ഇന്ത്യയിലെ നമ്പര്‍ 1 കാറായി സ്വന്തം മോഡല്‍! എന്നിട്ടും ടാറ്റ മുതലാളിക്ക് ചിരി വരുന്നില്ല, കാരണമറിയണോ?
എല്ലാ വാഹന നിര്‍മാതാക്കളും 2024 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയില്‍ ചില ട്വിസ്റ്റുകളുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ടോപ് 5 പട്ടികയില്‍ ഇടം നേടിയ ടാറ്റ നെക്സോണ്‍ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് അതില്‍ ഒന്ന്.
എന്നാല്‍ മാരുതി കാറുകളുടെ കുത്തക അവസാനിപ്പിച്ച് തങ്ങളുടെ ഒരു മോഡല്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ആയി മാറിയത് ടാറ്റക്ക് ആശ്വാസമായി. സ്ഥിരക്കാര്‍ക്കൊപ്പം ചില പുതുമുഖങ്ങളും ടോപ് 10 പട്ടികയില്‍ ഇടംപിടിച്ചു. 2024 ഏപ്രിലില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടിക ഞങ്ങളുടെ പട്ടിക ഞങ്ങളുടെ പക്കലുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.

2024 ഏപ്രിലില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയത് മാരുതി ഇക്കോ വാനാണ്. കഴിഞ്ഞ ഏപ്രിലില്‍ ഇക്കോ വാനിന്റെ 12,060 യൂണിറ്റുകളാണ് മാരുതി വിറ്റത്. 2023 ഏപ്രിലില്‍ വില്‍പ്പന വെറും 10,504 യൂണിറ്റ് മാത്രമായിരുന്നു. മാരുതിയുടെ ഏക വാന്‍ കഴിഞ്ഞ മാസം 15 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്.
പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും മറ്റൊരു മാരുതി കാറാണ്. ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ മള്‍ട്ടി പര്‍പ്പസ് വാഹനമായായ എര്‍ട്ടിഗയാണ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തിയത്. 13,544 യൂണിറ്റായിരുന്നു ഇക്കഴിഞ്ഞ ഏപ്രിലില്‍ എര്‍ട്ടിഗയുടെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ 5,532 യൂണിറ്റ് വില്‍പ്പനയില്‍ നിന്നാണ് വമ്പന്‍ വര്‍ധന. നിലവില്‍ വില്‍പ്പനയില്‍ 145 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കാണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. കഴിഞ്ഞ ഏപ്രിലില്‍ ബലേനോയുടെ 14,049 യൂണിറ്റുകളാണ് മാരുതി വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേമാസം പക്ഷേ മാരുതി ബലേനോയുടെ 16,180 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ബലേനോയുടെ വില്‍പ്പനയില്‍ 13 ശതമാനം ഇടിവാണ് നേരിട്ടത്.
2024 ഏപ്രിലില്‍ 14,286 യൂണിറ്റ് വില്‍പ്പനയുമായി മാരുതി ഫ്രോങ്ക്സ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം മാത്രം വിപണിയില്‍ എത്തിയ ഫ്രോങ്ക്സ് നിലവില്‍ ടോപ് 10 പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ്. 2023 ഏപ്രിലില്‍ ഫ്രോങ്ക്സിന് 8,784 യൂണിറ്റ് വില്‍പ്പന മാത്രമാണ് നേടാനായിരുന്നത്. 63 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. സ്‌കോര്‍പിയോ N, ക്ലാസിക് മോഡലുകള്‍ ചേര്‍ത്ത് കഴിഞ്ഞ മാസം മഹീന്ദ്ര 14,807 യൂണിറ്റ് വില്‍പ്പന സ്വന്തമാക്കി. 2023 ഏപ്രിലില്‍ വിറ്റ 9617 കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന 54 ശതമാനം വര്‍ധിച്ചു. 7 പേര്‍ക്ക് വരെ പോകാവുന്ന ഒരു ഫാമിലി കാറായി സ്‌കോര്‍പിയോ ആളുകള്‍ പരിഗണിക്കാന്‍ തുടങ്ങിയത് വളര്‍ച്ചക്ക് കാരണമായി എന്ന് തോന്നുന്നു.
പട്ടികയില്‍ അഞ്ചാം സ്ഥാനത്തും ഒരു എസ്‌യുവിയാണ്. 15,447 യൂണിറ്റ് വില്‍പ്പനയുമായി ഹ്യുണ്ടായി ക്രെറ്റ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ മിഡ്സൈസ് എസ്‌യുവിയെന്ന സ്ഥാനവും നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 14,186 ക്രെറ്റ കാറുകളായിരുന്നു കൊറിയന്‍ കമ്പനി വിറ്റത്. ഈ വര്‍ഷം ജനുവരിയില്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത് വില്‍പ്പനയില്‍ 9 ശതമാനം വര്‍ധനവ് കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്.
| Rank | Top Cars | Apr-24 | Apr-23 | Growth (%) YoY |
| 1 | Tata Punch | 19,158 | 10,934 | 75 |
| 2 | Maruti Wagonr | 17,850 | 20,879 | -15 |
| 3 | Maruti Brezza | 17,113 | 11,836 | 45 |
| 4 | Maruti Dzire | 15,825 | 10,132 | 56 |
| 5 | Hyundai Creta | 15,447 | 14,186 | 9 |
| 6 | Mahindra Scorpio | 14,807 | 9,617 | 54 |
| 7 | Maruti Fronx | 14,286 | 8,784 | 63 |
| 8 | Maruti Baleno | 14,049 | 16,180 | -13 |
| 9 | Maruti Ertiga | 13,544 | 5,532 | 145 |
| 10 | Maruti Eeco | 12,060 | 10,504 | 15 |
മാരുതി സുസുക്കിയുടെ ഡിസയര്‍ സെഡാന്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഈ ലിസ്റ്റിലെ ഏക സെഡാന്‍ മോഡല്‍ കൂടിയാണിത്. 2023 വര്‍ഷം ഏപ്രിലില്‍ ഡിസയറിന്റെ 10,132 യൂണിറ്റ് മാത്രം വില്‍ക്കാന്‍ സാധിച്ചിരുന്ന മാരുതി കഴിഞ്ഞ മാസം ഡിസയറിന്റെ 15825 യൂണിറ്റുകളാണ് ഡെലിവറി ചെയ്തത്. വില്‍പ്പനയില്‍ 56 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മാരുതിയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2024 ഏപ്രിലില്‍ മാത്രം 17,113 ബ്രെസ കാറുകളാണ് മാരുതി വിറ്റത്. അതേസമയം 12 മാസം മുമ്പ് 11,836 യൂണിറ്റ് മാത്രമായിരുന്നു ബ്രെസയുടെ വില്‍പ്പന. നിലവില്‍ വില്‍പ്പനയില്‍ 45 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഏറെ നാളായി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറെന്ന പദവി കൈയ്യടക്കി വെച്ചിരുന്ന മാരുതി വാഗണ്‍ആറിന് കഴിഞ്ഞ മാസം സ്ഥാനം നഷ്ടമായിരുന്നു. ഇക്കുറിയും ടോള്‍േബായ് ഹാച്ച് നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. 2024 ഏപ്രിലില്‍ 17,850 വാഗണ്‍ആര്‍ കാറുകളാണ് മാരുതി വിറ്റത്. 2023 ഏപ്രിലില്‍ 20,879 യൂണിറ്റായിരുന്നു വില്‍പ്പന. 15 ശതമാനമാണ് ഇടിവ്.
കുറച്ച് പേരെങ്കിലും ഒന്നാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഊഹിച്ചിട്ടുണ്ടാകും. അതെ, 2024 മാര്‍ച്ചിന് പിന്നാലെ ഏപ്രിലിലും ടാറ്റ പഞ്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി. കഴിഞ്ഞ മാസം 19,158 പഞ്ച് കാറുകളാണ് ടാറ്റ വിറ്റഴിച്ചത്. 2023 ഏപ്രിലില്‍ വിറ്റ 10,934 യൂണിറ്റിനെ അപേക്ഷിച്ച് വില്‍പനയില്‍ 75 ശതമാനമാണ് വര്‍ധന. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പതിപ്പുകള്‍ ചേര്‍ത്താണ് പഞ്ചിന്റെ വില്‍പ്പന. ഈ വര്‍ഷമാണ് പഞ്ച് ഇവി വിപണിയില്‍ എത്തിയത്.


Click it and Unblock the Notifications








