മലയാളി പൊളിയല്ലേന്ന് ടാറ്റ! ഇക്കാര്യം ദക്ഷിണേന്ത്യയില്‍ ആദ്യമായി വരുന്നത് കൊച്ചിയില്‍
പൊതുവേ വണ്ടിപ്രാന്തന്‍മാരായ മലയാളികള്‍ നമ്മുടെ രാജ്യം വൈദ്യുതീകരണ പാതയില്‍ നീങ്ങുമ്പോള്‍ അതിനും ചൂട്ടുതെളിയിച്ച് മുന്നില്‍ തന്നെയുണ്ട്. ഇന്ന് കേരളത്തിലെ നിരത്തുകളില്‍ പച്ച നമ്പര്‍പ്ലെയ്റ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ അപൂര്‍വ കാഴ്ചയല്ല. അതുകൊണ്ട് തന്നെ മിക്ക ഇവി നിര്‍മാതാക്കളും കേരളത്തില്‍ ഷോറൂമുകള്‍ തുറക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്.
70 ശതമാനത്തിന് മുകളിലാണ് ടാറ്റയുടെ വിപണി വിഹിതം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പുതിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുകൊണ്ട് ടാറ്റ മോട്ടോര്‍സ് രാജ്യത്തുടനീളമായി തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലീകരിക്കുന്ന തിരക്കിലാണ്. ദക്ഷിണേന്ത്യയിലെ വളര്‍ന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ട് 2021-ല്‍ ഒറ്റ ദിവസം 70 ഷോറൂമുകള്‍ തുറന്ന് ടാറ്റ എതിരാളികളെ വരെ ഞെട്ടിച്ചിരുന്നു. കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 53 നഗരങ്ങളിലായിട്ടായoരുന്നു ഷോറൂമുകളുടെ ഉദ്ഘാടനം.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ഇവര്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (TPEM) എന്ന പേരില്‍ ഇവികള്‍ക്ക് മാത്രമായി പുതിയ സംരംഭം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മറ്റ് പരമ്പരാഗത കാര്‍ നിര്‍മതാക്കള്‍ക്കെല്ലാം മുമ്പേ ഇവികള്‍ക്ക് മാത്രമായി ഷോറൂമുകള്‍ തുറന്ന് ഒരുമുഴം മുന്നേ നീങ്ങുകയാണ് ടാറ്റയെന്ന് പറയാം.
ഇലക്ട്രിക് കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിവരുന്ന സാഹചര്യത്തില്‍ പരമാവധി ഡിമാന്‍ഡ് മുതലെടുക്കാനായി ഇവികള്‍ക്ക് മാത്രമായുള്ള ടാറ്റ ഡോട്ട് ഇവി സ്റ്റോറുകള്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. ഗുരുഗ്രാമിലായിരുന്നു ടാറ്റ ഡോട്ട് ഇവിയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ തുറന്നത്. ഒന്ന് സെക്ടര്‍ 14-ലും സോഹ്ന റോഡിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ജനുവരി 7 മുതല്‍ ഈ സ്‌റ്റോറുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു.

ഇലക്ട്രിക്-ഓണ്‍ലി സ്റ്റോറുകള്‍ സമാരംഭിക്കുന്നതിലൂടെ ഇവി വാങ്ങുന്നവര്‍ക്ക് പ്രത്യേകമായി വില്‍പ്പനയും സര്‍വീസും നല്‍കാനും സാധിക്കും. വരുന്ന 18 മാസം കൊണ്ട് ടാറ്റ ഡോട്ട് ഇവിയുടെ കൂടുതല്‍ ഷോറൂമുകള്‍ തുറന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൂടി വേരൂന്നാനാണ് ടാറ്റയുടെ ശ്രമങ്ങള്‍. ഇവികള്‍ക്ക് വമ്പന്‍ വില്‍പ്പനയുള്ളതിനാല്‍ തന്നെ ദക്ഷിണേന്ത്യയിലെ ആദ്യ ടാറ്റ ഡോട്ട് ഇവി ഷോറൂം തുറക്കാനായി ടാറ്റ തെരഞ്ഞെടുത്തിരിക്കുന്ന സംസ്ഥാനം നമ്മുടെ കേരളമാണ്.
ദക്ഷിണേന്ത്യയെ ടാറ്റ ഡോട്ട് ഇവിയുടെ ഷോറൂം കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇവികള്‍ക്ക് മാത്രമായുള്ള ഈ എക്‌സ്‌ക്ലൂസീവ് ഷോറൂമിന്റെ ഉദ്ഘാടനം ഈ വര്‍ഷം തന്നെ നടക്കും. ഭാവിയില്‍ ഇവിടെ നിന്നായിരിക്കും വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയും സര്‍വീസും എക്‌സ്‌ക്യൂസീവായി നല്‍കുക. ഈ പുതിയ ഡീലര്‍ഷിപ്പുകളിലൂടെ ലഭ്യമാകുന്ന ഫാസ്റ്റ് ചാര്‍ജറുകള്‍ വരെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും.

ഇവി ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനക്ഷമമായാല്‍ സാധാരണ ഷോറൂമുകളില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. പുതിയ ഷോറൂമുകള്‍ അവരുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളും EVOLVED കമ്മ്യൂണിറ്റി കലണ്ടറില്‍ ലിസ്റ്റ് ചെയ്യും. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അവയില്‍ പങ്കെടുക്കാം.ഇവ കൂടാതെ ആധുനികവും സംവേദനാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ടാറ്റ ഡോട്ട് ഇവി സ്റ്റോറുകള്‍ അവരുടെ പുതിയ ഷോറൂമുകളില്‍ ധാരാളം സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കും.
ഈ പുതിയ ഡീലര്‍ഷിപ്പുകള്‍ ധാരാളം സ്‌ക്രീനുകളാലാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് നിലവിലെ ഉടമകളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവികളുമായി ബന്ധപ്പെട്ട ആശങ്കകളും മിഥ്യധാരണകളും തിരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ സെഗ്മെന്റില്‍ 71 ശതമാനത്തിലധികം വിപണി വിഹിതമുള്ള ടാറ്റ അടുത്തിടെ ഒരു ലക്ഷത്തിലധികം സീറോ എമിഷന്‍ വാഹനങ്ങള്‍ വിറ്റഴിച്ച് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരുന്നു.

ടാറ്റ മോട്ടോര്‍സ് നിലവില്‍ നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി, പഞ്ച് ഇവി എന്നിങ്ങനെ നാല് ഇലക്ട്രിക് പാസഞ്ചര്‍ കാറുകളാണ് വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ നെക്‌സോണും ടിയാഗോയുമാണ് ബ്രാന്‍ഡിന്റെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 75 ശതമാനവും സംഭാവന ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ബെസ്റ്റ് സെല്ലറായ നെക്‌സോണ്‍ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയ ടാറ്റ ഈ മാസം പുതിയ പഞ്ച് ഇവിയുടെ വില പ്രഖ്യാപനവും നടത്തിയിരുന്നു.
10.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടാറ്റ പഞ്ച് ഇവി ലോഞ്ച് ചെയ്തിരിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 15.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ 5 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിക്ക് 315 കിലോമീറ്റര്‍ മുതല്‍ 421 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. ടാറ്റയുടെ പുതിയ Acti.ev പ്ലാറ്റ്‌ഫോമിലാണ് പഞ്ച് ഇവി പണികഴിപ്പിച്ചിരിക്കുന്നത്.
വരുംദിവസങ്ങളില്‍ ഈ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ഇവികള്‍ വരുന്നത് നമുക്ക് കാണാം. ഈ കലണ്ടര്‍ വര്‍ഷം രണ്ട് ഇലക്ട്രിക് എസ്‌യുവികള്‍ കൂടി അവതരിപ്പിക്കാന്‍ ടാറ്റ പ്ലാന്‍ ചെയ്യുന്നുണ്ട്. കര്‍വ്, ഹാരിയര്‍ ഇവികള്‍ എന്നിവയും പഞ്ച് ഇവിയുടെ അതേ Acti.ev പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇരുഇലക്ട്രിക് എസ്‌യുവികളും 500 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








