പഞ്ച് അഞ്ചിലേക്ക്! വമ്പന്‍മാരെ നോക്കുകുത്തിയാക്കി നമ്പര്‍ 1 കിരീടം റാഞ്ചി മാരുതി കാര്‍
ഓഗസ്റ്റ് മാസം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുകയും വാങ്ങിച്ച് കൂട്ടുകയും ചെയ്ത കാറുകള്‍ ഏതാണെന്ന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം അതായത് 2024 ഓഗസ്റ്റില്‍ ആധിപത്യം പുലര്‍ത്തിയ 10 കാറുകളില്‍ ആറ് മോഡലുകളുമായി മാരുതി സുസുക്കിയുടെ സമഗ്രാധിപത്യമാണ്. ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര മോഡലുകള്‍ പട്ടികയില്‍ സാന്നിധ്യമറിയിച്ചു. ഇതുവരെ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഒന്നാം സ്ഥാനത്തായിരുന്ന മാരുതി ഇപ്പോള്‍ എസ്‌യുവി വിഭാഗത്തിലും ഒന്നാം സ്ഥാനത്തെത്തി എന്നതാണ് പോയ മാസത്തെ പ്രത്യേകത. 2024 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ 10 കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
2024 ഓഗസ്റ്റില്‍ 52.68 ശതമാനം വില്‍പ്പന വര്‍ധനയോടെ ടാറ്റ നെക്സോണ്‍ മികച്ച പ്രകടനം നടത്തി പട്ടികയില്‍ അവസാന സ്ഥാനത്തെത്തി. നെക്സോണിന്റെ ഇലക്ട്രിക് ഐസിഇ പതിപ്പുകള്‍ ചേര്‍ത്ത് ഈ വര്‍ഷം ഓഗസ്റ്റില്‍ മൊത്തം 12,289 യൂണിറ്റ് വില്‍പ്പന നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 8,049 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മാരുതിയുടെ ഹിറ്റ് മോഡലാണ് ഫ്രോങ്ക്സ്. സ്ഥിരമായി ടോപ് 10 കാറുകളുടെ പട്ടികയില്‍ ഇടംപിടിക്കാറുള്ള ഫ്രോങ്ക്സ് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ക്രോസ്ഓവര്‍ കൂപ്പെ പട്ടികയില്‍ ഒമ്പതാമതാണ്. കഴിഞ്ഞ വര്‍ഷത്തെ 12,164 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വര്‍ഷം ഓഗസ്റ്റില്‍ 12,387 യൂണിറ്റ് ഫ്രോങ്ക്സ് മാരുതി വിറ്റു. 1.83 ശതമാനമാണ് വളര്‍ച്ച.
നിരവധി മോഡലുകള്‍ വളര്‍ച്ച കൈവരിച്ചപ്പോള്‍ മാരുതിയുടെ ജനപ്രിയ മോഡലുകളായ സിഫ്റ്റും ബലേനോയും വില്‍പ്പന കണക്കുകളില്‍ ശ്രദ്ധേയമായ ഇടിവ് നേരിട്ടു. മാരുതിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ വില്‍പ്പന പോയമാസം 32.57 ശതമാനമാണ് ഇടിഞ്ഞത്. 2023 ഓഗസ്റ്റില്‍ ബലേനോയുടെ വില്‍പ്പന 18,516 യൂണിറ്റായിരുന്നു. അതേസമയം കഴിഞ്ഞമാസം 12,485 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന.
പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള മാരുതി സ്വിഫ്റ്റിന്റെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 31.14 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 18,653 യൂണിറ്റായിരുന്നു വില്‍പ്പന. ഈ വര്‍ഷം മെയില്‍ പുതുതലമുറ മോഡല്‍ വിപണിയിലെത്തിച്ചിട്ടും ഓഗസ്റ്റില്‍ സ്വിഫ്റ്റിന് 12,844 യൂണിറ്റ് മാത്രമാണ് നേടാനായത്.
മഹീന്ദ്ര സ്‌കോര്‍പിയോ റേഞ്ചാണ് സ്വിഫ്റ്റിന്റെ തൊട്ട് മുകളിലുള്ളത്. മഹീന്ദ്ര സ്‌കോര്‍പിയോയും സ്‌കോര്‍പിയോ N എസ്‌യുവിയും പോയമാസം 39.29 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 9,898 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇരു എസ്‌യുവികളും ചേര്‍ത്ത് 13,787 യൂണിറ്റുകളാണ് വിറ്റത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന പട്ടം നേടിയിരുന്ന ടാറ്റ പഞ്ച് ഇക്കുറി അഞ്ചാം സ്ഥാനത്തേക്ക് വീണു. റാങ്കിംഗില്‍ ഇടിവുണ്ടായിട്ടും ടാറ്റ പഞ്ചും അതിന്റെ ഇലക്ട്രിക് വേരിയന്റും മികച്ച പ്രകടനം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ 14,523 യൂണിറ്റുകളില്‍ നിന്ന് 2024 ഓഗസ്റ്റില്‍ വില്‍പ്പന 7.71 ശതമാനം വര്‍ധിച്ച് 15,643 യൂണിറ്റിലെത്തി.
5.60 ശതമാനം വില്‍പ്പന വര്‍ധനയോടെ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി മാരുതി വാഗണ്‍ആര്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 2024 ഓഗസ്റ്റില്‍ 16,450 യൂണിറ്റ് വാഗണ്‍ആറുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. ഒരു വര്‍ഷം മുമ്പ് ഇതേ മാസം വില്‍പ്പന 15,578 യൂണിറ്റായിരുന്നു. ടോള്‍ബോയ് ഹാച്ചിന്റെ 872 യൂണിറ്റുകളാണ് അധികം വിറ്റത്.
2024 ഓഗസ്റ്റില്‍ 16,762 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹ്യുണ്ടായി ക്രെറ്റ മൂന്നാം സ്ഥാനത്തെത്തി. മിഡ്സൈസ് എസ്‌യുവി വിഭാഗത്തിലെ ഒന്നാമനായ ക്രെറ്റ അതിന്റെ വിപണി സാന്നിധ്യം നിലനിര്‍ത്തി. 2023 ഓഗസ്റ്റില്‍ 13,832 യൂണിറ്റിനെ അപേക്ഷിച്ച് 21.18 ശതമാനം വാര്‍ഷിക വര്‍ധനവോടെ 2,930 യൂണിറ്റ് അധികം വിതരണം ചെയ്തു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ കാര്‍ മോഡല്‍ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമാണ്. ടോപ് 10 കാറുകളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയതും മാരുതിയുടെ ജനപ്രിയ മോഡലായ എര്‍ട്ടിഗയാണ്. 2024 ഓഗസ്റ്റില്‍ എര്‍ട്ടിഗ വില്‍പ്പനയില്‍ 50.87 ശതമാനം വര്‍ധന നേടി. മുന്‍ വര്‍ഷം വിറ്റ 12,315 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം എര്‍ട്ടിഗയുടെ വില്‍പ്പന 18,580 യൂണിറ്റായി ഉയര്‍ന്നു. വോളിയം വര്‍ധന 6,265 യൂണിറ്റാണ്.

2024 ഓഗസ്റ്റില്‍ മാരുതി ബ്രെസ സബ് കോംപാക്ട് എസ്‌യുവിയാണ് ഇന്ത്യന്‍ കാര്‍ വിപണിയെ നയിച്ചത്. മുമ്പ് പലതവണ വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിലും ഓഗസ്റ്റില്‍ വിറ്റ അത്രയും അളവില്‍ മുമ്പ് ബ്രെസ വിറ്റിട്ടില്ല. മാരുതിയുടെ മാത്രമല്ല ഇന്ത്യയില്‍ പോയ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറും എസ്‌യുവിയും ബ്രെസയാണ്. 2024 ഓഗസ്റ്റില്‍ ബ്രെസ 19,190 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്.
2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 31.69 ശതമാനമാണ് വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 4,618 യൂണിറ്റുകള്‍ അധികം വില്‍ക്കാനായി. വിവിധ മോഡലുകളിലുടനീളമുള്ള ശക്തമായ പ്രകടനമാണ് ഓഗസ്റ്റില്‍ ദൃശ്യമായത്. ഈ മാസം ഓണമടക്കം നിരവധി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വില്‍പ്പന ഇനിയും കൂടും. ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മോഡല്‍ ഏതാണെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








