28 കി.മീ മൈലേജ്, വില 5.65 ലക്ഷം മുതല്‍! ശരവേഗത്തില്‍ 6 ലക്ഷം വീടുകളിലെത്തിയ ടാറ്റ കാര്‍
ഇന്ത്യയിലെ ചെറുകാര്‍ വിപണിയിലെ മാരുതി സുസുക്കിയുടെ മൃഗീയാധിപത്യത്തിനിടെ 2016-ലാണ് ടാറ്റ മോട്ടോര്‍സ് ടിയാഗോ ഹാച്ച്ബാക്ക് പുറത്തിറക്കിയത്. അതുവരെ കണ്ടുവന്നിരുന്ന ഡിസൈനുകള്‍ പാടെ മാറ്റി പുത്തന്‍ ശൈലിയിലേക്ക് മാറിയ ടാറ്റയുടെ പുതിയ കാറിനെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഹാച്ച്ബാക്കിന്റെ BS VI പതിപ്പ് 2020-ലാണ് ബ്രാന്‍ഡ് പുറത്തിറക്കിയത്. ഇടിച്ചാല്‍ പപ്പടമാകുന്ന സെഗ്‌മെന്റിലെ മറ്റ് കാറുകളെ അപേക്ഷിച്ച് ടിയാഗോയെ വേറിട്ട് നിര്‍ത്തിയത് അതിന്റെ സേഫ്്റ്റിയാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ഇത്.
വന്‍ അപകടങ്ങളില്‍ നിന്ന് ജീവന്‍ രക്ഷിച്ചതിന് ടാറ്റ ടിയാഗോ കാറിന് ഉടമകള്‍ നന്ദി പറഞ്ഞ സംഭവങ്ങളും അനവധിയാണ്. ടാറ്റ ടിയാഗോ ഇപ്പോള്‍ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പതിപ്പുകളില്‍ വാങ്ങാന്‍ സാധിക്കും. പൊതുവേ ഇന്ത്യയില്‍ ഇപ്പോള്‍ ചെറുകാറുകള്‍ക്ക് കഷ്ടകാലമാണ്. എന്നിരുന്നാലും ടാറ്റ ടിയാഗോ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു സുപ്രധാന വില്‍പ്പന നാഴികക്കല്ല് താണ്ടിയിട്ടുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാം.

2016 ഏപ്രില്‍ ആറിന് പുറത്തിറങ്ങിയ ടിയാഗോ ഹാച്ച്ബാക്ക് എട്ടര വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ 6 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. 2024 ഒക്‌ടോബര്‍ അവസാനത്തോടെ ടിയാഗോയുടെ വില്‍പ്പന 596661 യൂണിറ്റ് ആയതായാണ് SIAM മൊത്തവില്‍പ്പന ഡേറ്റ സൂചിപ്പിക്കുന്നത്. ഹാച്ച്ബാക്ക് കാര്‍ പ്രതിമാസം ശരാശരി 4546 യൂണിറ്റ് വില്‍പ്പന നേടുന്നതിനാല്‍ ഈ മാസം 6 ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടിയിരിക്കുമെന്നാണ് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ ടിയാഗോയുടെ 151 യൂണിറ്റുകള്‍ പ്രതിദിനം വിറ്റുപോയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 6 ലക്ഷത്തിലേക്ക് ബാക്കിയുള്ള 3339 യൂണിറ്റ് നവംബര്‍ മാസത്തെ ആദ്യ മൂന്ന് ആഴ്ച കൊണ്ട് വിറ്റിട്ടുണ്ടാകും. 2016 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ടിയാഗോയ്ക്ക് ആകെ 1,096 ഉപഭോക്താക്കളും 2017 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 56,130 ഉപഭോക്താക്കളും 2018 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 78,829 ഉപഭോക്താക്കളും ലഭിച്ചു.

2017 ഒക്‌ടോബറിലാണ് ടിയാഗോ 1 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടത്. ടിയാഗോയ്ക്ക് 2019 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 93,369 ഉപഭോക്താക്കളും 2020 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 49,365 ഉപഭോക്താക്കളും 2021 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 60,711 ഉപഭോക്താക്കളും ലഭിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 58,089 ഉപഭോക്താക്കളെ ലഭിച്ച ടിയാഗോ 4 ലക്ഷം യൂണിറ്റ് നാഴികക്കല്ല് താണ്ടി.
പിന്നീട് വെറും 15 മാസം കൊണ്ട് 5 ലക്ഷം യൂണിറ്റ് വില്‍പ്പനയിലെത്തി. 5 ലക്ഷത്തില്‍ നിന്ന് 6 ലക്ഷം യൂണിറ്റ് വില്‍പ്പനയിലെത്താന്‍ 16 മാസം മാത്രമാണ് എടുത്തത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ മാസം വരെ ആകെ 37,202 പേര്‍ ടിയാഗോ വാങ്ങി.

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ സജ്ജീകരിച്ച ക്യാബിനാണുള്ളത്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, എബിഎസ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കാറില്‍ ലഭ്യമാണ്.
പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍ ടാറ്റ ടിയാഗോയ്ക്ക് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. പരമാവധി 86 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം. ഇതുകൂടാതെ പരമാവധി 73.5 bhp പവറും 95 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള സിഎന്‍ജി പവര്‍ട്രെയിനും കാറില്‍ നല്‍കിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാന്‍ പറ്റുന്ന ചുരുക്കം ചില സിഎന്‍ജി കാറുകളില്‍ ഒന്നാണ് ടിയാഗോ. പെട്രോള്‍ മാനുവലില്‍ 20.1 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 19.43 കിലോമീറ്ററുമാണ് ടിയാഗോയുടെ ഇന്ധനക്ഷമത.ടിയാഗോ സിഎന്‍ജി മാനുവലില്‍ 26.49 കിലോമീറ്ററും സിഎന്‍ജി ഓട്ടോമാറ്റിക്കില്‍ 28.06 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മാരുതി സുസുക്കി സെലേറിയോ, വാഗണ്‍ആര്‍ തുടങ്ങിയ കാറുകളുമായാണ് ടാറ്റ ടിയാഗോ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്. ടിയാഗോ 5.65 ലക്ഷം മുതലാണ് ടിയാഗോയുടെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് മോഡലിന് 8.90 ലക്ഷം രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്. അടുത്ത വർഷം കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








