമുള്ള വാഹനങ്ങളോടാണ് അവര്‍ ഇപ്പോള്‍ താല്‍പര്യം കാണിക്കുന്നത്.


Click it and Unblock the Notifications








