ഇതൊക്കെയെന്ത്! ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ തൂക്കി ടാറ്റ ഇലക്ട്രിക് കാര്‍; വില വെറും 10.99 ലക്ഷം
സേഫ്റ്റിക്ക് പേരുകേട്ട കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യ തദ്ദേശീയമായ കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമായ ഭാരത് NCAP-ന് തുടക്കം കുറിച്ചപ്പോള്‍ ആദ്യം 5 സ്റ്റാര്‍ റേറ്റിംഗ് നേടിയത് ടാറ്റയുടെ കാറുകളായിരുന്നു. ടാറ്റ സഫാരി, ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളായിരുന്നു ഭാരത് NCAP-ല്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യ കാറുകള്‍. ഇപ്പോള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മറ്റൊരു ടാറ്റ കാര്‍ കൂടി എ പ്ലസ് നേടിയിരിക്കുകയാണ്. ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ പഞ്ച് ഇവിയാണ് ഇടിക്കൂട്ടില്‍ തിളങ്ങിയത്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ ടാറ്റ പഞ്ച് ഇവി 5-സ്റ്റാര്‍ റേറ്റിംഗ് നേടി ചേട്ടന്‍മാരായ ഹാരിയറിന്റെയും സഫാരിയുടെയും നേട്ടം ആവര്‍ത്തിച്ചു. ഭാരത് യാത്രക്കാരുടെ സംരക്ഷണയില്‍ 32-ല്‍ 31.46 പോയിന്റ് നേടി. മാത്രമല്ല കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 45.00 പോയിന്റും നേടാന്‍ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിക്ക് സാധിച്ചു.

എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ടാറ്റ പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നു. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ISOFIX മൗണ്ടുകള്‍, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍ എന്നിവയും അധിക സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ടാറ്റ പഞ്ച് ഇവിയെ കുറിച്ച് പറയുമ്പോള്‍ ബ്രാന്‍ഡിന്റെ ജെന്‍ 2 ഇവി ആര്‍ക്കിടെക്ച്ചര്‍ അല്ലെങ്കില്‍ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിലെ ആദ്യ മോഡലാണ് ഇത്. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളാണ് പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളിലും മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലും വാഹനം വാങ്ങാന്‍ സാധിക്കും.

ഏറ്റവും പുതിയ നെക്സോണ്‍ ഇവിയില്‍ നിന്നും ഡിസൈന്‍ സൂചകങ്ങള്‍ കടമെടുത്ത് കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ലുക്കിലാണ് പഞ്ച് ഇവി എത്തുന്നത്. മുന്‍വശത്ത് ചാര്‍ജിംഗ് സോക്കറ്റ് ഉള്ള ആദ്യത്തെ ടാറ്റ ഇവി കൂടിയാണ് പഞ്ച്. പഞ്ച് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. ചെറിയ 25kWh ബാറ്ററി പായ്ക്കുമായി വരുന്ന മീഡിയം റേഞ്ച് പതിപ്പ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്.
ലോംഗ് റേഞ്ച് പതിപ്പിന് 421 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 35 kWh ബാറ്ററി പായ്ക്കാണുള്ളത്. ലോംഗ് റേഞ്ച് വേരിയന്റുകളില്‍ 122 bhp പവറും 190 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന മോട്ടോര്‍ ആണ് തുടിപ്പേകുന്നത്. സാധാരണ വേരിയന്റുകളില്‍ 81 bhp പവറും 114 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഫ്രണ്ട് വീലുകളിലേക്ക് പവര്‍ അയയ്ക്കുന്നത്.

ഒരു 3.3kW വാള്‍ ബോക്സ് ചാര്‍ജറും 7.2kW ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പടെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. പഞ്ച് ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 50 കിലോവാട്ട് DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 56 മിനിറ്റിനുള്ളില്‍ 10-80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. ഫീച്ചറുകളിലേക്ക് വന്നാല്‍ ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി ടാറ്റ പഞ്ച് ഇവിയില്‍ ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഇലക്ട്രിക് എസ്‌യുവിയില്‍ ടു സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓപ്ഷണല്‍ ഇലക്ട്രിക് സണ്‍റൂഫ്, ജ്വല്ലെഡ് റോട്ടറി ഡ്രൈവ് സെലക്ടര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കണക്റ്റഡ് കാര്‍ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയാണ് കാറിലെ മറ്റ് ഫീച്ചറുകള്‍. 10.99 ലക്ഷം രൂപ മുതലാണ് ടാറ്റ പഞ്ച് ഇവിയുടെ വില ആരംഭിക്കുന്നത്.
റേഞ്ച് ടോപിംഗ് വേരിയന്റിന് 14.49 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. സിട്രണ്‍ eC3 ആണ് ഇന്ത്യന്‍ വിപണിയില്‍ ടാറ്റ പഞ്ച് ഇവിയുടെ എതിരാളി. ഇലക്ട്രിക് പതിപ്പ് കൂടി വിപണിയിൽ എത്തിയത് മൈക്രോ എസ്‌യുവിയുടെ വിൽപ്പനക്ക് വലിയ ബൂസ്റ്റ് ആയിരുന്നു. കഴിഞ്ഞ ഒന്ന് രണ്ട് മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ആയി പഞ്ച് മാറി. ഇപ്പോൾ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് കൂടി ലഭിച്ചത് വിൽപനയിൽ പ്രതിഫലിച്ചേക്കാം.


Click it and Unblock the Notifications








