ഇത് ആവേശത്തിന്റെ ഇരമ്പം! സ്പോർട്ടി എക്സ്ഹോസ്റ്റുമായി ടാറ്റ; പോളൊ GT -യുടെ സിംഹാസനം ആൾട്രോസ് റേസർ കൈയ്യടക്കുമോ?
ഇന്ത്യയിൽ ഉത്സവ സീസണിന് മുന്നോടിയായി മൂന്ന് പുതിയ കാറുകൾ പുറത്തിറക്കാനുള്ള പദ്ധതിയുടെ ഭാഗമായി, ടാറ്റ മോട്ടോർസ് കർവ്വ് കൂപ്പെ എസ്‌യുവി, നെക്‌സൺ CNG എന്നിവയ്‌ക്കൊപ്പം സ്‌പോർട്ടി ഹാച്ച്‌ബാക്കായ ആൾട്രോസ് റേസർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2024 ജൂണിൽ ഇക്കൂട്ടത്തിൽ ആൾട്രോസ് റേസറാവും ആദ്യം പുറത്തിറങ്ങുന്നത്.
മുമ്പ് 2023 ഓട്ടോ എക്‌സ്‌പോയിലും 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലും ഈ സ്പോട്ടി ഹാച്ച്ബാക്കിനെ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. കിരീടവും ചെങ്കോലും ഉപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് പടിയിറങ്ങിയ പോളോ GT -യുടെ സിംഹാസനം ലക്ഷ്യം വെച്ചാണ് ടാറ്റയുടെ ഈ ഹോട്ട് ഹാച്ചിന്റെ വരവ്.

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ആൾട്രോസ് റേസറിനെക്കുറിച്ചുള്ള രസകരമായ പുതിയ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ടാറ്റ മോട്ടോർസ് വീണ്ടും ഒരു ടീസർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ ഈ സ്പോർട്ടിയർ പതിപ്പ് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി i20 N ലൈനിനോടാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ചുവടെയുള്ള ടീസർ വീഡിയോയിൽ നമുക്ക് കേൾക്കാവുന്നത് പോലെ, ഇതിന് ഒരു സ്‌പോർട്ടിയർ എക്‌സ്‌ഹോസ്റ്റ് നോട്ട് ടാറ്റ വാഗ്ദാനം ചെയ്യുന്നു.
വളരെ സ്ട്രൈക്കിംഗായ റേസിംഗ് സ്ട്രൈപ്പുകൾ, സൺറൂഫ്, കാറിന്റെ ത്രില്ലിംഗ് എക്‌സ്‌ഹോസ്റ്റ് നോട്ട് എന്നിവയുൾപ്പെടെ ആൾട്രോസ് റേസറിന്റെ സ്‌പോർട്ടി അപ്പ്ഡേഷനുകൾ പുതിയ ടീസർ വ്യക്തമായി എടുത്തുകാണിക്കുന്നു. ഇത് ഡൈനാമിക് ഡ്രൈവിംഗ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. ടാറ്റ ആൾട്രോസ് റേസർ അതിന്റെ റേസ് ഇൻസ്പയർഡ് എക്സ്റ്റീരിയർ അപ്‌ഡേറ്റുകൾ കൊണ്ട് നോർമൽ മോഡലിൽ നിന്ന് വേറിട്ട് നിൽക്കുന്നു.
ഒരു പുതിയ ഓറഞ്ച് ബ്ലാക്ക് ഡ്യുവൽ -ടോൺ എക്സ്റ്റീരിയർ, കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ്, ബോണറ്റിൽ നിന്ന് ബൂട്ടിലേക്ക് റൺ ചെയ്യുന്ന രണ്ട് വൈറ്റ് പാരലൽ ലൈനുകൾ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ. എക്സ്റ്റൈൻഡഡ് റിയർ സ്‌പോയിലറും 16 ഇഞ്ച് ബ്ലാക്ക് ഫിനിഷ്ഡ് അലോയി വീലുകളും മുകളിൽ സൂചിപ്പിച്ചവയ്ക്ക് ഒപ്പം വാഹനത്തിന്റെ സ്‌പോർട്ടി ആകർഷണം വർധിപ്പിക്കുന്നു.
ആൾട്രോസ് റേസറിന്റെ ഫ്രണ്ട് ഫെൻഡറിൽ യുണീക്കായ 'റേസർ' ബാഡ്‌ജിംഗ്, പുതുക്കിയ ഫ്രണ്ട് ഗ്രില്ല്, ബൂട്ട് ലിഡിൽ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്ന 'i ടർബോ+' ബാഡ്ജിംഗ് എന്നിവയും അവതരിപ്പിക്കുന്നു. ഇനി ഉള്ളിലേക്ക് കയറുമ്പോൾ, സ്റ്റാൻഡേർഡ് ആൾട്രോസുമായി താരതമ്യപ്പെടുത്തിയാൽ അൽട്രോസ് റേസർ കൂടുതൽ നൂതനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
സെൻട്രൽ കൺസോൾ, ഗിയർ ലിവർ, എസി വെന്റുകൾ എന്നിവയിൽ കോണ്ട്രാസ്റ്റിംഗ് ഓറഞ്ച് & വൈറ്റ് ആക്സന്റുകളാണ് അകത്തളങ്ങൾക്ക് ഒരു സ്പോർട്ടി ഫീൽ നൽകുന്നത്. സീറ്റുകളിൽ റേസിംഗ് സ്ട്രൈപ്പുകളും വ്യത്യസ്തമായ സ്റ്റിച്ചിംഗും ഉണ്ട്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലിലും ഈ സ്റ്റിച്ചിംഗ് കാണാം.
സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറായ വെന്റിലേറ്റഡ് ലെതറെറ്റ് ഫ്രണ്ട് സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവേർസ് ഡിസ്‌പ്ലേ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഹെഡ്‌സ് -അപ്പ് ഡിസ്‌പ്ലേ യൂണിറ്റ്, വോയ്‌സ് -ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഇതിന് ലഭിക്കുന്നുണ്ട്.

ഇനി സേഫ്റ്റിയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ സ്റ്റാൻഡേർഡായി സുരക്ഷാ ഫീച്ചറുകളിൽ ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തുന്നു. 120 bhp മാക്സ് പവറും 170 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്ന നെക്‌സോണിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടാറ്റ, ആൾട്രോസ് റേസറിൽ അവതരിപ്പിക്കുന്നത്.
ഇത് iTurbo വേരിയന്റിനെ അപേക്ഷിച്ച് ഏകദേശം 10 bhp പവറും 30 Nm torque ഉം കൂടുതൽ പുറപ്പെടുവിക്കുന്നു. എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതിൽ ലഭ്യമാണ്. 9.20 മുതൽ 10.10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരുന്ന നിലവിലുള്ള iTurbo മോഡലിനേക്കാൾ ഉയർന്ന വിലയാണ് ആൾട്രോസ് റേസറിന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
കൃത്യമായ വില ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യുമ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് ഹ്യുണ്ടായി i20 N ലൈനുമായി നേരിട്ട് മുട്ടും, ഹ്യുണ്ടായി പെർഫോമെൻസ് പതിപ്പിന് 9.99 ലക്ഷം മുതൽ 12.52 ലക്ഷം രൂപ വരെയാണ് വില വരുന്നത്. കൂടാതെ ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയ്‌ക്കെതിരേയും ആൾട്രോസ് റേസർ നിലകൊള്ളും.


Click it and Unblock the Notifications








