5 സ്റ്റാറുള്ള 4 കാറുകളുണ്ട്! എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവി ഈ കുഞ്ഞനാണ്
ഇലക്ട്രിക് വാഹനങ്ങളോട് വളരെ പോസിറ്റീവായ സമീപനം സ്വീകരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റുപോകുകയും ഏറ്റവും കൂടുതല്‍ ഇവി ചാര്‍ജിംഗ് ശൃംഖലകളില്‍ ഒന്നും നമ്മുടെ സംസഥാനത്താണ്. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ധൈര്യപ്പെട്ട് ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നുണ്ട്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ അടുത്ത കാലത്തായി ഇവി ഉടമകളായിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങും പോലെ തന്നെ ഇവികള്‍ വാങ്ങുന്നവരും സേഫ്റ്റി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മഹീന്ദ്രയുടെ XUV400 എന്ന ഇലക്ട്രിക് എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്ത് വന്നത്.
നിലവില്‍ മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്ന ഏക ഇവിയായ XUV400 ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി കമ്പനിയുടെ അഭിമാനമായി മാറിയിരുന്നു. ഇതിന് പുറമെ ടാറ്റ മോട്ടോര്‍സിന്റെ ഇവികളായ പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിവ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവിയായി മാറിയത് ഏതാണെന്നാണ് ഇനി പറയാന്‍ പോകുന്നത്.

ഏറ്റവും ചെറിയ കാറായ പഞ്ച് ഇവിയില്‍ നിന്ന് തന്നെ തുടങ്ങാം. മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി 32-ല്‍ 31.46 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ല്‍ 45 പോയിന്റുമാണ് പഞ്ച് ഇവി നേടിയത്. പഞ്ച് ഇവിക്കൊപ്പം ഇടിക്കൂട്ടില്‍ പരീക്ഷിച്ച നെക്‌സോണ്‍ ഇവിക്ക് പക്ഷേ മുതിര്‍ന്നവരുടെ സംരക്ഷയില്‍ 29.86 പോയിന്റും കുട്ടികളുടെ 44.95 പോയിന്റുമാണ് നേടാനായത്. ഏറ്റവും ഒടുവില്‍ ക്രാഷ് ടെസ്റ്റിന് വിധേയമായ ടാറ്റ കാര്‍ കര്‍വ് ഇവിയാണ്.
പ്രതീക്ഷ തെറ്റിക്കാതെ കര്‍വും ക്രാഷ് ടെസ്റ്റില്‍ എ പ്ലസ് നേടി. എന്നാല്‍ മുതിര്‍ന്നവരുടെ സംരക്ഷണയില്‍ 30.81 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 44.83 പോയിന്റുമാണ് നേടാനായത്. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയിലേക്ക് വന്നാല്‍ ഇത് മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 30.38 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 43 പോയിന്റും നേടി.

സേഫ്റ്റി സ്‌കോര്‍ നോക്കുമ്പോള്‍ ടാറ്റ പഞ്ച് ഇവിയാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാര്‍ ആയി മാറിയത്. രണ്ടാം സ്ഥാനത്ത് കര്‍വ് ഇവിയും മൂന്നാം സ്ഥാനത്ത് മഹീന്ദ്ര XUV 400-യുമാണ്. ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇവിയും ഒപ്പത്തിനൊപ്പമെന്ന് പറയാം. ടാറ്റ പഞ്ച് ഇവി രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ നമുക്ക് വാങ്ങാന്‍ സാധിക്കും.
ആദ്യത്തേതില്‍ 25 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 82 bhp പവറും 114 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 35 kWh ബാറ്ററിയാണ് സജ്ജീകരിച്ച രണ്ടാമത്തേത് പരമാവധി 122 bhp പവറും 190 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ചെറിയ ബാറ്ററി ഘടിപ്പിച്ച പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

വലിയ ബാറ്ററി പായ്ക്ക് ഉള്ള മോഡല്‍ ഫുള്‍ ചാര്‍ജില്‍ 421 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, 10.25 ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍, സിംഗിള്‍ പാന്‍ പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയ മോഡേണ്‍ സവിശേഷതകളെല്ലാം പഞ്ച് ഇവിയില്‍ ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ, സുരക്ഷയ്ക്കായി, 6-എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്. ടാറ്റ പഞ്ച് ഇവിയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 14.29 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








