AI ക്യാമറയുടേയും കണ്ണു ചിമ്മും! ഒരു സെക്കൻഡിനുള്ളിൽ 96 കി.മീ വേഗതയുമായി ടെസ്‌ല റോഡ്സ്റ്റർ
തലക്കെട്ട് വായിച്ച് വിടൽസ് എന്ന് കരുതി ആരും സ്കിപ്പ് അടിക്കരുത്, മസ്ക്കിനു പറയാനുള്ളതും കൂടെ കേൾക്കണം. തങ്ങളുടെ ടെക്നിക്കൽ മികവു കൊണ്ട് വാഹന ലോകത്ത് വളരെയധികം പ്രശംസ നേടിയ ബ്രാൻഡാണ് ടെസ്‌ല. വളരെ ചുരുക്കം കാലയളവ് കൊണ്ടു തന്നെ ആഗോള തലത്തിൽ വളരാനും കമ്പനിക്കു കഴിഞ്ഞു.
ഇപ്പോൾ കമ്പനി അടുത്തതായി പുറത്തിറക്കാനിരിക്കുന്ന റോഡ്‌സ്റ്ററിനെക്കുറിച്ചുള്ള രസകരമായ നിരവധി വിശദാംശങ്ങൾ ടെസ്‌ലയുടെ സിഇഒ, എലോൺ മസ്‌ക് X -ൽ പങ്കുവെച്ചിരിക്കുകയാണ്. പ്രൊഡക്ഷൻ സ്പെക്ക് ടെസ്‌ല റോഡ്‌സ്റ്റർ ഒരു സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് 1.74 സെക്കൻഡിൽ ഇതേ സ്പീഡ് കൈവരിക്കുന്ന റിമാക് നെവേരയേക്കാൾ വേഗതയുള്ളതാക്കുന്നു.

സ്‌പോർട്‌സ് കാറിൻ്റെ ഏറ്റവും രസകരമായ ഘടകം പോലുമല്ല നമ്മുടെ മനസ്സിനെ ത്രസിപ്പിക്കുന്ന ആക്സിലറേഷൻ സമയം എന്ന് അദ്ദേഹം അവകാശപ്പെട്ടു. റോഡ്‌സ്റ്ററിനെ ഒരു സാധാരണ കാർ എന്ന് വിളിക്കാൻ പോലും കഴിയില്ല എന്ന് മസ്ക് കൂട്ടിച്ചേർത്തു, "നിങ്ങൾക്ക് ഇതിനെ ഒരു കാർ എന്ന് വിളിക്കാൻ കഴിയുമെങ്കിൽ ഇതുപോലെ മറ്റൊരു കാർ ഉണ്ടാകില്ല" എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
റോഡ്‌സ്റ്ററിൻ്റെ റോഡ് ഗോയിംഗ് മോഡൽ ഈ വർഷാവസാനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും, അടുത്ത വർഷം അമേരിക്കയിൽ വാഹനത്തിന്റെ കസ്റ്റമർ ഡെലിവറികൾ ആരംഭിക്കും. 2020 -ൽ തന്നെ പ്രൊഡക്ഷൻ ആരംഭിക്കും എന്ന് അമേരിക്കൻ ഇവി നിർമ്മാതാക്കൾ ആദ്യം പ്രതിജ്ഞ ചെയ്തിരുന്നതിനാൽ ഡെലിവറികൾ വീണ്ടും വൈകി എന്നാണ് ഇതിനർത്ഥം.

ഡിസൈൻ ഗോളുകൾ "സമൂലമായി" വർധിച്ചതായി പറയപ്പെടുന്നു, അവസാന പ്രൊഡക്ഷൻ ഡിസൈൻ അപ്പ്രൂവലിനായി ഇന്നലെ മസ്ക് തന്നെയാണ് സ്ഥിരീകരിച്ചത്. ടെസ്‌ല റോഡ്‌സ്റ്റർ അതിൻ്റെ അവകാശവാദങ്ങൾ നിറവേറ്റുകയാണെങ്കിൽ, ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറായി ഇത് മാറും എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെയില്ല.
2017 അവസാനത്തോടെ, ടെസ്‌ല റോഡ്‌സ്റ്റർ 1.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കും എന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ, എങ്ങനെയാണ് ഈ അവകാശവാദം പകുതിയായി കുറച്ചത്? കൺഫ്യൂഷൻ അടിക്കുകയോ തല പുകയ്ക്കുകയോ വേണ്ട, കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരാം.

അമേരിക്കൻ വാഹന നിർമ്മാതാക്കൾ ഈ റോഡ്സ്റ്ററിൽ വാഗ്ദാനം ചെയ്യുന്ന ഓപ്ഷണൽ സ്പെയ്സ് എക്സ് പാക്കേജിനൊപ്പം, ഇലക്‌ട്രിക് സ്‌പോർട്‌സ് കാറിന് ചുറ്റും വളരെ അനായാസമായി ഘടിപ്പിക്കാവുന്ന പത്തോളം ചെറിയ റോക്കറ്റ് ത്രസ്റ്ററുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ ഇത്തരം കണ്ണഞ്ചിപ്പിക്കുന്ന ആക്‌സിലറേഷൻ കണക്കുകൾ കൈവരിക്കാനാവും എന്നതാണ് ഇതിന് ഉത്തരം.
വാഹനത്തിന്റെ അനാച്ഛാദന ചടങ്ങ് എക്കാലത്തെയും ഏറ്റവും മനസ്സിനെ സ്പർശിക്കുന്ന പ്രൊഡക്ട് ഡെമോ എന്ന നിലയിൽ വളരെ പ്രത്യേകമായിരിക്കും എന്ന് മസ്‌ക് X-ൽ വിവരിച്ചു. ടെസ്‌ല റോഡ്‌സ്റ്ററിനെ അതിൻ്റെ കഴിവുകൾ കാരണം ആളുകൾ സ്വന്തം വീടിനേക്കാൾ കൂടുതൽ സ്നേഹിക്കും എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സമീപകാലത്ത് ആഗോള തലത്തിൽ ഓട്ടോമോട്ടീവ് മേഖലയിൽ അതിർവരമ്പുകൾ നീക്കുന്നതിന് ടെസ്‌ല പ്രശസ്തരാണ്, നിരൂപക പ്രശംസ നേടിയ സൈബർട്രക്കും സമവാക്യത്തിൻ്റെ ഭാഗമായിരുന്നു.

റോഡ്‌സ്റ്ററിനൊപ്പം ടെസ്‌ല പുതിയ മേച്ചിൽ പുറങ്ങളും അതിർവരമ്പുകളും പര്യവേക്ഷണം ചെയ്യുന്നു, ഇത് തികച്ചും വ്യത്യസ്തമായ ഒരു ബോൾ ഗെയിം തന്നെയാണ്. ഇപ്പോൾ പ്രഖ്യാപിച്ച എല്ലാ അവകാശവാദങ്ങളും യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ മസ്കിനും കമ്പനിയ്ക്കും കഴിയുമോ? നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് സെക്ഷനിൽ വ്യക്തമായി രേഖപ്പെടുത്തൂ.


Click it and Unblock the Notifications








