രാജ്യം കാത്തിരിക്കുന്ന ഇവിയുടെ വില ചോര്‍ന്നു! പഞ്ച് ഇവി ബുക്ക് ചെയ്തവരുടെ 'കിളിപാറി'
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ നാലാമത്തെ ഓള്‍ ഇലക്ട്രിക് കാറായ പഞ്ച് ഇവി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. പുതിയ Acti.ev പ്ലാറ്റ്‌ഫോമില്‍ വരുന്ന പഞ്ച് ഇവി 21,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്. എന്നാല്‍ രാജ്യം കാത്തിരിക്കുന്ന ഇവിയുടെ വില ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുമ്പേ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു.
വിപണിയില്‍ വമ്പന്‍ ഹിറ്റായി മാറിയ നെക്‌സോണ്‍, ടിഗോര്‍, ടിയാഗോ എന്നീ ഇവികള്‍ക്ക് ശേഷം ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ചിനെ ടാറ്റയിപ്പോള്‍ ഇലക്ട്രിക് കുപ്പായമണിയിച്ചിരിക്കുകയാണ്. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ഇലക്ട്രിക് എസ്‌യുവിക്ക് ഇപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. സ്‌പെസിഫിക്കേഷനുകളും വിലയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിരവധിയാളുകളാണ് പഞ്ച് ഇവി ബുക്ക് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഈ പുതിയ ഇലക്ട്രിക് മൈക്രോ-എസ്‌യുവി ബുക്ക് ചെയ്ത ചിലയാളുകൾക്ക് വില ഇ-മെയില്‍ സന്ദേശമായി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ പഞ്ച് ഇവിയുടെ വില ടെസ്ല ക്ലബ് ഇന്ത്യ എന്ന എക്സ് (ട്വിറ്റര്‍) ഹാന്‍ഡിലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഞ്ച് ഇവിയുടെ രണ്ട് വേരിയന്റുകളുടെയും വില ചോര്‍ന്നിട്ടുണ്ട്. ടെസ്‌ല ക്ലബ് ഓഫ് ഇന്ത്യ അംഗമായ ഹരിരാജ് റാത്തോഡ് എന്നയാള്‍ക്കാണ് വില സംബന്ധിച്ച് മെയില്‍ ലഭിച്ചതെന്നാണ് പോസ്റ്റില്‍ പറയുന്നത്.
ടാറ്റ പഞ്ച് ഇവിയുടെ ലോംഗ് റേഞ്ച് എംപവേര്‍ഡ്+ ആണ് ഇദ്ദേഹം ബുക്ക് ചെയ്തത്. സണ്‍റൂഫോട് കൂടിയ 3.3 kW ചാര്‍ജര്‍ വരുന്ന മോഡലാണിത്. 16,13,729 ആണ് പഞ്ച് ഇവിയുടെ ഈ വേരിയന്റിന്റെ വിലയായി മെയില്‍ വന്നിരിക്കുന്നത്. ടെസ്ല ക്ലബ് ഇന്ത്യയുടെ മറ്റൊരു പോസ്റ്റില്‍ പഞ്ച് ഇവിയുടെ അഡ്വഞ്ചര്‍ LR വേരിയന്റിന്റെ വിലയും പങ്കുവെച്ചിട്ടുണ്ട്. 3.3 kW ചാര്‍ജര്‍ വരുന്ന വേരിയന്റിന് 13,73,846 രൂപയാണ് എക്സ് ഷോറൂം വിലയിട്ടിരിക്കുന്നതെന്ന് പോസ്റ്റ് വിശദീകരിക്കുന്നു.

പഞ്ച് ഇവിയുടെ സെക്കന്‍ഡ് ബേസ് വേരിയന്റാണ് അഡ്വഞ്ചര്‍. എന്നാല്‍ ടെസ്‌ല ക്ലബ് ഓഫ് ഇന്ത്യ അക്കൗണ്ടില്‍ പഞ്ച് ഇവിയുടെ വില പ്രത്യക്ഷപ്പെട്ട വിവരം മനസ്സിലാക്കി ടാറ്റ മോട്ടോര്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നലകിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ലോഞ്ച് വേളയില്‍ ഇവിയുടെ ഔദ്യോഗിക വിലകള്‍ വെളിപ്പെടുത്തുമെന്നും ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പോസ്റ്റില്‍ വിശദീകരിച്ചു.
എന്നാല്‍ ടാറ്റ പഞ്ച് ഇവിയുടെ ചോന്നിരിക്കുന്ന വില അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ലെന്നതാണ് രസകരം. എങ്കിലും എക്‌സില്‍ പ്രത്യക്ഷപ്പെട്ട വില കൃത്യമായിയിരിക്കുമോ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. നിലവില്‍ ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇവി. 8.69 ലക്ഷം മുതല്‍ 12.04 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.
ഇവി ലൈനപ്പിലെ ഏറ്റവും ചെലവേറിയ മോഡലായ നെക്സോണ്‍ ഇവിയുടെ വില 14.74 ലക്ഷം രൂപയും 19.94 ലക്ഷം രൂപയുമാണ്. ഇവ രണ്ടിന്റെയും ഇടയിലായിരിക്കും പുതിയ പഞ്ച് ഇവിയുടെ വില വരാന്‍ സാധ്യത. അങ്ങനെ വരുമ്പോള്‍ ചോര്‍ന്ന വില ഏകദേശം ശരിയായി വരുമെന്നാണ് നെറ്റിസൺസ് പറയുന്നത്. കാരണം നികുതിയടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിലയാണ് മെയില്‍ വന്നത്. ഏതായാലും വിലയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഏതാനും ദിവസം ക്ഷമയോടെ കാത്തിരുന്നേ മതിയാകൂ.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂടുപടമഴിച്ചെങ്കിലും പഞ്ച് ഇവിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. ടാറ്റ പഞ്ച് ഇവിയുടെ കൃത്യമായ പവര്‍ട്രെയിന്‍ വിശദാംശങ്ങളെ കുറിച്ച് ടാറ്റ ഉരിയാടിയിട്ടില്ല. എങ്കിലും മിഡ് റേഞ്ച (MR), ലോംഗ് റേഞ്ച് (LR) എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇവി വരുമെന്ന് വ്യക്തമാണ്.

25 kWh ബാറ്ററി പായ്ക്ക് ആയിരിക്കും MR-ന് കരുത്ത് പകരുക. അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് 35 kWh ബാറ്ററി പായ്ക്ക് ലഭിക്കും. MR-ന് 330 കിലോമീറ്ററും LR-ന് 460 കിലോമീറ്ററും റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിയുടെ അകത്തളം ഫീച്ചര്‍ സമ്പന്നമായിരിക്കും.
ടാറ്റയുടെ പുതിയ UI ഉള്ള പുതിയ ഫ്‌ലോട്ടിംഗ്-ടൈപ്പ് 10.25-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, മള്‍ട്ടിപ്പിള്‍ വോയ്സ് അസിസ്റ്റന്റുകള്‍, വെന്റിലേറ്റഡ് ലെതറെറ്റ് ഫ്രണ്ട് സീറ്റുകള്‍, ഇന്‍ബില്‍റ്റ് എയര്‍ പ്യൂരിഫയര്‍ എന്നീ സവിശേഷതകള്‍ ലഭിക്കും.
ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടി മോഡ് റീജന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ടെക് എന്നിവയടക്കമുള്ള ഫീച്ചറുകളും പഞ്ച് ഇവിയിലുണ്ടാകും. മറ്റെല്ലാ ടാറ്റ കാറുകളെയും പോലെ പഞ്ച് ഇവിയും സേഫ്റ്റിയുടെ കിടുവായിരിക്കും. ഏതായാലും രാജ്യം കാത്തിരിക്കുന്ന കാറിന്റെ വിലയറിയാന്‍ ഇനി കുറച്ച് ദിവസം കൂടി കാത്തിരിക്കാം.


Click it and Unblock the Notifications








