പഞ്ച് വാങ്ങാന്‍ പോവുകയാണോ? 'മൊഞ്ചായി' പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ എത്തും, കുറച്ച് കാത്തിരിക്കൂ...
താങ്ങാവുന്ന ബജറ്റില്‍ ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ കണ്ണ് ആദ്യം പതിയുന്നത് ഏതെങ്കിലും ഹാച്ച്ബാക്ക് കാറില്‍ ആയിരിക്കും. എന്നാല്‍ അതേ വിലയില്‍ ഒരു കുഞ്ഞന്‍ എസ്‌യുവി തരാമെന്ന് പറഞ്ഞാല്‍ ആരുടെ മനസ്സായാലും മാറും. അതെ അങ്ങനെ ഇന്ത്യക്കാരുടെ മനസ്സിലേക്ക് ഓടിക്കയറിയ കാറാണ് ടാറ്റ പഞ്ച്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നും കൂടിയാണ് ടാറ്റ പഞ്ച്. 2024 ഓഗസ്റ്റ് മാസത്തില്‍ ടാറ്റ പഞ്ച് 15,643 യൂണിറ്റ് വില്‍പ്പന നേടിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൈയ്യടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം ഇക്കുറി മാരുതി ബ്രെസയ്ക്ക് മുന്നില്‍ പഞ്ചിന് അടിയറ വെക്കേണ്ടി വന്നു.
ഇപ്പോള്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ടാറ്റ. പുതിയ അപ്ഡേറ്റുകളും വേരിയന്റ് മാറ്റങ്ങളുമായി മൊഞ്ചായി എത്തുന്ന പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഈ വര്‍ഷം തന്നെ പുറത്തിറക്കാനാണ് കമ്പനിയുടെ ശ്രമം. ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടെസ്റ്റ് മ്യൂളുകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പേ ഇന്ത്യന്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മൈക്രോ എസ്‌യുവി മുഖം മിനുക്കി ഉടന്‍ അരങ്ങേറുമെന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്. തങ്ങളുടെ മോഡലുകള്‍ പതിവായി നവീകരിക്കുന്ന പതിവ് ടാറ്റ മോട്ടോര്‍സിനുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെയാണ് ടാറ്റ കര്‍വ് എസ്‌യുവി കൂപ്പെയുടെ ഇലക്ട്രിക് ഐസി എഞ്ചിന്‍ പതിപ്പുകള്‍ പുറത്തിറക്കിയത്. അടുത്തതായി ടാറ്റയില്‍ നിന്ന് വരാന്‍ പോകുന്ന അടുത്ത മോഡലുകളില്‍ ഒന്നായിരിക്കും പഞ്ച് ഫെയസ്‌സ്‌ലിഫ്റ്റ്. ഈ വര്‍ഷാരംഭത്തില്‍ പുറത്തിറങ്ങിയ പഞ്ച് ഇവിയോട് ഡിസൈന്‍ സാദൃശ്യങ്ങള്‍ പുലര്‍ത്തിയാകും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് എത്തുക.
നെക്‌സോണിന്റെ ഇലക്ട്രിക്, ഐസിഇ പതിപ്പുകള്‍ക്ക് സമാനമായി ഇവ വേര്‍തിരിച്ചറിയാന്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. പുതുക്കിയ ഫ്രണ്ട് ഫാസിയ, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്ലുകള്‍, ബമ്പറുകള്‍ എന്നിവ പ്രതീക്ഷിക്കാം. ക്യാബിനിനുള്ളില്‍ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്താന്‍ പുതിയ അപ്‌ഹോള്‍സ്റ്ററിയും പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്‌ബോര്‍ഡ് ഡിസൈനും പ്രതീക്ഷിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റഡ് പഞ്ചിന്റെ കൂടുതല്‍ വേരിയന്റുകളില്‍ ഇലക്ട്രിക് സണ്‍റൂഫ് ലഭ്യമാകും. ഫ്രണ്ട് പാസഞ്ചറിനായി ഒരു പുതിയ കണ്‍സോള്‍, ഒരു ആംറെസ്റ്റ്, ഒരു സംയോജിത റിയര്‍ എസി വെന്റ് എന്നിവയും അപ്‌ഡേറ്റില്‍ ഉള്‍പ്പെട്ടേക്കാം. 2024 ടാറ്റ പഞ്ച് അതിന്റെ കൂടെപ്പിറപ്പായ നെക്സോണില്‍ നിന്നുള്ള നിരവധി ഫീച്ചറുകള്‍ കടംകൊള്ളും.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാകും ശ്രദ്ധേയമായ ഒരു കൂട്ടിച്ചേര്‍ക്കല്‍. ക്രിയേറ്റീവ്, കംപ്ലിഷ്ഡ് വേരിയന്റുകളില്‍ യുഎസ്ബി-സി ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടുകളും വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറും ഉള്‍പ്പെടും. ഫീച്ചര്‍, സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകള്‍ക്കൊപ്പം പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ വേരിയന്റ് ലൈനപ്പും നവീകരിക്കും.

പുതിയ ടാറ്റ പഞ്ച് പ്യുവര്‍, പ്യുവര്‍ (O), അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അഡ്വഞ്ചര്‍ S, അഡ്വഞ്ചര്‍+ S, അകംപ്ലിഷ്ഡ് ഡാസില്‍, അകംപ്ലിഷ്ഡ്+, അകംപ്ലിഷ്ഡ് ഡാസില്‍ സണ്‍റൂഫ്, അകംപ്ലിഷ്ഡ്+ സണ്‍റൂഫ്, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ക്രിയേറ്റീവ് സണ്‍റൂഫ്, ക്രിയേറ്റീവ്+ S വേരിയന്റുകളില്‍ ലഭ്യമാകും. പ്യുവര്‍ റിഥം, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് സണ്‍റൂഫ്, ക്രിയേറ്റീവ് എന്നീ വേരിയന്റുകള്‍ നിര്‍ത്തലാക്കും.
മെക്കാനിക്കലായി ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (AMT) ഓപ്ഷനുകള്‍ക്കൊപ്പം 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ നിലനിര്‍ത്തും. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി പഞ്ച് വരും. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ 73.4 bhp പവറും 103 Nm ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമേ പഞ്ച് സിഎന്‍ജി ലഭിക്കൂ.
മറ്റ് ടാറ്റ കാറുകളെപ്പോലെ പഞ്ച് ഇവിക്കും സുരക്ഷയുടെ കാര്യത്തില്‍ എ പ്ലസ് ലഭിക്കുന്നു.പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഈ വര്‍ഷം അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ ഏറ്റവും പുതുതായി പുറത്തിറക്കിയ കര്‍വ് ഇന്ത്യന്‍ വാഹനലോകത്തെ ഇളക്കി മറിച്ചിരുന്നു. അപ്ഡേറ്റുകള്‍ക്കൊപ്പം മെച്ചപ്പെട്ട ഫീച്ചറുകളും അപ്ഡേറ്റഡ് വേരിയന്റ് ലൈനപ്പുമായി എത്തുന്ന പഞ്ച് കോംപാക്റ്റ് എസ്യുവി വിപണിയില്‍ മോഡലിന്റെ മത്സരശേഷി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കം. ട്രെന്‍ഡിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുന്നത് വില്‍പ്പന കൂട്ടുമെന്ന് ടാറ്റക്ക് നന്നായി അറിയാം.


Click it and Unblock the Notifications








