മാരുതി കാറുകള്‍ മുട്ടുകുത്തി! 2024-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് ഈ ടാറ്റ കാര്‍
2024 കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതുവര്‍ഷം പിറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പോയ വര്‍ഷം എങ്ങനെ ഉണ്ടായിരുന്നുവെന്ന കണക്കുകൂട്ടലുകളിലാണ്് വാഹന രംഗം. 2024 എന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) വര്‍ഷമായിരുന്നുവെന്ന് നിസ്സംശയം പറയാം. ഇതില്‍ തന്നെ ചെറു എസ്‌യുവികള്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. അതില്‍ തന്നെ ഹാച്ച്ബാക്കിന്റെ വിലയില്‍ കിട്ടുന്ന ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിക്കാണ് ബമ്പര്‍ അടിച്ചിരിക്കുന്നത്. ടാറ്റയുടെ മൈക്രോ എസ്‌യുവി 2024-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയതായി ജെറ്റോ ഡൈനാമിക്‌സിനെ ഉദ്ധരിച്ച് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2023-ലെ ബെസ്റ്റ് സെല്ലര്‍ കാറായ മാരുതി സുസുക്കി സ്വിഫ്റ്റിനെയടക്കം പഞ്ച് പിന്നിലാക്കി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2,03,469 കാറുകളുടെ വില്‍പ്പനയുമായി സ്വിഫ്റ്റ് ആയിരുന്നു മുന്നില്‍. ഈ വര്‍ഷം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും സ്വിഫ്റ്റിന് സ്ഥാനം നേടാനായില്ല എന്നതാണ് ശ്രദ്ധേയം. 2024-ല്‍ 2,00,678 കാറുകളുടെ വില്‍പ്പനയുമായി ടാറ്റ പഞ്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. 2023-ല്‍ ഏഴാം സ്ഥാനത്തായിരുന്നു പഞ്ച് എന്ന് ഓര്‍ക്കണം.

മാരുതിയുടെ ടോള്‍ബോയ് ഹാച്ച്ബാക്കായ വാഗണ്‍ആര്‍ ആണ് രണ്ടാമത്. ഈ വര്‍ഷം 187,200 യൂണിറ്റാണ് വാഗണ്‍ആറിന്റെ വില്‍പ്പന. ഹ്യുണ്ടായിയുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റ 183782 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാമതെത്തി. മാരുതി എര്‍ട്ടിഗയും മാരുതി ബ്രെസയുമാണ് നാല് അഞ്ച് സ്ഥാനങ്ങളില്‍. ഈ കാറുകള്‍ യഥാക്രമം 183762, 183718 യൂണിറ്റ് വില്‍പ്പന നേട്ടം കൈവരിച്ചു.
സ്വിഫ്റ്റ്, ബലേനോ, മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി ഫ്രോങ്ക്‌സ്, ടാറ്റ നെക്‌സോണ്‍ എന്നീ കാറുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന നെക്‌സോണ്‍ ഇക്കുറിപത്തിലേക്ക് വീണു. ഈ വര്‍ഷം നെക്‌സോണിന്റെ വില്‍പ്പന ഏകദേശം 1,56,770 യൂണിറ്റാണ്. 2021-ല്‍ വിപണിയില്‍ എത്തിയ ശേഷം വമ്പന്‍ വളര്‍ച്ചയാണ് ടാറ്റ പഞ്ച് നേടുന്നത്.

വറൈറ്റി പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് പഞ്ചിനെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പതിപ്പുകളില്‍ പഞ്ച് വാങ്ങാന്‍ കഴിയും. ഈ വര്‍ഷം ജനുവരിയിലാണ് പഞ്ച് ഇവി വിപണിയില്‍ എത്തിയതെന്ന് ഈ വില്‍പ്പന കണക്കുകളുടെ കൂടെ കൂട്ടി വായിക്കണം. 2023 മോഡല്‍ ഇയര്‍ വാഹനങ്ങളുടെ സ്‌റ്റോക്ക് ക്ലിയറന്‍സിനായി വാഗ്ദാനം ചെയ്ത കിഴിവ് കാരണം പഞ്ച് എസ്‌യുവി നന്നായി വിറ്റുപോയി.
6000 ആര്‍പിഎമ്മില്‍ പരമാവധി 86 PS പവറും 3300 ആര്‍പിഎമ്മില്‍ 113 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന്റെ കരുത്ത്. ഇത് 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. പഞ്ചിന്റെ മാനുവല്‍ പതിപ്പ് ലിറ്ററിന് 18.97 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 18.82 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. കിലോഗ്രാമിന് 26.99 കിലോമീറ്റര്‍ വരെയാണ് പഞ്ച് സിഎന്‍ജിയുടെ ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ എസി, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ടാറ്റ പഞ്ച് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ പഞ്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ്.
ഇന്ത്യന്‍ വിപണിയിലെ കടുത്ത മത്സരത്തിനിടയില്‍ ടാറ്റ മോട്ടോഴ്സിന്റെ വില ക്രമീകരണം അവരുടെ മോഡലുകളെ കൂടുതല്‍ ആകര്‍ഷകമാക്കി. വെറും 6.13 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില തുടങ്ങുന്നത്. കാലാനുസൃതമായി കാറിന്റെ ഫീച്ചര്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതും സ്ഥിരമായി വില്‍പ്പന നേടാന്‍ സഹായിക്കുന്നു. ഫുള്‍ചാര്‍ജില്‍ 421 കിലേമീറ്റര്‍ വരെ റേഞ്ച് പറയുന്ന പഞ്ച് ഇവിയുടെ വില തുടങ്ങുന്നത് 9.99 ലക്ഷം മുതലാണ്.


Click it and Unblock the Notifications








