ടാറ്റ ഈ 'കടുംകൈ' ചെയ്യുമെന്ന് കരുതിയില്ല! എന്നാലും എല്ലാർക്കും ഈ ഇലക്ട്രിക് കാര്‍ തന്നെ മതിയാകും
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. ഐസിഇ കാറുകളുടെ കാര്യത്തില്‍ മാരുതിയുടെയും ഹ്യുണ്ടായിയുടെയും പിന്നിലാണെങ്കിലും ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ ടാറ്റയാണ് നമ്പര്‍ വണ്‍. ഇന്ത്യക്കാരുടെ പള്‍സറിഞ്ഞ് താങ്ങാവുന്ന വിലയില്‍ കിടിലന്‍ റേഞ്ചും ഫീച്ചറുകളുമുള്ള ഇവികള്‍ കൊണ്ടുവന്നാണ് ടാറ്റ വിപണി പിടിച്ചത്.
തുടക്കത്തില്‍ ഐസിഇ മോഡലുകളുടെ വെദ്യുതീകരിച്ച പതിപ്പാണ് ടാറ്റ പുറത്തിറക്കിയത്. നിലവില്‍ നാല് ഇവികളാണ് ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നത്. ടാറ്റ പഞ്ച് ഇവിയായിരുന്നു ഏറ്റവും പുതിയ ലോഞ്ച്. അടുത്തിടെ കമ്പനി തങ്ങളുടെ ഇലക്ട്രിക് കാറുകളുടെ വില പരിഷ്‌കരിച്ചു. ഇത് അനുസരിച്ച് ടാറ്റ നെക്സോണ്‍ ഇവി, ടാറ്റ ടിഗോര്‍ ഇവി, ടാറ്റ ടിയാഗോ ഇവി എന്നീ മൂന്ന് ഇലക്ട്രിക് കാറുകളുടെ വില വര്‍ധിപ്പിച്ചു.

ടാറ്റയുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇവിയായ ടിയാഗോയുടെ വിലയില്‍ വര്‍ധനയെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്. ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് കാറിന്റെ വില 5000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ മൊത്തം നാല് വേരിയന്റുകളില്‍ വില്‍ക്കുന്നു. XE, XT, XZ പ്ലസ്, XZ പ്ലസ് ടെക് എന്നീ വേരിയന്റുകള്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വാങ്ങാം.
19.2 kWh ബാറ്ററി ഫീച്ചര്‍ ചെയ്യുന്ന മിഡ് റേഞ്ച് വേരിയന്റ്, MIDC സൈക്കിളില്‍ 250 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഈ ബാറ്ററി ഫ്രണ്ട് ആക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നു, ഇത് 61 bhp പവറും 110 Nm ടോര്‍ക്കും നല്‍കുന്നു. മറുവശത്ത്, ലോംഗ്-റേഞ്ച് വേരിയന്റ് 24 kWh ബാറ്ററിയുമായി വരുന്നു. MIDC സൈക്കിളില്‍ 315 കിലോമീറ്റര്‍ വരെ വര്‍ധിച്ച റേഞ്ച് നല്‍കുന്നു.

74 bhp പവറും 114 Nm പീക്ക് ടോര്‍ക്കുമാണ് ഇതിന്റെ ഔട്ട്പുട്ട്. 6.2 സെക്കന്‍ഡിനുള്ളില്‍ 0-60 km/h വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകള്‍ ടിയാഗോ ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, റിവേഴ്‌സിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളുന്നു. ഇനി ടാറ്റ ടിയാഗോ ഇവിയുടെ പുതിയ വേരിയന്റ് തിരിച്ചുള്ള വില വിശദാംശങ്ങള്‍ നമുക്ക് പരിശോധിക്കാം. ഈ കാറിന്റെ XE മീഡിയം റേഞ്ച് പതിപ്പിന് നിലവില്‍ 8.69 ലക്ഷം രൂപയാണ് വില.

അതേ സമയം ഈ ഇലക്ട്രിക് കാറിന്റെ XT മീഡിയം റേഞ്ച് പതിപ്പിന് 9.34 ലക്ഷം രൂപയാണ് മുടക്കേണ്ടത്. XT ലോംഗ് റേഞ്ച് പതിപ്പിന് 10.29 ലക്ഷം രൂപയും XZ പ്ലസ് ലോംഗ് റേഞ്ച് പതിപ്പിന് 11.09 ലക്ഷം രൂപയാണ് വില. XZ പ്ലസ് ടെക് ലക്‌സ് ലോംഗ് റേഞ്ച് പതിപ്പ് സ്വന്തമാക്കാന്‍ 11.59 ലക്ഷം രൂപ വിലയായി നല്‍കണം.
അതേസമയം, XZ പ്ലസ് ലോംഗ് റേഞ്ച് (7.2 kW ചാര്‍ജര്‍ ഉള്ളത്) പതിപ്പിന് 11.59 ലക്ഷം രൂപയാണ് വില. അവസാനമായി, XZ പ്ലസ് ടെക് ലക്‌സ് ലോംഗ് റേഞ്ച് പതിപ്പിന് 12.09 ലക്ഷം രൂപയാണ് വില. ഇവയെല്ലാം എക്സ് ഷോറൂം വിലകളാണ്.വില വര്‍ധനവ് നാമമാത്രമായതിനാല്‍ പുതിയ തീരുമാനം ടാറ്റ ടിയാഗോ ഇവിയുടെ വില്‍പ്പനയെ ബാധിക്കില്ലെന്ന് കരുതുന്നു.
എംജി കോമറ്റ് ഇവി, സിട്രോണ്‍ eC3 എന്നീ കാറുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്. അതേസമയം എംജി തങ്ങളുടെ കുഞ്ഞന്‍ മോഡലിന്റെ വില അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. എംജി തങ്ങളുടെ ശതാബ്ദി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായാണ് 2024 കാര്‍ മോഡലുകളുടെ വില കുറച്ചത്. 6.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ കോമെറ്റ് എന്ന കുഞ്ഞന്‍ ഇവി ഇപ്പോള്‍ സ്വന്തമാക്കാം.


Click it and Unblock the Notifications








