സിക്‌സടിച്ച് നേടിയ കാര്‍! ഐപിഎല്ലിലൂടെ പഞ്ച് ഇവി സ്വന്തമാക്കിയ ഓസീസ് വെടിക്കെട്ടുവീരനെ മനസ്സിലായോ?
2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഞായറാഴ്ച തിരശ്ശീല വീണു. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തങ്ങളുടെ മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഓരോ ടൂര്‍ണമെന്റ് അവസാനിക്കുമ്പോഴും മികച്ച കളിക്കാര്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. അതില്‍ ഒന്നാണ് 'ഇലക്ട്രിക് സ്‌ട്രൈക്കര്‍ ഓഫ് ദ സീസണ്‍' അവാര്‍ഡ്. ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ടാറ്റയാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ടാറ്റ പഞ്ച് ഇവി കാറാണ് ഈ പുരസ്‌കാരം നേടിയ കളിക്കാരന് ലഭിച്ചത്. ഈ സീസണില്‍ ടാറ്റയുടെ ജനപ്രിയ കാര്‍ ലഭിച്ച താരമാരാണെന്ന് നമുക്ക് നോക്കാം.
വര്‍ഷങ്ങളായി ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സറാണ് ടാറ്റ. ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളില്‍ ടാറ്റയുടെ കാറുകള്‍ പ്രവദര്‍ശിപ്പിച്ചത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇക്കുറി ഡബ്ല്യുപിഎല്ലില്‍ ഒരു കളിക്കാരിയടിച്ച സിക്‌സര്‍ പതിച്ച് ടാറ്റ പഞ്ച് കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ന്നതും വാര്‍ത്തയായിരുന്നു. സീസണില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ബാറ്റര്‍ക്കുള്ള 'ഇലക്ട്രിക് സ്‌ട്രൈക്കര്‍ ഓഫ് ദ സീസണ്‍' അവാര്‍ഡിന്റെ കൂടെ സമ്മാനിക്കാനുള്ളതാണ് കാര്‍.

ചുരുങ്ങിയത് 100 പന്ത് നേരിട്ട താരങ്ങളെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുക. ഞായറാഴ്ച ചെന്നൈയില്‍ നടന്ന ഫൈനലിന് പിന്നാലെ ഈ അവാര്‍ഡും പ്രഖ്യാപിച്ചു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടിയ രണ്ട് ടീമുകളിലെ കളിക്കാരില്‍ ഒരാള്‍ക്കുമായിരുന്നില്ല ആ അവാര്‍ഡ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയുമായി കളംനിറഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജെയ്ക് ഫ്രേസര്‍ മക്ഗര്‍ക് എന്ന 22-കാരനാണ് ടാറ്റ പഞ്ച് ഇവിയുടെ അവകാശി.
വെറും 15 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ഓസീസ് താരം സീസണില്‍ ശ്രദ്ധയാകര്‍ഷിച്ചത്. സീസണിലുടനീളം 234.04 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം കളിച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് ഫിഫ്റ്റിയടക്കം 330 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്തായതിനെ തുടര്‍ന്ന് താരം ഇന്ത്യ വിട്ടിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ നാട്ടുകാരനും സണ്‍റൈസേഴ്‌സ് താരവുമായ ട്രെവിസ് ഹെഡ് അവാര്‍ഡ് ഏറ്റുവാങ്ങി.

അന്താരാഷ്ട്ര-ആഭ്യന്തര ക്രിക്കറ്റിലെ ഒരു താരത്തിന്റെ വേഗതയേറിയ സെഞ്ച്വറിക്കുള്ള റെക്കോര്‍ഡ് ഈ ഓസീസ് താരത്തിന്റെ പേരിലാണ്. ഓസ്‌ട്രേലിയയിലെ മാര്‍ഡ് കപ്പില്‍ ടാസ്മാനിയക്കെതിരായ മത്സരത്തില്‍ സൗത്ത് ഓസ്‌ട്രേലിയക്കായി ബാറ്റുവീശിയ ജെയ്ക് 29 പന്തിലാണ് 100 തികച്ചത്. 2015-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 31 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനെയാണ് ജെയ്ക് മറികടന്നത്.
സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിങ്ങനെ 5 വ്യത്യസ്ത വേരിയന്റുകളിലായാണ് ടാറ്റ പഞ്ച് ഇവി വില്‍ക്കുന്നത്. ഒരു സിംഗിള്‍ കളര്‍ ഓപ്ഷനും അഞ്ച് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. 10.99 ലക്ഷം രൂപ മുതലാണ് ടാറ്റ പഞ്ച് ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ പഞ്ച് ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പാണ് ജെയ്കിന് സമ്മാനിച്ചത്.

ഇതിന് ഏകദേശം 15.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരും. 35 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ഇവി ഫുള്‍ ചാര്‍ജില്‍ 421 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 90 kW പവറും 190 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് പഞ്ച് ഇവിക്ക് തുടിപ്പേകുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഈ കാറിലെ ബാറ്ററി പായ്ക്ക് വെറും 56 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം.
3.3 kW എസി ഹോം വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജിംഗ് സമയം 9.4 മണിക്കൂറാണ്. അതേസമയം 7.2 kW എസി ഹോം വാള്‍ ബോക്‌സ് ഉപയോഗിച്ച് ചാര്‍ജിംഗ് സമയം 3.6 മണിക്കൂറായി കുറയ്ക്കാം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ടാറ്റ പഞ്ച് ഇവി 9.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, എയര്‍ പ്യൂരിഫയര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ കാറിന്റെ ഇന്റീരിയറില്‍ ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഈ കാറിന് നേരിട്ടുള്ള എതിരാളികള്‍ ഇല്ലെങ്കിലും സിട്രണ്‍ eC3 ഇലക്ട്രിക് ഹാച്ചിന്റെ വെല്ലുവിളി നേരിടണം.


Click it and Unblock the Notifications








