ഗിയര്‍ മാറ്റി മുഷിയണ്ട, ഒപ്പം മാരക മൈലേജും! ഇന്ത്യയിലെ ആദ്യ സിഎന്‍ജി ഓട്ടോമാറ്റിക് കാറുകള്‍ ബുക്ക് ചെയ്യാം
ഇന്ത്യയില്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുകയാണ്. സിഎന്‍ജി വാഹന (CNG Vehicles) വിഭാഗത്തില്‍ മാരുതിയും ടാറ്റയും തമ്മിലാണ് കടുത്ത മത്സരം അരങ്ങേറുന്നത്. ഹ്യുണ്ടായിയും സിഎന്‍ജി സെഗ്മെന്റില്‍ ശക്തമായ സാന്നിധ്യമാണ്. ഇതുവരെ സിഎന്‍ജി കാറുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്തിരുന്നില്ല.
എന്നാല്‍ ടാറ്റ മോട്ടോര്‍സ് ഉടന്‍ തന്നെ ഇന്ത്യയിലെ സിഎന്‍ജി കാര്‍ വിഭാഗത്തില്‍ രണ്ട് എഎംടി ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സിഎന്‍ജി കാര്‍ വിഭാഗത്തിലെ മത്സരം കൊഴുപ്പിക്കാനായി ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളിലാണ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി വരുന്ന ആദ്യത്തെ സിഎന്‍ജി കാറുകളായി മാറാന്‍ ഒരുങ്ങുകയാണ് ഈ ടാറ്റ മോഡലുകള്‍.

കുറച്ച് ദിവസങ്ങളായി ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടാറ്റ മോട്ടോര്‍സ് #TiagoiCNG, #TigoriCNG എന്നീ ഹാഷ്ടാഗുകളോടെ തങ്ങളുടെ ജനപ്രിയ മോഡലുകളുടെ വരാനിരിക്കുന്ന സിഎന്‍ജി വകഭേദങ്ങളെക്കുറിച്ച് സൂചന നല്‍കുന്ന ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ പുതിയ ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി വരാന്‍ പോകുന്ന സിഎന്‍ജി കാറുകളുടെ ബുക്കിംഗ് ആരംഭിച്ചതായാണ് വിവരം.
എഎംടി ഗിയര്‍ബോക്സുമായി വരുന്ന ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകള്‍ 21,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈനായോ ഏറ്റവും അടുത്ത ടാറ്റ ഡീലര്‍ഷിപ്പിലോ വണ്ടി ബുക്ക് ചെയ്യാവുന്നതാണ്. കാറിന്റെ ലോഞ്ച് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ബുക്കിംഗ് ജാലകം തുറന്നിരിക്കുന്നതെന്നാണ് സൂചന. ടാറ്റ ടിയാഗോ സിഎന്‍ജി XTA, XZA+ XZA എന്‍ആര്‍ജി ട്രിമ്മുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാകും.

ടിഗോറിലേക്ക് വന്നാല്‍ XZA, XZA+ വേരിയന്റുകളിലായിരിക്കും 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുക. ഇവയുടെ വിലയും മറ്റ് പ്രധാന വിശദാംശങ്ങളും ഔദ്യോഗിക ലോഞ്ച് സമയത്ത് പ്രഖ്യാപിക്കും. ഫീച്ചറുകളുടെ കാര്യത്തിലായിരിക്കും ഈ ട്രിമ്മുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകുക. പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ ഉണ്ടാകില്ല. 5 സ്പീഡ് എഎംടി ഗിയര്‍ ബോക്സ് 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായിട്ടാണ് ജോടിയാക്കുക.
ഈ എഞ്ചിന്‍ പരമാവധി 85 bhp പവറും 113 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് കൂടാതെ ഈ കാറുകള്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പവും വാങ്ങാന്‍ സാധിക്കും. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയാണ് ടാറ്റയുടെ സിഎന്‍ജി കാറുകളെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം. രണ്ട് സിലിണ്ടറുകള്‍ ഉള്‍പ്പെടുത്തുന്നതോടെ ബൂട്ട് സ്‌പെയ്‌സില്‍ ഇടം കുറയുമെന്ന പരാതി ടാറ്റ ഇല്ലാതാക്കി.

ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകള്‍ കിലോഗ്രാമിന് 26.49 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. അതേസമയം എഎംടി വേരിയന്റുകളുടെ ഇന്ധനക്ഷമത കണക്കുകള്‍ ഇതുവരെ അറിവായിട്ടില്ല. മൈലേജ് സംബന്ധിച്ച വിശദാംശങ്ങളും ലോഞ്ച് സമയത്ത് ടാറ്റ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. മാരുതി സെലേരിയോ, വാഗണ്‍ആര്‍, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നീ സിഎന്‍ജി ഹാച്ച്ബാക്കുകളുമായിട്ടായിരിക്കും ടിയാഗോ സിഎന്‍ജി മത്സരിക്കുക.
പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്ത് സിഎന്‍ജി കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നത്. പരമ്പരാഗത ഇന്ധനങ്ങളിില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെ അപേക്ഷിച്ച് കൂടുതല്‍ മൈലേജ് ലഭിക്കുന്നതും ജനങ്ങളെ സിഎന്‍ജി മോഡലുകളിലേക്ക് അടുപ്പിക്കുന്നു. വമ്പന്‍ മൈലേജ് കാരണം അടുത്തിടെ ടൊയോട്ട അവതരിപ്പിച്ച റൂമിയോണ്‍ എംപിവിയുടെ സിഎന്‍ജി പതിപ്പിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ട സാഹചര്യം വന്നിരുന്നു.

മികച്ച മൈലേജ് ലഭിക്കുന്നതിനൊപ്പം ഗിയര്‍ മാറ്റി മുഷിയേണ്ട കാര്യം കൂടിയില്ലാത്തതിനാല്‍ സിഎന്‍ജി ഓട്ടോമാറ്റിക് മോഡലുകള്‍ വമ്പന്‍ ഹിറ്റാകുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇത് ടാറ്റയ്ക്ക് വിപണി വിഹിതം മെച്ചപ്പെടുത്താനുള്ള ഒരു സുവര്‍ണാവസരം കൂടിയാണെന്ന് നിസംശയം പറയാം. ടാറ്റയുടെ വഴിയേ മാരുതിയും ഹ്യുണ്ടായിയും സിഎന്‍ജി മോഡലുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൊണ്ടുവന്നേക്കും. ഏതായാലും എഎംടി ഗിയര്‍ബോക്സുമായി വരുന്ന ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകളുടെ ലോഞ്ച് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








