പെട്രോൾ ഓപ്ഷനില്ലെന്ന പരാതി വേണ്ട, ഹാരിയറും സഫാരിയും പുത്തൻ എഞ്ചിന്റെ കരുത്തുമായെത്തുന്നു
ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ എസ്‌യുവി മോഡലുകളാണ് ഹാരിയറും സഫാരിയും. നിലവിൽ ഈ രണ്ട് മുൻനിര മോഡലുകളും ഡീസൽ എഞ്ചിനുകളോടെ മാത്രമാണ് ലഭ്യമാകുന്നത്. എന്നാൽ ഇപ്പോഴിതാ പെട്രോൾ എഞ്ചിൻ ആരാധകർക്കായി ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും പുതിയ പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. സഫാരിയുടെയും ഹാരിയറിന്റെയും പെട്രോൾ പതിപ്പുകൾ വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്കകം തന്നെ ഈ മോഡലുകൾ നിരത്തുകളിലെത്തും. പെട്രോൾ എഞ്ചിന്റെ കരുത്തിൽ വിൽപ്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി മുന്നിട്ടിറങ്ങിയത്.
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഹാരിയർ മിഡ്-സൈസ് എസ്‌യുവി പെട്രോൾ എഞ്ചിനുമായി പുറത്തിറക്കുന്നതോടെ ഈ സെഗ്മെന്റിൽ എതിരാളികൾക്ക് മോഡൽ വലിയ വെല്ലുവിളി ഉയർത്തും. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിും മിക്കവാറും ഹാരിയർ പെട്രോൾ വേരിയന്റ് അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5-ലിറ്റർ TGDi പെട്രോൾ എഞ്ചിന്റെ കരുത്തിലായിരിക്കും ഹാരിയറിന്റെ പുതിയ പതിപ്പ് പ്രവർത്തിക്കുന്നത്.

ടാറ്റ ഹാരിയറിൽ ഉൾപ്പെടുത്താൻ പോകുന്ന 1.5-ലിറ്റർ TGDi പെട്രോൾ എഞ്ചിൻ 2023 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ വച്ചാണ് കമ്പനി അവതരിപ്പിച്ചത്. ഈ പുതിയ ഫോർ സിലിണ്ടർ ടർബോ എഞ്ചിന് 170 bhp പവറും 280 NM മാക്സിമം ടോർക്ക് ഔട്ട്പുട്ടുമുണ്ട്. ഹാരിയർ പെട്രോൾ മോഡൽ നിലവിൽ വിൽപ്പനയിലുള്ള ഡീസൽ മോഡലിന് സമാനായ ഇന്റീരിയറും എക്സ്റ്റീരിയറുമായിട്ടായിരിക്കും പുറത്തിറങ്ങുക.
ടാറ്റ ഹാരിയറിന്റെ ഏറ്റവും വലിയ പ്രത്യേകത ഡിസൈൻ തന്നെയാണ്. കരുത്തൻ എസ്‌യുവിയാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ സാധിക്കുന്ന ബൾക്കി ഡിസൈനാണ് വാഹനത്തിലുള്ളത്. ഈ വാഹനത്തിന്റെ പെട്രോൾ മോഡൽ വിപണിയിലെത്തിയാൽ മത്സരിക്കുന്നത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നീ മോഡലുകളുമായിട്ടായിരിക്കും.

ഇതിനകം തന്നെ ടാറ്റ സഫാരി പെട്രോളിൻ്റെ ടെസ്റ്റ് മ്യൂൾ പൊതുനിരത്തിൽ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹാരിയർ പെട്രോൾ മോഡൽ പുറത്തിറങ്ങുന്ന അതേ സമയത്തായിരിക്കും പുതിയ മോഡൽ പുറത്തിറങ്ങുകയെന്നാണ് സൂചനകൾ. ഹാരിയറിൽ വരാൻ പോകുന്ന അതേ 1.5 ലിറ്റർ TGDi പെട്രോൾ എഞ്ചിനായിരിക്കും സഫാരിയിലും ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ, ടാറ്റ സഫാരി, ഹാരിയർ എന്നിവയുടെ വിൽപ്പന എതിരാളികളായ മഹീന്ദ്ര സ്കോർപിയോ-എൻ, XUV700 എന്നിവയെക്കാൾ വളരെ കുറവാണ്. പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഇല്ലാത്തതാണ് വിൽപ്പനയിൽ ടാറ്റ മോഡലുകൾക്ക് വെല്ലുവിളിയാകുന്നത്. പുതിയ പെട്രോൾ വേരിയന്റുകൾ പുറത്തിറങ്ങുന്നതോടെ രണ്ട് മോഡലുകളുടെയും വിൽപ്പന വർധിക്കിപ്പാൻ ടാറ്റ മോട്ടോഴ്സിന് സാധിക്കും.

രാജ്യത്ത് പെട്രോൾ എഞ്ചിനുകളുള്ള എസ്‌യുവികൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തരം ആളുകളെ ആകർഷിക്കാൻ ടാറ്റ സഫാരി, ഹാരിയർ എന്നിവയുടെ പെട്രോൾ മോഡലുകൾക്ക് സാധിക്കുമെന്നാണ് സൂചനകൾ. സഫാരി, ഹാരിയർ പെട്രോൾ മോഡലുകൾക്ക് നിലവിലെ ഡീസൽ എഞ്ചിൻ മോഡലുകളേക്കാൾ വില കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
ഹാരിയർ, സഫാരി എന്നിവയുടെ പെട്രോൾ മോഡലുകൾ പുറത്തിറക്കുന്നതിന് പുറമേ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. കമ്പനി അടുത്തിടെ പഞ്ചിന്റെ പരിഷ്കരിച്ച മോഡൽ അവതരിപ്പിച്ചിരുന്നുവെങ്കിലും പുതിയ ഫ്രണ്ട് ഫാസിയയുള്ള ഒരു പുതിയ മോഡൽ ഇപ്പോൾ ടാറ്റയുടെ പണിപ്പുരയിലാണ്. വരാനിരിക്കുന്ന ടാറ്റ പഞ്ച് മിക്കവാറും Punch.ev-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കും നിർമ്മിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








