മാരുതിക്ക് കാര്‍ വില്‍ക്കാന്‍ 'ബലം' വേണ്ട 'ബലേനോ' മതി! സേഫ്റ്റി പൂജ്യമായിട്ടും വിറ്റത് 20000-ത്തിനടുത്ത്
എസ്‌യുവികള്‍ക്കുള്ള മികച്ച ഡിമാന്‍ഡ് വണ്ടിക്കമ്പനികള്‍ക്ക് 2024 ഹാപ്പി ന്യൂ ഇയര്‍ ആക്കി മാറ്റിയിട്ടുണ്ട്. 2 ലക്ഷം യൂണിറ്റിനടുത്ത് വില്‍പ്പനയുമായി മാരുതി സുസുക്കി തന്നെയാണ് കാര്‍ കമ്പനികളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളുടെ ടോപ് 10 പട്ടികയെടുത്താല്‍ അതില്‍ ഏഴും മാരുതി കാറുകളാണ്.
ടാറ്റയുടെ രണ്ട് മോഡലുകളും മഹീന്ദ്രയുടെ ഒരു മോഡലും ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ മികച്ച 10 കാറുകളുടെ പട്ടിക നോക്കുമ്പോള്‍ സ്ഥിരക്കാരെല്ലാം ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുടണ്ട്. ചില പുത്തന്‍ താരേദയങ്ങളുടെ വരവോടെ ഹ്യുണ്ടായി ക്രെറ്റയെ പോലുള്ള മോഡലുകള്‍ ടോ 10 പട്ടികയില്‍ നിന്ന് പുറത്തായി. 2024 ജനുവരിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ്.

2023 ജനുവരിയില്‍ വിറ്റ 16,357 യൂണിറ്റുകളെ അപേക്ഷിച്ച് 20.01 ശതമാനം വര്‍ധിച്ച് 19,630 യൂണിറ്റായിരുന്നു പോയമാസത്തെ ബലേനോയുടെ വില്‍പ്പന. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 0 സ്റ്റാര്‍ റേറ്റിംഗ് നേടിയ ഒരു കാറാണ് പ്രതിമാസം 20000 യൂണിറ്റിനടുത്ത് വില്‍പ്പന നേടുന്നതെന്നോര്‍ക്കണം. രണ്ടാം സ്ഥാനത്തിന്റെ കാര്യത്തില്‍ ചെറിയൊരു ട്വിസ്റ്റുണ്ട്. കഴിഞ്ഞ വര്‍ഷം വമ്പന്‍ അപ്‌ഡേറ്റുമായി എത്തിയ നെക്‌സോണിനെ പിന്തള്ളി അനിയന്‍ പഞ്ച് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തി.
2024 ജനുവരിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ എസ്‌യുവി കൂടിയാണ് പഞ്ച്. മുന്‍വര്‍ഷവുമായി അപേക്ഷിച്ച് വില്‍പ്പന 49.01 ശതമാനം വര്‍ധിച്ച് 17,978 യൂണിറ്റായി. അടുത്തിടെ വിപണിയിലെത്തിയ പഞ്ച് ഇവിയാണ് മൈക്രോ എസ്‌യുവിയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് അനുമാനിക്കാം. 17,756 യൂണിറ്റ് വില്‍പ്പനയുമായി മാരുതി വാഗണ്‍ആറാണ് മൂന്നാം സ്ഥാനത്ത്. 2022 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 13.24 ശതമാനം അല്ലെങ്കില്‍ 2710 യൂണിറ്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

മാരുതിയുടെ അരീന മോഡലിന് നിലവില്‍ മികച്ച കിഴിവുകള്‍ വാഗദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ഫെബ്രുവരിയില്‍ വില്‍പ്പന കൂടുമെന്ന് പ്രതീക്ഷിക്കാം. ടാറ്റ നെക്സോണ്‍ 2024 ജനുവരിയില്‍ 10.37 ശതമാനം വളര്‍ച്ചയോടെ 17,182 യൂണിറ്റ് വിറ്റ് 4-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ നെക്‌സോണിന്റെ 15,567 യൂണിറ്റായിരുന്നു വിറ്റുപോയത്. വളര്‍ച്ച 10.37 ശതമാനമാണ്.
പട്ടികയിലെ മൂന്നാമത്തെ മാരുതി മോഡല്‍ സ്വിഫ്റ്റ് ഡിസയറാണ്. 2023 ജനുവരിയില്‍ വിറ്റ 11,317 യൂണിറ്റുകളില്‍ നിന്ന് 2024 ജനുവരിയില്‍ വില്‍പ്പന 16,773 യൂണിറ്റുകളായി ഉയര്‍ത്തി 48.21 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഡിസയര്‍ സെഡാന്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. മാരുതിയുടെ ചെറുകാറുകള്‍ക്ക് കഴിഞ്ഞ ഏതാനും നാളുകളായി വില്‍പ്പന ഇടിവാണ്. അത് ഹാച്ച്ബാക്കായ സ്വിഫ്റ്റിനെയും ബാധിച്ചു.

സ്വിഫ്റ്റിന്റെ വില്‍പ്പന 2023 ജനുവരിയില്‍ വിറ്റ 16,440 യൂണിറ്റുകളില്‍ നിന്ന് 15,370 യൂണിറ്റായി കുറഞ്ഞു. 6.51 ശതമാനമാണ് ഇടിവ്. സബ് 4 മീറ്റര്‍ എസ്‌യുവിയായ മാരുതി ബ്രെസ 15,303 യൂണിറ്റ് വില്‍പ്പനയുമായി ഏഴാം സ്ഥാനത്തുണ്ട്. 2023 ജനുവരിയേക്കാള്‍ 944 ബ്രെസ കാറുകള്‍ കഴിഞ്ഞ മാസം അധികമായി മാരുതി വിതരണം ചെയ്തു. യൂടിലിറ്റി വാഹന വിഭാഗത്തിന്റെ വളര്‍ച്ചയുടെ സാക്ഷ്യമായി മാരുതി എര്‍ട്ടിഗ വന്‍ വില്‍പ്പന നേടി.
2023 ജനുവരിയില്‍ വിറ്റ 9,750 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം എര്‍ട്ടിഗയുടെ വില്‍പ്പന 14,632 യൂണിറ്റായി ഉയര്‍ന്നു. 50.07 ശതമാനം പുരോഗതിതിയാണ് കൈവരിച്ചത്. പട്ടികയിലെ ഏക മഹീന്ദ്ര മോഡലായ സ്‌കോപിയോ ഒമ്പതാം സ്ഥാനത്താണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്‌കോര്‍പിയോ റേഞ്ചിന്റെ വില്‍പ്പന 65 ശതമാനമാണ് കൂടിയത്. 2024 ജനുവരിയില്‍ സ്‌കോര്‍പിയോയുടെ 14,293 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 2023 ജനുവരിയില്‍ ആകെ 8,715 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റിരുന്നത്.

ഇതില്‍ സിംഹഭാഗവും സ്‌കോര്‍പിയോ N എസ്‌യുവിയുടെ സംഭാവനയാണ്. 2022 ജൂലൈയില്‍ ലോഞ്ച് ചെയ്ത സ്‌കോര്‍പിയോ N അടുത്തിടെ 1 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ശേഷം ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗമായി മാറിയ മാരുതി ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവിയാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. 2024 ജനുവരിയില്‍ ബലേനോ അടിസ്ഥാനമാക്കിയുള്ള കാറിന്റെ 13,643 യൂണിറ്റുകളാണ് മാരുതി വിതരണം ചെയ്തത്.


Click it and Unblock the Notifications