ടെസ്‌ലക്കും ഈ 'ദുര്‍ഗതി' വന്നോ? വണ്ടികളുടെ ഈറ്റില്ലാമായ ഈ രാജ്യത്ത് വിറ്റത് 1 ഇവി മാത്രം
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടെസ്‌ല. അമേരിക്കയിലും ചൈനയിലുമടക്കം ടെസ്‌ലയുടെ കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. എന്നിരുന്നാലും പോയമാസം ടെസ്‌ലയുടെ ഒരു കാര്‍ മാത്രം വിറ്റുപോയ ഒരു കാര്‍ വിപണിയുണ്ട്. അത് ഏതാണെന്നും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും നമുക്ക് നോക്കാം.
ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന ബ്രാന്‍ഡാണ് ടെസ്‌ല. അമേരിക്കന്‍ കമ്പനിയാണെങ്കിലും ഏഷ്യ, യൂറോപ്പ് വന്‍കരയിലും ടെസ്‌ല വന്‍ സാന്നിധ്യമാണ്. ഇപ്പോള്‍ ഈ ലോകോത്തര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന് ഒരു ഏഷ്യന്‍ രാജ്യത്ത് വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്നും വില്‍പ്പനയില്‍ വന്‍ തിരിച്ചടി നേരിട്ടതായും പറയുന്നു. നിരവധി ലോകോത്തര കമ്പനികളുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയാണ് ടെസ്‌ല കാറുകളോട് മുഖംതിരിച്ച് നില്‍ക്കുന്നത്.

ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വില്‍പ്പന ഇടിവാണ് ടെസ്ല നേരിടുന്നത്. ഇതിന് വിവിധ കാരണങ്ങളാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ടെസ്‌ലയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്ന് ചൈനയാണ്. അതുകൊണ്ട് തന്നെ ചൈനയിലെ ഷാങ്ഹായ്‌യില്‍ ടെസ്‌ല ഒരു ജിഗാ ഫാക്ടറി പണിതിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് കാറുകള്‍ കയറ്റി അയക്കുന്നു. കൊറിയയില്‍ വില്‍ക്കുന്ന ടെസ്‌ല കാറുകളും മെയിഡ് ഇന്‍ ചൈനയാണ്.
ഇതുതന്നെയാണ് കൊറിയന്‍ വിപണിയില്‍ ടെസ്‌ല കാറുകളുടെ വില്‍പ്പന ഇടിയാനുള്ള ഒരു പ്രധാന കാരണവും. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ വില്‍പ്പന ഏറ്റവും മോശമായ അളവില്‍ കുറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടെസ്ല കാര്‍ മോഡലായ മോഡല്‍ Y പോലും വലിയ അളവില്‍ വിറ്റുപോയിട്ടില്ലെന്നാണ് നിലവിലെ വിവരം. ഇതുമൂലം കമ്പനി മാത്രമല്ല വാഹനലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

ചൈനീസ് നിര്‍മ്മിത കാറുകള്‍ വാങ്ങാന്‍ ദക്ഷിണ കൊറിയക്കാര്‍ വിമുഖത കാണിക്കുന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരവധി ചൈനീസ് ആപ്പുകള്‍ ഭാരത സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സ്വകാര്യത, ഡേറ്റ ചോര്‍ച്ച, സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ തീരുമാനം. സമാനമായ രീതിയില്‍ ചൈനീസ് നിര്‍മിത ടെസ്‌ല കാറുകള്‍ക്ക് സ്വകാര്യത പ്രശ്‌നങ്ങളുണ്ടെന്ന് കൊറിയക്കാര്‍ ഭയപ്പെടുന്നു. കൊറിയക്കാര്‍ ടെസ്ലയെ ഒഴിവാക്കാനുള്ള മറ്റൊരു കാരണം ഇതാണ്.
അതേസമയം ദക്ഷിണ കൊറിയയില്‍ ടെസ്ല കാറുകള്‍ക്ക് മാത്രമല്ല മൊത്തത്തിലുള്ള ഇവി വില്‍പ്പനയും കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിയോള്‍ കേന്ദ്രീകരിച്ചുള്ള ഗവേഷകനായ ഗാരിസുവും കൊറിയന്‍ വാണിജ്യ മന്ത്രാലയവും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ കൊറിയയിലെ ഇലക്ട്രിക് വാഹന വില്‍പ്പന 80 ശതമാനം കുറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പവും ഉയര്‍ന്ന പലിശ നിരക്കുമാണ് ഇവി വില്‍പ്പന കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്.

ഈ സാഹചര്യത്തില്‍ ജനങ്ങള്‍ തങ്ങളുടെ ചെലവുകള്‍ വലിയ തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. ഇതോടെ പുതിയ കാറുകള്‍ വാങ്ങുന്നത് കുറഞ്ഞതായി പറയപ്പെടുന്നു. ഇത്മാത്രമല്ല ചാര്‍ജിംഗ് ശൃംഖലയടക്കം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും മെച്ചഴെപ്പടാനുള്ളതും വില്‍പ്പനക്ക് തിരിച്ചടിയാകുന്നു. ഇതുമൂലമാണ് 80 ശതമാനത്തോളം വരുന്ന വമ്പന്‍ വില്‍പ്പന ഇടിവ് രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ നേരിടേണ്ടി വന്നത്.
കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ടെസ്‌ലക്ക് കൊറിയയില്‍ മികച്ച വില്‍പ്പന നേടാനായിരുന്നു ആ സ്ഥാനത്താണ് 2024 ജനുവരിയില്‍ ഇവി വില്‍പ്പന വെറും ഒരു യൂണിറ്റില്‍ ഒതുങ്ങിയത്. ടെസ്ലയുടെ മോഡല്‍ Y ദക്ഷിണ കൊറിയക്കാര്‍ക്കിടയില്‍ ഒരു ജനപ്രിയ കാര്‍ മോഡലാണ്. ഇതില്‍ ഒരു യൂണിറ്റ് മാത്രമാണ് കഴിഞ്ഞ ജനുവരിയില്‍ വിറ്റത്. ഈ വാര്‍ത്ത മൊത്തം വിപണിയെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
ഏത് പുത്തന്‍ ഉല്‍പ്പന്നവും വരുമ്പോള്‍ മുന്നും പിന്നും നോക്കാതെ അത് സ്വീകരിക്കാന്‍ മനസ്സ് കാണിക്കുന്ന ഉപഭോക്താക്കള്‍ ഉണ്ട്. ഗാഡ്ജറ്റ്‌സിന്റെ ആയാലും വാഹന വിപണിയിലായാലും ശരി. അത്തരക്കാരായ ആളുകള്‍ നേരത്തെ തന്നെ കൊറിയയില്‍ ഇവികള്‍ വാങ്ങിക്കഴിഞ്ഞതായാണ് ഗവേഷകന്‍ വ്യക്തമാക്കുന്നത്. അതേസമയം മാസ്സ് മാര്‍ക്കറ്റ് ഇപ്പോഴും ഇവികള്‍ സ്വീകരിച്ച് തുടങ്ങുന്നതേയുള്ളൂ.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുകയും പണപ്പെരുപ്പമടക്കം സാധാരണ ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ പോസിറ്റീവായി ഭവിക്കുകയും ചെയ്യുന്നതോടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആഗോളതലത്തില്‍ നല്ല സ്വീകാര്യത ലഭിക്കുന്ന ടെസ്‌ല കാറുകള്‍ ഉടന്‍ ഇന്ത്യയിലും അരങ്ങേറാന്‍ പോകുകയാണ്. ടെസ്‌ലയും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. അമേരിക്കന്‍ ഇവി ഭീമന്‍ ഗുജറാത്തില്‍ ഇവി പ്ലാന്റ് സ്ഥാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനം ഉടന്‍ ഉണ്ടാകും.


Click it and Unblock the Notifications








