പഞ്ച് ഇവിയെ ഇഞ്ച് ഇഞ്ചായി വെളിപ്പെടുത്തി പുത്തൻ വീഡിയോയുമായി ടാറ്റ
ടാറ്റ മോട്ടോർസ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനമായ പഞ്ച് ഇവി ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇലക്ട്രിക് മൈക്രോ എസ്‌യുവിയുടെ ഔദ്യോഗിക അനാച്ഛാദനത്തിന് മുമ്പ്, ബ്രാൻഡ് അതിനായിട്ടുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ ടോക്കൺ തുക നൽകി ആവശ്യക്കാർക്ക് വരാനിരിക്കുന്ന പഞ്ച് ഇവി ഔദ്യോഗികമായി ബുക്ക് ചെയ്യാം.
ഡീലർഷിപ്പുകൾ വഴിയോ അല്ലെങ്കിൽ ഓൺലൈനിലും കുഞ്ഞൻ ഇവി ബുക്ക് ചെയ്യാനുള്ള ഓപ്ഷനുകളുണ്ട്. വരാനിരിക്കുന്ന എസ്‌യുവിയുടെ ഒരു സെറ്റ് ഔദ്യോഗിക ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, ടാറ്റ ഇപ്പോൾ എസ്‌യുവിയുടെ എക്സ്റ്റീരിയറിന്റെ വ്യക്തമായ ഒരു വ്യൂ നൽകുന്ന ഒരു ഔദ്യോഗിക വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

ടാറ്റ ഇവി തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നമുക്ക് ഇതിനകം അറിയാവുന്നതുപോലെ, ടാറ്റ ഇപ്പോൾ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളെ പ്രത്യേകം പരിഗണിക്കുന്നു, കൂടാതെ അവയ്‌ക്കായി ഒരു ഇവി സ്പെസിഫിക് റീട്ടെയിൽ ശൃംഖലയും ഷോറൂമുകളും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന ഷോറൂം അടുത്തിടെ കമ്പനി ഉദ്ഘാടനം ചെയ്തിരുന്നു.
ഡൽഹി NCR മേഖലയിൽ നിർമ്മാതാക്കൾ ഒന്നല്ല, രണ്ട് ഡീലർഷിപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവി എക്സ്ക്ലൂസീവായി ഈ ഡീലർഷിപ്പുകൾ വഴി വിൽക്കാൻ സാധ്യതയുണ്ട്. പഞ്ച് ഇവിയിലേക്ക് തിരികെ വരുമ്പോൾ, മൈക്രോ എസ്‌യുവിയുടെ ആകെ മൊത്തത്തിലുള്ള രൂപകൽപ്പന സാധാരണ പഞ്ച് പോലെ തന്നെ തുടരുന്നു.

എന്നിരുന്നാലും, ICE പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കാൻ നിർമ്മാതാക്കൾ കാറിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, മുൻവശത്തെ ഗ്രില്ല് പൂർണ്ണമായും ക്ലോസ് ചെയ്ത യൂണിറ്റാണ്, മുൻവശത്തുള്ള ടാറ്റ ലോഗോ യഥാർത്ഥത്തിൽ ഇവിയുടെ ചാർജിംഗ് പോർട്ട് ആക്സസ് ചെയ്യുന്നതിനുള്ള ലിഡായി പ്രവർത്തിക്കുന്നു. കൂടാതെ ഫ്രണ്ടിലെ കണക്റ്റിംഗ് എൽഇഡി ബാർ അടുത്തിടെ പുറത്തിറക്കിയ മറ്റ് ടാറ്റ കാറുകളിൽ കണ്ടതിന് സമാനമാണ്.
എൽഇഡി ബാറിൽ വെൽക്കം & ഗുഡ്ബൈ ജസ്റ്ററുകൾ ഉണ്ടാകും. ഹെഡ്‌ലാമ്പുകൾ ബമ്പറിലാണ് സ്ഥാപിച്ചിരിക്കുന്നത്, അവ ഇപ്പോൾ എൽഇഡി യൂണിറ്റുകളാണ് എന്നതും ശ്രദ്ധേയമാണ്. കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫോഗ് ലാമ്പുകളുടെ ഓപ്ഷനുമായി ടോപ്പ് സ്പെക്ക് വേരിയന്റുകളും വരുന്നു. മൈക്രോ എസ്‌യുവിയുടെ സൈഡ് പ്രൊഫൈൽ കാര്യമായ മാറ്റങ്ങൾ ഇല്ല, ICE പതിപ്പിന് സമാനമാണിത്.
16 ഇഞ്ച് അലോയി വീലുകളുമായാണ് ഇത് വരുന്നത്. പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, ടെയിൽഗേറ്റിൽ പഞ്ച് ഇവി ബാഡ്ജ് കാണാം. അത് അല്ലാതെ, പിന്നിൽ എസ്‌യുവിയിൽ ദൃശ്യമായ മറ്റ് മാറ്റങ്ങളൊന്നും തന്നെയില്ല. പുതിയ UI ഉള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫ്രങ്ക് (ഫ്രണ്ട് ട്രങ്ക്), 360 -ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, മൾട്ടിപ്പിൾ വോയ്‌സ് അസിസ്റ്റന്റുകൾ, വെന്റിലേറ്റഡ് ലെതറെറ്റ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഇതിൽ വരുന്നു.
കൂടാതെ ഇൻബിൽറ്റ് എയർ പ്യൂരിഫയർ, ഒരു ഇലക്ട്രിക് സൺറൂഫ്, മൾട്ടി മോഡ് റീജൻ, LR പതിപ്പിനുള്ള ഒരു ജ്വല്ലെഡ് കൺട്രോൾ നോബ്, ഒരു ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (ടോപ്പ് എൻഡ് വേരിയന്റ്), വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകൾ ടാറ്റ പഞ്ച് ഇവി വാഗ്ദാനം ചെയ്യും.

ടാറ്റ പഞ്ച് ഇവി രണ്ട് വേരിയന്റുകളിലും വാഗ്ദാനം ചെയ്യും, സ്റ്റാൻഡേർഡ് റേഞ്ച് അല്ലെങ്കിൽ മീഡിയം റേഞ്ച് (MR) വേരിയന്റും ലോംഗ് റേഞ്ച് (LR) വേരിയന്റുമാണ് ഇവ. സ്റ്റാൻഡേർഡ് റേഞ്ച് വേരിയന്റിന് ചെറിയ ബാറ്ററി പാക്ക് ലഭിക്കും, അതേസമയം ലോംഗ് റേഞ്ച് കൂടുതൽ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററിയുമായി വരും.
MR പതിപ്പിൽ 25 kWh ബാറ്ററി പായ്ക്ക് കമ്പനി ഉപയോഗിക്കും, ഏകദേശം 330 കിലോമീറ്റർ റേഞ്ച് ഇത് നൽകും എന്ന് പ്രതീക്ഷിക്കുന്നു. LR പതിപ്പിന് 35 kWh ബാറ്ററി പായ്ക്കാവും വരുന്നത്, ഏകദേശം 460 കിലോമീറ്റർ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. ഈ മൈക്രോ എസ്‌യുവി ഫാസ്റ്റ് ചാർജിംഗിനേയും സപ്പോർട്ട് ചെയ്യുന്നു.
കൂടാതെ 3.3 കിലോവാട്ട് വാൾ ബോക്‌സ് ചാർജറും 7.2 കിലോവാട്ട് ഫാസ്റ്റ് ഹോം ചാർജർ ഓപ്ഷനുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഹാരിയറിനെയും നെക്‌സോണിനെയും പോലെ, ഓൾ ന്യൂ പഞ്ച് ഇവിയും സ്മാർട്ട്, സ്മാർട്ട്+, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ്+ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications